മഴ കൊണ്ടുപോയ കളിയിലെ കണക്കിലെ കളികള്‍; എങ്ങനെയാണ് ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമം നടപ്പിലാക്കുന്നത്?
Sports News
മഴ കൊണ്ടുപോയ കളിയിലെ കണക്കിലെ കളികള്‍; എങ്ങനെയാണ് ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമം നടപ്പിലാക്കുന്നത്?
ആദര്‍ശ് എം.കെ.
Wednesday, 26th October 2022, 7:50 pm

ടി-20 ലോകകപ്പിലെ ഗ്രൂപ്പ് വണ്ണില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ തോല്‍പിച്ചിരുന്നു. മഴ കൊണ്ടുപോയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരം അഞ്ച് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി.

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 15ാം ഓവറിവലായിരുന്നു മഴയെത്തിയത്. 14.3 ഓവറില്‍ മഴ പെയ്ത് മത്സരം അവസാനിക്കുമ്പോള്‍ ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരം ഇംഗ്ലണ്ട് അഞ്ച് റണ്‍സ് പിന്നിലായിരുന്നു. ഇതുപ്രകാരമായിരുന്നു ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്.

ഇംഗ്ലണ്ട് തോല്‍ക്കാന്‍ കാരണമായതോടെ ഡക്ക് വര്‍ത്ത് ലൂയീസ് നിയമം ഒരിക്കല്‍ക്കൂടി ചര്‍ച്ചയിലേക്കെത്തിയിരിക്കുകയാണ്.

 

എന്താണ് ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമം?

1992ലെ ലോകകപ്പിലെ ചരിത്രപ്രസിദ്ധമായ ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക സെമി ഫൈനല്‍ മത്സരമാണ് ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമത്തിന്റെ പിറവിക്ക് കാരണമായത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45 ഓവറില്‍ 245 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക വിജയത്തിലേക്ക് അടുക്കുകയായിരുന്നു. 13 പന്തില്‍ നിന്നും 22 റണ്‍സായിരുന്നു സൗത്ത് ആഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

എന്നാല്‍ ഈ സാഹചര്യത്തില്‍ മഴയെത്തുകയായിരുന്നു. കേവലം 12 മിനിട്ട് മാത്രം നീണ്ടുനിന്ന മഴയില്‍ ഒലിച്ചുപോയത് സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ കൂടിയായിരുന്നു. മഴക്ക് ശേഷം സൗത്ത് ആഫ്രിക്കയുടെ വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടിയിരുന്നത് അപ്രാപ്യമായ ഒരു പന്തില്‍ 22 റണ്‍സ് എന്ന ലക്ഷ്യമായിരുന്നു.

 

ഇതോടെ ഇംഗ്ലണ്ട് ആരാധകര്‍ ആഘോഷം തുടങ്ങി. കാലങ്ങള്‍ക്ക് ശേഷമുള്ള വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സൗത്ത് ആഫ്രിക്കക്ക് ഇതുണ്ടാക്കിയ ആഘാതം ചില്ലറയല്ല.

ഇരു ടീമുകളുടെയും റണ്‍ ശരാശരിയുടെ അടിസ്ഥാനത്തിലായിരുന്നു പുതുക്കിയ വിജയലക്ഷ്യം നിര്‍ണയിച്ചത്.

 

 

ക്രിക്കറ്റില്‍ വിജയലക്ഷ്യം പുനര്‍ നിര്‍ണയിക്കാന്‍ കൂടുതല്‍ പ്രായോഗികമായ കണക്കുകൂട്ടല്‍ സിസ്റ്റം വേണമെന്ന ആവശ്യം ഏറെ നാളായി ഉയര്‍ന്നുകേട്ടിരുന്നു. ഈ സംഭവം കൂടിയായപ്പോള്‍ പുതിയ നിയമത്തിന്റെ ആവശ്യവും ശക്തമായി വന്നു.

ദക്ഷിണാഫ്രിക്കക്ക് സംഭവിച്ചത് അനീതിയാണെന്ന വ്യക്തമായ ബോധ്യമുണ്ടായിരുന്ന ടോണി ലൂയീസ് പുതിയ ഒരു നിയമം വേണമെന്ന വസ്തുത തിരിച്ചറിഞ്ഞു.

യാദൃശ്ചികതയാണ് ക്രിക്കറ്റിനെ എന്നും മനോഹരമാക്കിയിട്ടുള്ളത് എന്നതുപോലെയാണ് മറ്റൊരു യാദൃശ്ചികതയാണ് ക്രിക്കറ്റിന്റെ തന്നെ തലവര മാറ്റി മറിച്ചത്. ലോകകപ്പിന് ശേഷം 1992ല്‍ തന്നെ ഒരു പത്രത്തില്‍ ഫ്രാങ്ക് ഡക്ക്‌വര്‍ത്തിന്റെ ‘ഫെയര്‍ പ്ലേ ഇന്‍ ഫൗള്‍ വെതര്‍’ എന്ന ആര്‍ട്ടിക്കിള്‍ ടോണി ലൂയീസ് യാദൃശ്ചികമായി കാണുകയായിരുന്നു. ഇതായിരുന്നു ക്രിക്കറ്റിന്റെ തന്നെ തലവര മാറ്റി മറിച്ച ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമത്തിന്റെ പിറവിക്ക് നിദാനമായത്.

