ദുലീപ് ട്രോഫിയില്‍ സെഞ്ച്വറിയുമായി തിളങ്ങി സഞ്ജു സാംസണ്‍. ടൂര്‍ണമെന്റിലെ ഇന്ത്യ ബി – ഇന്ത്യ ഡി മത്സരത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ദുലീപ് ട്രോഫി കരിയറിലെ ആദ്യ സെഞ്ച്വറിയാണ് താരം അഭിമന്യു ഈശ്വരനും സംഘത്തിനുമെതിരെ നേടിയത്.
നേരിട്ട 94ാം പന്തിലാണ് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 11 ഫോറും മൂന്ന് സിക്‌സറും അടക്കമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
എന്നാല്‍ സെഞ്ച്വറി നേടി അധികം വൈകാതെ തന്നെ സഞ്ജു പുറത്താവുകയും ചെയ്തിരുന്നു. ഒരു ബൗണ്ടറി കൂടെ നേടി 101 പന്തില്‍ 106 റണ്‍സുമാണ് താരം പുറത്തായത്. 104.95 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജു സ്‌കോര്‍ ചെയ്തത്.
നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബി നായകന്‍ അഭിമന്യു ഈശ്വരന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. മികച്ച തുടക്കമാണ് ടീമിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഓപ്പണര്‍മാര്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടത്.
ടീം സ്‌കോര്‍ 106ല്‍ നില്‍ക്കവെ ദേവ്ദത്ത് പടിക്കലിനെ പുറത്താക്കിയാണ് ഇന്ത്യ ബി ആദ്യ വിക്കറ്റ് നേടിയത്. നവ്ദീപ് സെയ്‌നിയുടെ പന്തില്‍ നാരായണ്‍ ജഗദീശന് ക്യാച്ച് നല്‍കിയാണ് പടിക്കല്‍ പുറത്തായത്. 95 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്.
അധികം വൈകാതെ രണ്ടാം ഓപ്പണറായ ശ്രീകര്‍ ഭരത്തും പുറത്തായി. മുകേഷ് കുമാറാണ് വിക്കറ്റ് നേടിയത്. 105 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്.
ഓപ്പണര്‍മാര്‍ രണ്ട് പേരും അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ വണ്‍ ഡൗണായിറങ്ങിയ റിക്കി ഭുയിയും മോശമാക്കിയില്ല. 87 പന്തില്‍ 56 റണ്‍സാണ് താരം നേിടയത്. 39 പന്തില്‍ 19 റണ്‍സ് നേടി നിഷാന്ത് സിന്ധുവും മടങ്ങി.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരിക്കല്‍ക്കൂടി സമ്പൂര്‍ണപരാജയമായി മാറി. അഞ്ച് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് താരം മടങ്ങിത്.
ആറാം നമ്പറില്‍ ഇറങ്ങിയ സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യ ഡി മികച്ച ആദ്യ ഇന്നിങ്‌സ് സ്‌കോറിലേക്ക് ഉയരുകയാണ്.
നിലവില്‍ 86 ഓവര്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഡി. 23 പരന്തില്‍ 12 റണ്‍സുമായി സൗരഭ് കുമാറും എട്ട് പന്തില്‍ പത്ത് റണ്‍സുമായി അര്‍ഷ്ദീപ് സിങ്ങുമാണ് ക്രീസില്‍.
Content highlight: Duleep trophy: India B vs India D: Sanju Samson scored century