| Thursday, 14th April 2022, 5:11 pm

ഞാന്‍ ഡബ് ചെയ്യാന്‍ പോയപ്പോള്‍ എന്റെ കൂടെ വന്നതാണ് മോള്‍, അങ്ങനെ എന്റെ ചാന്‍സ് അങ്ങ് പോയി: ശ്രീജ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

125ല്‍ ഏറെ നായികമാര്‍ക്ക് ശബ്ദം നല്‍കിയ ഡബിംഗ് ആര്‍ട്ടിസ്റ്റാണ് ശ്രീജ രവി. ചെറിയ കുട്ടികള്‍ക്ക് ശബ്ദം നല്‍കി ഡബിംഗ് മേഖലയിലേക്ക് കടന്നു വന്ന ശ്രീജ പിന്നീട് രോഹിണി, സുനിത, രഞ്ജിനി, അഞ്ചു, മാതു, ചാര്‍മിള, മോനിഷ, മഞ്ജു വാര്യര്‍, റോമ, കാവ്യ മാധവന്‍, സംയുക്ത വര്‍മ, ഭാവന, ദിവ്യ ഉണ്ണി, ജൂഹി ചൗള, കത്രീന കൈഫ്, നയന്‍താര എന്നിങ്ങനെ 125ലേറെ നായികമാര്‍ക്ക് ഇതിനകം ശബ്ദം നല്‍കിയിട്ടുണ്ട്.

അനിയത്തിപ്രാവില്‍ ശാലിനിയ്ക്ക് ശബ്ദം നല്‍കിയതാണ് ശ്രീജയുടെ കരിയറില്‍ ബ്രേക്ക് ആയി മാറിയത്. ശാലിനി നായിക ആകുന്നതിന് മുന്നേ ബേബി ശാലിനി ആയിരുന്ന കാലത്തും ശ്രീജ ശബ്ദം നല്‍കിയിട്ടുണ്ട്.

ശ്രീജയുടെ മകള്‍ രവീണയും ഡബിംഗ് മേഖലയില്‍ സജീവമാണിപ്പോള്‍. രവീണയെ ഡബിംഗ് സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയത് കാരണം അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് പറയുകയാണ് ശ്രീജ. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

‘മനസിനക്കരെ തൊട്ട് ബോഡി ഗാര്‍ഡ് വരെ നയന്‍താരക്ക് ഞാനാണ് ശബ്ദം നല്‍കിയത്. അങ്ങനെ ഭാസ്‌കര്‍ ദി റാസ്‌ക്കലിനും ഞാന്‍ ഡബ് ചെയ്യാന്‍ പോയപ്പോള്‍ എന്റെ കൂടെ വന്നതാണ് മോള്‍. സിദ്ദിഖേട്ടന്‍ എന്നെ വിളിച്ചിട്ട് ഞാന്‍ ഡബ് ചെയ്യാനാണ് പോയത്.

നയന്‍താര ഒരു പിരിയഡിന് ശേഷം വീണ്ടുമെത്തുന്ന സിനിമയാണത്. അപ്പോള്‍ അവരുടെ പേഴ്‌സണാലിറ്റി നോക്കുമ്പോള്‍ നല്ല അടിപൊളിയാണ്, അതുകണ്ടപ്പോള്‍ തന്നെ എനിക്ക് തോന്നി എന്നെക്കാളും നന്നായി അവരുടെ ഗെറ്റപ്പിന് ചേരുന്നത് എന്റെ മോളുടെ ശബ്ദമാണ്. ഇവളുടെ വോയിസാകുമ്പോള്‍ യൂത്തുമായിരിക്കും, പിന്നെ ഇവളുടെ വോയിസ് കുറച്ചുകൂടെ പോളിഷ്ഡാണ്, എന്റെ മകളായതുകൊണ്ട് പറയുകയല്ല. ഒരു എജ്യുക്കേറ്റഡ് വേ ഓഫ് ടോണ്‍ ഇവള്‍ക്കുണ്ട്. എന്റെ വോയിസിന് ഇവളുടേതില്‍ നിന്ന് ഒരുപാട് വ്യത്യാസമുണ്ട്.

അങ്ങനെ ഞാന്‍ സിദ്ദിഖിക്കയോട് പറഞ്ഞു, ഇക്ക ഒന്ന് മോളുടെ സൗണ്ട് ട്രൈ ചെയ്ത് നോക്കെന്ന്. നയന്‍താരയുടെ ഇപ്പോഴത്തെ പേഴ്‌സണാലിറ്റിക്കും സ്റ്റൈലിനും ഇവളുടെ വോയിസായിരിക്കും കുറച്ചുകൂടെ നല്ലത്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അയ്യോ ചേച്ചി അത് ശരിയാവില്ല, അവരൊരു കുട്ടിയുടെ അമ്മയാണ്, കുറച്ച് മെച്ച്യൂരിറ്റി വേണം ഇവള്‍ കുഞ്ഞല്ലേയെന്ന്.

അപ്പോള്‍ ഞാന്‍ ഒരു ടെസ്‌റ്റെടുത്ത് നോക്കാന്‍ പറഞ്ഞു. അങ്ങനെ അദ്ദേഹം ഒരു സീന്‍ ഡബ് ചെയ്ത് വെക്കാന്‍ പറഞ്ഞു, വന്നിട്ട് നോക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ഒരു സീന്‍ മോളെ കൊണ്ട് ഡബ് ചെയ്യിപ്പിച്ച്, അദ്ദേഹം വന്ന് കണ്ട്, കൊള്ളാമെന്ന് പറഞ്ഞു.

പുള്ളി ഹാപ്പിയായി, ഒറ്റൊരു കാര്യമേ അദ്ദേഹം പറഞ്ഞൊള്ളു ബോള്‍ഡായിരിക്കണം. ഒരു കുട്ടിയുടെ അമ്മയാണ് ആ ഒരു മെച്ച്യൂരിറ്റി വരണം, ശ്രീജ നോക്കിക്കോണമെന്ന്. അങ്ങനെ ഫുള്‍ റെസ്‌പോണ്‍സിബിലിറ്റി എനിക്ക് വിട്ടുതരികയായിരുന്നു. ഞാന്‍ തന്നെ നിന്നാണ് മോളെകൊണ്ട് ആ സിനിമക്ക് ഡബ് ചെയ്യിപ്പിച്ചത്. അങ്ങനെ എന്റെ ചാന്‍സ് അങ്ങ് പോയത്,’ ശ്രീജ രവി പറയുന്നു.

Content Highlights: Dubbing Artist Sreeja Ravi shares her experience

We use cookies to give you the best possible experience. Learn more