 

ഇവരുടെ പരിശ്രമത്തിന്റെ അടിസ്ഥാനത്തില്‍ പുതിയൊരു നിയമം പിറവിയെടുത്തു. 1996ല്‍ സിംബാബ്‌വേയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ഈ നിയമം ആദ്യമായി ഉപയോഗിച്ചത്. ശേഷം മൂന്ന് വര്‍ഷത്തിന് ശേഷം 1999ല്‍ ഐ.സി.സി ഈ നിമയത്തെ അംഗീകരിക്കുകയും ക്രിക്കറ്റ് നിയമത്തിന്റെ ഭാഗമാക്കുകയും ചെയ്തു.

 

എങ്ങനെയാണ് ഡക്ക് വര്‍ത്ത് ലൂയീസ് നിയമം നടപ്പിലാക്കുന്നത്?

ഇതിന് മുമ്പുള്ള നിയമത്തില്‍ നിന്നും വിഭിന്നമായി ഒരു ടീമിന്റെ റിസോഴ്‌സിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമം ഉപയോഗിക്കുന്നത്.

അതായത് ഒരു ലിമിറ്റഡ് ഓവര്‍ മത്സരത്തില്‍ 50 ഓവര്‍ അഥവാ 300 പന്തുകളും പത്ത് വിക്കറ്റുമാണ് ഒരു ടീമിന്റെ റിസോഴ്‌സ്. ഇന്നിങ്‌സ് പുരോഗമിക്കുമ്പോള്‍ ഈ റിസോഴ്‌സില്‍ കുറവ് വരും. അതായത് പത്ത് ഓവറിനിടെ ബാറ്റിങ് ടീമിന് രണ്ട് വിക്കറ്റ് നഷ്ടമാവുകയാണെങ്കില്‍ അവര്‍ക്ക് ബാക്കിയുണ്ടാകുന്ന റിസോഴ്‌സുകള്‍ 40 ഓവറും എട്ട് വിക്കറ്റുമാണ്.

300 പന്തുകള്‍ എറിഞ്ഞ് കഴിയുമ്പോഴോ ടീം ഓള്‍ ഔട്ടാവുമ്പോഴോ അവരുടെ റിസോഴ്‌സ് കപ്പാസിറ്റി പൂജ്യമാകും. ഒരുപക്ഷേ, 300 ഓവറും ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വരികയാണെങ്കില്‍ മുഴുവന്‍ റിവോഴ്‌സും ടീമിന് ഉപയോഗിക്കാന്‍ സാധിച്ചില്ല എന്നാണ് അര്‍ത്ഥം.

 

മഴ കാരണം ഒരു കളി തടസ്സപ്പെടുമ്പോള്‍ ബാക്കിയുള്ള റിസോഴ്‌സുകളെ അടിസ്ഥാനപ്പെടുത്തിയാണ് വിജയലക്ഷ്യം പുനര്‍ നിശ്ചയിക്കുക. എല്ലാ ഓവറിനെയും എല്ലാ വിക്കറ്റിനെയും ഒരേ പ്രാധാന്യത്തോടെയല്ല ഈ നിയമത്തില്‍ കാണുന്നത്. എത്ര ഓവറുകള്‍ കഴിഞ്ഞു? എത്ര വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്? ഇന്നിങ്‌സിന്റെ ഏതൊക്കെ ഘട്ടത്തിലാണ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്? ഇതെല്ലാം കണക്കിലെടുത്താണ് വിജയലക്ഷ്യം പുനര്‍നിശ്ചയിക്കുന്നത്.

ഇതെല്ലാം അടിസ്ഥാനപ്പെടുത്തി ഒരു ചാര്‍ട്ടും ഇരുവരും തയ്യാറാക്കിയിട്ടുണ്ട്. ഈ ചാര്‍ട്ട് ഉപയോഗിച്ചാണ് ബാറ്റിങ് ടീമിന്റെ വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുന്നത്.

ഈ ചാര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി ഒരു ഉദാഹരണം പരിശോധിക്കാം.

ആദ്യം ബാറ്റ് ചെയ്ത ടീം ഇരുപത് ഓവര്‍ ബാറ്റ് ചെയ്ത് പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടമായി. അതായത് 30 ഓവറും എട്ട് വിക്കറ്റും ബാക്കിയുണ്ട്. ഇതാണ് ബാറ്റിങ് ടീമിന് ബാക്കിയുള്ള റിസോഴ്‌സ്. ഈ റിസോഴ്‌സ് അടിസ്ഥാനപ്പെടുത്തി ഡക്ക്‌വര്‍ത്ത് ലൂയീസ് ചാര്‍ട്ട് പ്രകാരം 67.30 റിസോഴ്‌സാണ് ഇവര്‍ക്ക് ബാക്കിയുള്ളത്. ഇതുകൂടി കണക്കിലെടുത്തുകൊണ്ടാണ് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന്റെ ടാര്‍ഗെറ്റ് നിശ്ചയിക്കുന്നത്.

