| Friday, 29th October 2021, 11:45 am

ഇന്ധനക്ഷാമം, വിലവര്‍ധന; ചൈനയില്‍ ഡീസല്‍ റേഷനായി നല്‍കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഡീസല്‍ റേഷനായി നല്‍കി ചൈന. സപ്ലൈ നിരക്ക് കുറഞ്ഞതും വിലവര്‍ധനവുമാണ് രാജ്യത്തെ സര്‍ക്കാര്‍ പെട്രോള്‍ സ്‌റ്റേഷനുകള്‍ വഴി ഡീസല്‍ റേഷനായി നല്‍കുന്നതിലേയ്ക്ക് നയിച്ചത്.

പ്രതിസന്ധി രൂക്ഷമായ പ്രദേശങ്ങളിലാണ് നിലവില്‍ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. വാഹനങ്ങളില്‍ അടിക്കാവുന്ന ഡീസലിന്റെ അളവ് പരിധിയും നിശ്ചയിച്ചിട്ടുണ്ട്.

വടക്കന്‍ പ്രവിശ്യയിലെ ചില പ്രദേശങ്ങളില്‍ ട്രക്കുകളില്‍ ഉള്‍ക്കൊള്ളാവുന്ന ഇന്ധന പരിധിയുടെ പത്ത് ശതമാനം, 100 ലിറ്റര്‍ മാത്രമാണ് നല്‍കുന്നത്. മറ്റിടങ്ങളില്‍ ഇത് 25 ലിറ്റര്‍ എന്ന നിലയിലേയ്ക്കും ചുരുക്കിയിട്ടുണ്ട്.

വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ദിവസം മുഴുവന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണെന്നാണ് ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളില്‍ ചില ഡ്രൈവര്‍മാര്‍ പറയുന്നത്.

ഊര്‍ജ മേഖലയില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് ചൈന കടന്ന് പോകുന്നത്. പെട്രോളിനും ഡീസലിനും പുറമെ കല്‍ക്കരി, പ്രകൃതി വാതകം എന്നിവയിലും രാജ്യം ക്ഷാമം നേരിടുകയാണ്. നിരവധി വ്യവസായ ശാലകളും ഇതേത്തുടര്‍ന്ന് അടഞ്ഞ് കിടക്കുകയാണ്.

ഭക്ഷ്യ, വ്യവസായ മേഖലകളേയും സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ധന വിലവര്‍ധനവിനെത്തുടര്‍ന്ന് വരും ദിവസങ്ങള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിക്കുമെന്ന സ്ഥിതിയാണുള്ളത്.

”ഇപ്പോഴത്തെ ഡീസല്‍ ക്ഷാമം ദീര്‍ഘദൂര യാത്രാ ബിസിനസിനെ ബാധിക്കാനിടയുണ്ട്. ചൈനയ്ക്ക് പുറത്തുള്ള മാര്‍ക്കറ്റുകളിലേയ്ക്കുള്ള സാധനങ്ങളേയും ഇത് ബാധിക്കും,” ചൈനയുടെ എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ഡയറക്ടര്‍ മാറ്റീ ബെകിംഗ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Due to massive power crunch China rations diesel supply

We use cookies to give you the best possible experience. Learn more