കൊച്ചി: ദുല്‍ഖര്‍ ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബിജോയ് നമ്പ്യാരുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ “സോളോ”യെന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. എന്നാല്‍ പ്രതീക്ഷകളെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു ചിത്രം പുറത്തിറങ്ങിയതും ആരാധകര്‍ ചിത്രത്തെ വരവേറ്റതും.
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ചിത്രത്തിന്റെ സംവിധായകന്റെ സമ്മതമില്ലാതെ ക്ലൈമാക്‌സ് മാറ്റിയെന്ന വാര്‍ത്തയാണ് ഇന്നലെ പുറത്ത് വന്നത്. തന്റെ സമ്മതമില്ലാതെയാണ് വെട്ടിമാറ്റല്‍ എന്നു വ്യക്തമാക്കി സംവിധായകന്‍ വ്യക്തമാക്കിയതിന് പിന്നാലെ ചിത്രത്തിന്റെ കഥമാറ്റിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഞാന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പവും അദ്ദേഹത്തിന്റെ ആഖ്യാനത്തോടൊപ്പവും മാത്രം നില്‍ക്കുകയാണെന്നും സിനിമയുമായി ബന്ധമില്ലാത്തവര്‍ വെട്ടിച്ചുരുക്കുകയോ മാറ്റിമറിയ്ക്കുകയോ ചെയ്യുന്നത് സിനിമയെ കൊല്ലുന്നതിന് തുല്ല്യമാണെന്നും പറയുന്ന താരം ദയവു ചെയ്ത് അത് ചെയ്യരുതെന്ന് അപേക്ഷിക്കുകയാണെന്നും പോസ്റ്റിലൂടെ പറയുന്നു.
സോളോ കണ്ടശേഷം ഒരു കുറിപ്പെഴുതണമെന്ന് താന്‍ കരുതിയതാണെന്ന് പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില്‍ ചിത്രത്തിന് താന്‍ കരുതിയതിനേക്കാള്‍ എത്രയോ നന്നായിരിക്കുന്നു എന്നു പറയുന്ന താരം ചിത്രത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് താന്‍ സമ്മതിക്കുന്നതായും പറയുന്നു. “എങ്കിലും ഞാന്‍ പരിപൂര്‍ണമായി ചിത്രത്തെ സ്‌നേഹിക്കുന്നു. അതിന്റെ ഒറിജിനല്‍ പതിപ്പിനെ. സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ യാഥാര്‍ഥമാക്കിയ പതിപ്പിനെ.” താരം പറയുന്നു.
“സോളോയെ പോലുള്ള ചിത്രങ്ങള്‍ അഭിനേതാക്കളുടെ സ്വപ്നമാണ്. ഈ ചിത്രത്തിനുവേണ്ടി ഞാന്‍ എന്റെ ഹൃദയവും ആത്മാവും നല്‍കിയിരിക്കുകയാണ്. ഞങ്ങള്‍ ചോര നീരാക്കിയാണ് ഇത്രയും കുറഞ്ഞൊരു ബജറ്റില്‍ ഇങ്ങനെയൊരു ചിത്രം യാഥാര്‍ഥ്യമാക്കിയത്. ഇതുപോലെയുള്ള, ഞാന്‍ വിശ്വാസം അര്‍പ്പിക്കുന്ന, വ്യത്യസ്തമായ ചിത്രങ്ങള്‍ക്കുവേണ്ടി ഇങ്ങനെ വീണ്ടും അധ്വാനിക്കാനും ആത്മസമര്‍പ്പണം നടത്താനും ഞാന്‍ ഒരുക്കമാണ്.”
സോളോ ചാര്‍ലിയെയോ ബാംഗ്ലൂര്‍ ഡെയ്‌സിനെയോ പോലുള്ള ചിത്രമല്ലെന്ന് ആള്‍ക്കാര്‍ എന്നോട് പറയാറുണ്ട്. എന്തു കൊണ്ടാണ് ഈ ചിത്രം ചെയ്തതെന്ന് പലരും എന്നോട് ചോദിച്ചു. ഇത് ഒഴിവാക്കാമായിരുന്നില്ലെ എന്നും ചിലര്‍ ചോദിച്ചു. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ അനാവശ്യമാണെന്നാണ് ചിലര്‍ പറഞ്ഞത്. നിങ്ങള്‍ക്ക് അറിയുമോ ഇതുകൊണ്ടൊക്കെ തന്നെയാണ് ഞാന്‍ ഇതില്‍ അഭിനയിച്ചത്. വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ് എനിക്ക് ആഗ്രഹം.”
തന്റെ ഇഷ്ടഭാഗമായ രുദ്രയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങളോടും താരം മനസ് തുറന്നു. രുദ്രയെ കൂവുന്നത് ഹൃദയം തകര്‍ക്കുകയാണെന്നാണ് താരം പറയുന്നത്.
“സോളോയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാക്കായ രുദ്രയുടെ കഥയെ ആളുകള്‍ കളിയാക്കുകയും കൂവുകുയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. എല്ലാവരും ആവേശത്തോടെയാണ് ഈ ചിത്രം ചെയ്തത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ഹാസ്യത്തിലൂടെ ഏറ്റവും മികച്ച രീതില്‍ അത് പറയണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതുകൊണ്ട് കൃത്രിമമായ ഹാസ്യമാണെന്ന് ആളുകള്‍ പറയുമ്പോള്‍ എനിക്കത് മനസ്സിലാവുന്നില്ല.
സുഹാസിനിക്കൊപ്പമുള്ള സീന്‍ തന്റെ കരിയറിലെ തന്നെ മികച്ച സീനുകളില്‍ ഒന്നാണെന്നും വളരെയാസ്വദിച്ചാണ് അതില്‍ അഭിനയിച്ചതെന്നും പറയുന്ന താരം അതിന്റെ ഡബ്ബിങ് മനോഹരമായിരുന്നെന്നും പറയുന്നു.
“ഞങ്ങള്‍ ലക്ഷ്യമിട്ടത് ഡാര്‍ക് കോമഡി തന്നെയായിരുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാവാത്തതു കൊണ്ട് അതിനെ തിയേറ്ററില്‍ കളിയാക്കുന്നതും കൂവുന്നതും മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതും മോശമായി ചിത്രീകരിക്കുന്നതും അതിനെ കൊല്ലുന്നതിന് തുല്യമാണ്.”
“അത് ഞങ്ങളുടെ ഹൃദയവും മനസ്സും തകര്‍ക്കുകയാണ്. ഇത്രയും കാലം നല്‍കിയ സകല ആത്മധൈര്യവും തകര്‍ക്കുകയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്. ദയവു ചെയ്ത് സോളോയെ കൊല്ലരുത്. അതിന്റെ പ്രദര്‍ശനം തുടരട്ടെ. തുറന്ന മനസ്സോടെ കണ്ടാല്‍ അത് നന്നായി ഓടും.”
“ഞാന്‍ ബിയോജയ് നമ്പ്യാര്‍ക്കൊപ്പമാണ്. അയാളുടെ ആഖ്യാനത്തിനൊപ്പമാണ്. അതുമായി ഒരു ബന്ധവുമില്ലാത്തവര്‍ വെട്ടുന്നതും സീനുകള്‍ മാറ്റിമറിക്കുന്നതും അതിനെ കൊല്ലാനേ സഹായിക്കൂ.” താരം പറയുന്നു.