സ്റ്റാര്‍വാല്യു ഇല്ലാത്ത വേസ്റ്റ് സിനിമയാണ് 'സ്റ്റാര്‍' എന്ന് തിയേറ്റര്‍ ജീവനക്കാരന്‍; തിരുവനന്തപുരം ഏരീസ് പ്ലസ് തിയേറ്ററില്‍ ഇംഗ്ലീഷ് ഒഴികെയുള്ള സിനിമകള്‍ക്ക് വിലക്കെന്ന് റിപ്പോര്‍ട്ട്
ജോജു ജോര്‍ജ്, ഷീലു എബ്രഹാം എന്നിവര്‍ മുഖ്യവേഷത്തിലെത്തി പൃഥ്വിരാജ് അതിഥി വേഷത്തിലഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് സ്റ്റാര്‍. ഒക്ടോബര്‍ 29നായിരുന്നു സിനിമ തിയേറ്റില്‍ റിലീസ് ചെയ്തത്.
ഇപ്പോള്‍ സിനിമയ്‌ക്കെതിരായ വിമര്‍ശനത്തെത്തുടര്‍ന്ന് തിരുവനന്തപുരം ഏരീസ് പ്ലസ് തിയേറ്ററില്‍ ഇംഗ്ലീഷ് ഒഴികെയുള്ള സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു.
തിയേറ്റര്‍ ഉടമ സോഹന്‍ റോയ് ആണ് നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും സംഘടന ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്.
സ്റ്റാര്‍ സിനിമയ്‌ക്കെതിരെ തിയേറ്റര്‍ ജീവനക്കാരന്‍ മോശമായി സംസാരിച്ചതാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ‘സ്റ്റാര്‍ ഒരു സ്റ്റാര്‍ വാല്യൂവും ഇല്ലാത്ത വേസ്റ്റ് സിനിമയാണെ’ന്നായിരുന്നു ജീവനക്കാരന്‍ പറഞ്ഞത്. സ്റ്റാര്‍ വെച്ച് വിലപേശരുതെന്ന് ഏരീസ് ജീവനക്കാരന്‍ തിയേറ്റര്‍ സംഘടനകളുടെ ചര്‍ച്ചയില്‍ പറഞ്ഞു.
ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ആണ് തിയേറ്ററിന്റെ പ്രധാന നിക്ഷേപകര്‍. ചുരുങ്ങിയ സമയത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ രാജ്യത്തെ ആദ്യ തിയേറ്റര്‍ എന്ന റെക്കോര്‍ഡ് മുന്‍പ് ഏരീസ് തിയേറ്റര്‍ നേടിയിരുന്നു. ബാഹുബലി സിനിമയുടെ പ്രദര്‍ശനത്തിലൂടെ മൂന്ന് കോടി രൂപയായിരുന്നു അന്ന് തിയേറ്റര്‍ നേടിയത്.