| Wednesday, 27th July 2022, 2:23 pm

വാപ്പച്ചി ചെറുപ്പത്തിലെനിക്ക് റിമോട്ട് കാറെല്ലാം വാങ്ങിച്ച് കൊണ്ടുവരും, എന്നിട്ട് വാപ്പച്ചി തന്നെ കളിക്കും; ഇപ്പോഴാണ് അതിന്റെ കാരണം മനസിലായത്: ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടേയും ദുല്‍ഖര്‍ സല്‍മാന്റെയും വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ കൗതുകമാണ്. ദുല്‍ഖര്‍ നായകനായെത്തുന്ന സീതാരാമം റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യഗ്ലിറ്റ്സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍.

കുട്ടികാലത്തെ ചില ഓര്‍മകളാണ് അദ്ദേഹം പങ്കുവെച്ചത്.  വാപ്പച്ചി റിമോട്ട് കാറുകളൊക്കെ വാങ്ങിത്തരുമായിരുന്നെന്നും എന്നാല്‍ അത് അദ്ദേഹത്തിന് കളിക്കാന്‍ വേണ്ടിയായിരുന്നെന്നും രസകരമായി പറയുകയാണ് ദുല്‍ഖര്‍.

ചെറുപ്പത്തില്‍ മമ്മൂട്ടി വാങ്ങിത്തന്ന കളിപ്പാട്ടങ്ങള്‍ ഓര്‍മ്മയുണ്ടോ എന്നതായിരുന്നു ദുല്‍ഖറിനോട് അവതാരകന്‍ ചോദിച്ച ചോദ്യം.

‘കുട്ടികാലത്ത് വാപ്പച്ചി കളിപ്പാട്ടങ്ങള്‍ വാങ്ങിത്തന്നത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്. നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും കുട്ടിയാവാനുള്ള ലൈസന്‍സാണ് കിട്ടുന്നത്. വാപ്പച്ചി എനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി തരുമായിരുന്നു. പക്ഷെ അതെനിക്ക് വേണ്ടിയായിരുന്നില്ല, അദ്ദേഹത്തിന് കളിക്കാനായിരുന്നു.

എനിക്ക് ട്രാക്കിലൂടെ ഓടിക്കാന്‍ പറ്റുന്ന റിമോട്ട് കാര്‍ ഒക്കെ വാങ്ങിച്ച് കൊണ്ടുവരും. എന്നിട്ട് വാപ്പച്ചി തന്നെ അതൊക്കെ സെറ്റ് ചെയ്ത് ഓടിച്ച് കളിക്കും. ഇത് എനിക്ക് വേണ്ടി തന്നെയല്ലേ വാങ്ങിയതെന്ന് ഞാന്‍ ചോദിക്കും ( ചിരിക്കുന്നു ).

എന്റെ മകള്‍ മറിയത്തിന് എന്തെങ്കിലും കളിപ്പാട്ടം വാങ്ങാന്‍ പോകുമ്പോഴും ഞാന്‍ ഇങ്ങനെ ചെയ്യാറുണ്ട്. കാര്‍ സെലക്ട് ചെയ്യാന്‍ അവളോട് പറയും. കാരണം എനിക്ക് കാര്‍ ഇഷ്ടമാണ്. വാങ്ങിയാല്‍ എനിക്കും ഓടിച്ച് കളിക്കാലോ. എല്ലാ പാരന്റ്‌സും ഇങ്ങനെ ചെയ്യാറുണ്ട് എന്നാണെനിക്ക് തോന്നുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സീതാരാമത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ആഗസ്റ്റ് അഞ്ചിനാണ് സീതാരാമം തിയേറ്ററുകളില്‍ എത്തുന്നത്. ലോകമെമ്പാടും വലിയ റിലീസാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഫ്രീന്‍ എന്നാണ് രശ്മികയുടെ കഥാപാത്രത്തിന്റെ പേര്.

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight: Dulqar Salman shares his child hood memories with Mammootty

We use cookies to give you the best possible experience. Learn more