| Saturday, 4th January 2025, 9:31 am

ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടരുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്.

പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ സംബന്ധിച്ച് പരമ്പര നഷ്ടപ്പെടാതെ കാക്കാന്‍ വിജയം അനിവാര്യമാണ്. അതേസമയം, സിഡ്നിയില്‍ സമനില നേടിയാല്‍ പോലും ഓസ്ട്രേലിയക്ക് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ സാധിക്കും.

മത്സരത്തിന്റെ രണ്ടാം ദിനം സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. താരം വൈദ്യ സഹായം തേടിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ വിരാട് കോഹ്‌ലിയാണ് സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്റെ ചുമതലയേറ്റെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചാണ് 2022ല്‍ വിരാട് കോഹ്‌ലി തന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞത്. അന്നത്തെ ബി.സി.സി.ഐ അധ്യക്ഷനായ സൗരവ് ഗാംഗുലിയും വിരാട് കോഹ്‌ലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അതേസമയം, ഒമ്പതാം വിക്കറ്റും നഷ്ടപ്പെട്ട ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങാതിരിക്കാന്‍ പാടുപെടുകയാണ്. നിലവില്‍ 49 ഓവര്‍ പിന്നിടുമ്പോള്‍ 173ന് ഒമ്പത് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഒമ്പത് പന്തില്‍ നാല് റണ്‍സുമായി നഥാന്‍ ലിയോണും അഞ്ച് പന്തില്‍ നാല് റണ്‍സുമായി സ്‌കോട് ബോളണ്ടുമാണ് ക്രീസില്‍.

Content Highlight: Due to Jasprit Bumrah’s injury Virat Kohli is the stand-in captain for India

We use cookies to give you the best possible experience. Learn more