| Friday, 27th December 2024, 1:24 pm

അതിശൈത്യം; ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ തണുത്തുറഞ്ഞ് നാല് നവജാത ശിശുക്കള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: അതിശൈത്യം കാരണം തെക്കന്‍ ഗസയിലെ അല്‍ മവാസി അഭയാര്‍ത്ഥി ക്യാമ്പില്‍ മൂന്ന് ദിവസങ്ങള്‍ക്കകം നാല് നവജാത ശിശുക്കള്‍ മരിച്ചു. മരിച്ച കുട്ടികളില്‍ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടും. രണ്ട് കുട്ടികള്‍ക്ക് ഒരുമാസമാണ് പ്രായം.

അന്തരീക്ഷ താപനില കുറഞ്ഞതും ക്യാമ്പുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് മരണകാരണമെന്നാണ് അധികൃതരുടെ വിശദീകരണം

‘അവള്‍ നല്ല ആരോഗ്യവതിയായിരുന്നു. പക്ഷേ ടെന്റുകളിലെ കഠിനമായ തണുപ്പ് കാരണം താപനിലയില്‍ ഗണ്യമായ കുറവുണ്ടായി, ഇതാണ് മരണത്തിലേക്ക് നയിച്ചത്,’ ഖാന്‍ യൂനിസ്‌ നാസര്‍ ഹോസ്പിറ്റലിലെ കുട്ടികളുടെ വാര്‍ഡ് ഡയറക്ടര്‍ അഹമ്മദ് അല്‍-ഫറ പറഞ്ഞു.

തെക്കന്‍ ഗസയിലെ പട്ടണമായ ഖാന്‍ യൂനിസിന് സമീപമുള്ള മെഡിറ്ററേനിയന്‍ തീരത്തുള്ള പ്രദേശമാണ് അല്‍ മവാസി.

അതേസമയം അതിശൈത്യത്തിലും ഗസയ്ക്ക് നേരെയുള്ള ആക്രമണം ഇസ്രഈല്‍ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വടക്കന്‍ ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ജീവനക്കാര്‍ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടവരില്‍ ഒരു ഡോക്ടറും ഉള്‍പ്പെടുന്നതായി കമാല്‍ അദ്‌വാന്‍ ആശുപത്രി മേധാവി ഹുസാം അബു സഫിയ പ്രതികരിച്ചു. വടക്കന്‍ ഗസയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഏക ആശുപത്രിയാണിത്. കൊല്ലപ്പെട്ടവരില്‍ ഒരു ലബോറട്ടറി ടെക്നീഷ്യനും രണ്ട് മെയിന്റനന്‍സ് ജോലിക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിവസേനയുള്ള ആക്രമണങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ആശുപത്രി പ്രവര്‍ത്തനരഹിതമായിരുന്നു. അടുത്തിടെ ഇസ്രഈല്‍ സൈന്യം ആശുപത്രിയിലെ ഐ.സിയു ഡയറക്ടര്‍ ഡോ. അഹമ്മദ് അല്‍-കഹ്ലൗത്തിനെ കൊലപ്പെടുത്തിയിരുന്നു. അന്നത്തെ ആക്രമണത്തില്‍ ഡസന്‍ കണക്കിന് മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും പരിക്കേറ്റിരുന്നു.

അതേസമയം ആശുപത്രിക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പ്രതികരിച്ചു. കൂടാതെ വടക്കന്‍ ഗസയിലെ ഇസ്രഈല്‍ സേനയുടെ ആക്രമണത്തില്‍ ഓരോ ദിവസവും നിരവധി പേര്‍ കൊല്ലപ്പെടുന്നത് കാരണം ഫലസ്തീനികളെ സംസ്‌കരിക്കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: due to extreme cold Four newborn babies die of frostbite in a refugee camp in Gaza

We use cookies to give you the best possible experience. Learn more