| Thursday, 5th September 2024, 4:29 pm

ആരില്ലെങ്കിലും ഇവന്‍ ഉറപ്പായും ഇന്ത്യന്‍ ടീമിലുണ്ടാകും; ഐതിഹാസികം എന്നെല്ലാതെ ഈ ചെറുത്തുനില്‍പിനെ എങ്ങനെ വിശേഷിപ്പിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിലേക്ക് കടക്കും മുമ്പ് ആഭ്യന്തര ടൂര്‍ണമെന്റുകളുടെ തിരക്കിലാണ് ഇന്ത്യന്‍ താരങ്ങള്‍. സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ ഇടം നേടിയ താരങ്ങളടക്കം നിലവില്‍ ദുലീപ് ട്രോഫിയുടെ ഭാഗമാണ്.

വ്യാഴാഴ്ച ആരംഭിച്ച ടൂര്‍ണമെന്റില്‍ രണ്ട് മത്സരങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ എ ഇന്ത്യ ബിയെ നേരിടുമ്പോള്‍ ആനന്ത്പൂരില്‍ ഇന്ത്യ സി-യും ഇന്ത്യ ഡി-യും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.

ഋതുരാജ് ഗെയ്ക്വാദിന്റെയും ശ്രേയസ് അയ്യരിന്റെയും ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഇന്ത്യ സി – ഇന്ത്യ ഡി പോരാട്ടത്തിനായി ആരാധകര്‍ കാത്തിരുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ സി നായകന്‍ ഗെയ്ക്വാദ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സി-ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ടീം സ്‌കോര്‍ 50 കടക്കും മുമ്പ് തന്നെ ആറ് വിക്കറ്റുകള്‍ വീണാണ് ഇന്ത്യ സി നിലയില്ലാ കയത്തിലേക്ക് മുങ്ങി താഴ്ന്നത്.

എന്നാല്‍ മുങ്ങിമരിക്കുന്നവന് ലഭിച്ച കച്ചിത്തുരുമ്പായിരുന്നു സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍. ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ ടീമിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവീണപ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ച് കളിച്ചാണ് അക്‌സര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ ടീമിന്റെ ക്രൈസിസ് മാനായി ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാറുകയായിരുന്നു.

ഏഴാം നമ്പറിലിറങ്ങി അര്‍ധ സെഞ്ച്വറി നേടിയാണ് അക്‌സര്‍ ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.

താരം അര്‍ധ സെഞ്ച്വറി നേടിയ രീതിയും ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. വ്യക്തിഗത സ്‌കോര്‍ 37ല്‍ നില്‍ക്കവെ മാനസ് സുതറിനെതിരെ തുടര്‍ച്ചയായ മൂന്ന് പന്തില്‍ രണ്ട് സിസ്‌കറും ഒരു ഫോറും നേടിയാണ് അക്‌സര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

മികച്ച രീതിയില്‍ ബാറ്റ് വീശി സെഞ്ച്വറിയിലേക്ക് നീങ്ങിയ അക്‌സര്‍ 86 റണ്‍സില്‍ പുറത്താവുകയായിരുന്നു. ആറ് സിക്‌സറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഒരു തകര്‍പ്പന്‍ സിക്‌സറിന് ശ്രമിക്കവെ ബൗണ്ടറി ലൈനിന് സമീപം മാനവ് സുതറിന് ക്യാച്ച് നല്‍കിയാണ് അവസാന വിക്കറ്റായി അക്‌സര്‍ പുറത്തായത്.

ആദ്യ ഇന്നിങ്‌സില്‍ 164 റണ്‍സിന് ഇന്ത്യ ഡി പുറത്തായി. ഇന്ത്യ സി-ക്കായി വൈശാഖ് വിജയ്കുമാര്‍ മൂന്ന് താരങ്ങളെ തിരിച്ചയച്ചു. ഹിമാന്‍ഷു മനോജ് ചൗഹാനും അന്‍ഷുല്‍ കാംബോജും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹൃതിക് ഷോകീനും മോനവ് സുതറും ഓരോ വിക്കറ്റ് വീതവും നേടി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സി-ക്കും തുടക്കം പാളി. ടീം സ്‌കോര്‍ 50 കടക്കും മുമ്പ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇന്ത്യ ഡി തിരിച്ചടിച്ചത്.

ക്യാപ്റ്റന്‍ ഗെയ്ക്വാദ് (19 പന്തില്‍ അഞ്ച്), സായ് സുദര്‍ശന്‍ (16 പന്തില്‍ ഏഴ്), ആര്യന്‍ ജുയാല്‍ (35 പന്തില്‍ 13), രജത് പാടിദാര്‍ (ഒമ്പത് പന്തില്‍ നാല്) എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.

നിലവില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍ 49ന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ സി. ഒമ്പത് പന്തില്‍ നാല് റണ്‍സുമായി ബാബ ഇന്ദ്രജിത്തും 11 പന്തില്‍ നാല് റണ്‍സുമായി അഭിഷേക് പോരലുമാണ് ക്രീസില്‍.

ഇന്ത്യ സി പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ആര്യന്‍ ജുയാല്‍, രജത് പാടിദാര്‍, ബാബ ഇന്ദ്രജിത്ത്, അഭിഷേക് പോരല്‍ (വിക്കറ്റ് കീപ്പര്‍), ഹൃതിക് ഷോകീന്‍, വൈശാഖ് വിജയ്കുമാര്‍, മാനവ് സുതര്‍, അന്‍ഷുല്‍ കാംബോജ്, ഹിമാന്‍ഷു മനോജ് ചൗഹാന്‍.

ഇന്ത്യ ഡി പ്ലെയിങ് ഇലവന്‍

ആഥര്‍വ തായ്‌ദെ, യാഷ് ദുബെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, റിക്കി ഭുയി, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, സാരാംശ് ജെയ്ന്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ.

Content highlight: Duleep trophy: India C vs India D: Axar Patel’s brilliant innings helps India D recovered from the collapse

We use cookies to give you the best possible experience. Learn more