| Thursday, 5th January 2023, 11:09 pm

കറണ്ടില്ലാത്തതുകൊണ്ട് ഇന്നത്തെ കളി മാറ്റിവെച്ചു, ദൈവം സഹായിച്ചാല്‍ വെള്ളിയാഴ്ച കളിക്കാം: അല്‍ നസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ മണ്ണിലേക്ക് കളിത്തട്ടകം മാറ്റിയതായിരുന്നു ഫുട്ബോള്‍ ലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം. സൗദി ഫുട്ബോള്‍ ജയന്റ്സായ അല്‍ നസറാണ് റൊണാള്‍ഡോയെ സൗദി അറേബ്യന്‍ മണ്ണിലെത്തിച്ചത്.

ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ ട്രാന്‍സ്ഫറുകളൊന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിലെത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകക്കാണ് റൊണാള്‍ഡോയെ അല്‍ നസര്‍ സ്വന്തമാക്കിയത്.

റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്ന റൂമറുകള്‍ വന്നപ്പോള്‍ തന്നെ അല്‍ നസര്‍ ചര്‍ച്ചകളിലേക്കുയര്‍ന്നിരുന്നു.

എന്നാല്‍ റൊണാള്‍ഡോ വന്നതിന് ശേഷമുള്ള അല്‍ നസറിന്റെ ആദ്യ മത്സരം ഇലക്ട്രിസിറ്റി തകരാറ് മൂലം മാറ്റിവെച്ചിരിക്കുകയാണ്. സൗദി പ്രോ ലീഗില്‍ അല്‍-താഇമായുള്ള മത്സരമാണ് മാറ്റിവെച്ചത്. വ്യാഴാഴ്ച രാത്രി 8:30നായിരുന്നു മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്. വെള്ളിയാഴ്ച മത്സരം നടത്തുമെന്ന് അല്‍ നസര്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിച്ചു.

‘മഴയെ തുടര്‍ന്ന് മാച്ച് നടക്കുന്ന സ്റ്റേഡിയത്തില്‍ വൈദ്യുത തകരാറുണ്ടായി. അതിനാല്‍ അല്‍-താഇയുമായുള്ള മത്സരം മാറ്റിവെക്കാന്‍ തീരുമാനിച്ചു.

ദൈവം സഹായിച്ചാല്‍ വെള്ളിയാഴ്ച മത്സരം നടക്കും. കനത്ത മഴയും പ്രതികൂല കാലാവസ്ഥയുമാണ് സ്റ്റേഡിയത്തിലെ വൈദ്യുതിയെ ബാധിച്ചത്. ആരാധകര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു, എല്ലാവര്‍ക്കും സുരക്ഷിതമായ യാത്രകള്‍ ആശംസിക്കുന്നു,’ അല്‍ നസര്‍ അറിയിച്ചു.

അതേസമയം, ക്ലബ്ബില്‍ എത്തിച്ചേര്‍ന്നെങ്കിലും റൊണാള്‍ഡോക്ക് ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാനാവില്ല.

പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ് എതിരായ മത്സരത്തില്‍ 14കാരനായ ആരാധകനോട് റോണോ മോശമായി പെരുമാറുകയും ഫോണ്‍ തട്ടി മാറ്റുകയും ചെയ്തിരുന്നു. ഇതില്‍ അന്വേഷണം ആരംഭിച്ച ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ റോണോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 50000 പൗണ്ട് പിഴയും 2 മത്സരങ്ങളില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്ത് വന്നെങ്കിലും ഇനി കളിക്കുന്ന ഏത് ലീഗിലെയും ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ഈ വിലക്ക് ബാധകമാകും.

ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്റെ റൂള്‍ മൂന്ന് അനുസരിച്ചാണ് ഈ വിലക്ക് ബാധകമാവുക.

Content Highlight: due to Electrical faults , Al-Nassr postpone first game since Ronaldo transfer

We use cookies to give you the best possible experience. Learn more