ഇനി രണ്ടാം ഇന്നിങ്‌സിനിടെയാണ് മഴയെത്തിയതെന്ന് കരുതുക.

ആദ്യം ബാറ്റ് ചെയ്ത ടീം 50 ഓവറില്‍ 250 റണ്‍സാണ് നേടിയത്. രണ്ടാമത് ബാറ്റ് ചെയ്ത ടീം 40 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടിയപ്പോഴാണ് മഴയെത്തിയത് എന്നും കരുതുക. ഇവര്‍ക്ക് ബാക്കിയുള്ള റിസോഴ്‌സ് 10 ഓവറും അഞ്ച് വിക്കറ്റുമാണ്.

 

ഡി.എല്‍ ചാര്‍ട്ട് പ്രകാരം ഇവര്‍ക്ക് ബാക്കിയുള്ളത് 26.1 ശതമാനം റിസോഴ്‌സാണ്. അതായത് 73.90 റിസോഴ്‌സ് ഇവര്‍ ഇതിനോടകം തന്നെ ഉപയോഗിച്ച് കഴിഞ്ഞു. ഡി.എല്‍ നിയമം കണക്കിലെടുക്കുമ്പോള്‍ ഫസ്റ്റ് ഇന്നിങ്‌സ് സ്‌കോര്‍ അതിന്റെ 73.90 ശതമാനമായി കുറക്കണം. അപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന്റെ വിജയലക്ഷ്യം 186 ആയി റിവൈസ് ചെയ്യും. ഈ സാഹചര്യത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം വിജയിച്ചതായി കണക്കാക്കും.

എന്നാല്‍ അഞ്ച് വിക്കറ്റല്ല, മഴയെത്തുമ്പോള്‍ ആറ് വിക്കറ്റാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് നഷ്ടമായതെങ്കില്‍ പുതുക്കിയ വിജയലക്ഷ്യം 194 ആയിരിക്കും. ഈ സാഹചര്യത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് വിജയിക്കാന്‍ സാധിക്കും.

എന്നാല്‍ ഇവര്‍ക്ക് ഏഴ് വിക്കറ്റാണ് നഷ്ടമായത് എന്ന് കരുതുക. എങ്കില്‍ ഇവരുടെ പുതുക്കിയ വിജയലക്ഷ്യം 206 ആയിരിക്കും. ഈ  സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമായിരിക്കും വിജയിക്കുക.

അതായത് നഷ്ടപ്പെട്ട വിക്കറ്റുകളുടെ എണ്ണം കൂടും തോറും വിജയലക്ഷ്യവും കൂടും എന്നര്‍ത്ഥം.

ഒരു ഏകദിന മത്സരത്തില്‍ 20 ഓവറിന് ശേഷമോ, ടി-20യില്‍ അഞ്ച് ഓവറിന് ശേഷമോ മാത്രം ആണ് ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമം ഉപയോഗിക്കാന്‍ സാധിക്കുക.

 

1999ല്‍ ഐ.സി.സി പ്രാബല്യത്തില്‍ വരുത്തിയതിന് ശേഷം 200ലധികം തവണയാണ് ഡി.എല്‍. നിയമം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉപയോഗിച്ചത്.

2014ല്‍ ഡക്ക് വര്‍ത്ത് ലൂയീസ് നിയമത്തിന് പുതിയൊരു സംരക്ഷകനും പിറവിയെടുത്തു. സ്റ്റീഫന്‍ സ്റ്റേണായിരുന്നു ഡി.എല്‍ നിയമത്തിന്റെ സംരക്ഷനായി ചുതലയേറ്റത്. അദ്ദേഹം ചില ഭേദഗതികളും നിയമത്തില്‍ വരുത്തി. വലിയ ടാര്‍ഗെറ്റ് ചെയ്‌സ് ചെയ്യുന്ന സമയത്ത് വിക്കറ്റുകള്‍ കൈവശം വെച്ച് സെയ്ഫായി കളിക്കുന്നതിന് പകരം കൂടുതല്‍ റണ്‍ റേറ്റില്‍ സ്‌കോര്‍ ചെയ്യണമെന്നതാരിയരുന്നു പ്രധാന ഭേദഗതി.

ഇതോടെ ഇത് ഡക്ക്‌വര്‍ത്ത് ലൂയീസ് സ്‌റ്റേണ്‍ എന്ന പേരില്‍ ഇത് പുനര്‍നാമകരണം ചെയ്തു. എങ്കിലും ഡക്ക് വര്‍ത്ത് ലൂയീസ് നിയമം എന്ന പേരില്‍ തന്നെയാണ് ഇത് ഇപ്പോഴും അറിയപ്പെടുന്നത്.

 

Content highlight: Duckworth Lewis Law

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.