| Monday, 8th February 2021, 3:08 pm

ഡയലോഗ് വേഗം പഠിക്ക് എന്ന് ലാലേട്ടന്‍ പറഞ്ഞുകൊണ്ടിരിക്കും; ഏറെ പ്രയാസപ്പെട്ട് ഡയലോഗ് പഠിച്ചാണ് ആ ചിത്രം ഡബ്ബ് ചെയ്തത്; ശ്രീജ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശാലിനി, മാതു, ചാര്‍മിള, സുനിത, നയന്‍താര, കാവ്യമാധവന്‍ തുടങ്ങി 125ലേറെ നായികമാര്‍ക്ക് ശബ്ദം നല്‍കി കഴിഞ്ഞ നാല്പത്തഞ്ചുവര്‍ഷമായി മലയാള സിനിമയുടെ ഭാഗമായി തുടരുകയാണ് ഡബ്ബിങ് ആര്‍ടിസ്റ്റായ ശ്രീജ രവി. മലയാളത്തില്‍ മാത്രമല്ല തമിഴിലും മികവ് തെളിയിച്ച ഡബ്ബിങ് ആര്‍ടിസ്റ്റാണ് ശ്രീജ.

1983 ല്‍ പുറത്തിറങ്ങിയ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെക്കിളികൂടിലൂടെയാണ് ശ്രീജയുടെ ശബ്ദം നായികയുടേതായി വരുന്നത്. നല്ലൊരു അനുഭവമായിരുന്നു കാറ്റത്തെ കിളിക്കൂടിന്റെ ഡബ്ബിങ് എങ്കിലും ഡബ്ബിങ് പ്രായസമായി തോന്നിയിരുന്നെന്നും ശ്രീജ പറയുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള ചില കോമ്പിനേഷന്‍ രംഗങ്ങളുടെ ഡബ്ബിങ്ങിനിടെയുണ്ടായ അനുഭവവും ശ്രീജ മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ ലാലേട്ടന്റെ കൂടെയായിരുന്നു ചില കോമ്പിനേഷന്‍ സീനുകള്‍ ഡബ്ബ് ചെയ്യേണ്ടിയിരുന്നത്. ഞങ്ങള്‍ ഒരുമിച്ചാണ് ഡബ്ബ് ചെയ്തത്. നല്ല ഓര്‍മ്മ ശക്തിയുള്ള ആളാണല്ലോ ലാലേട്ടന്‍. ഗ്രാസ്പിങ് നന്നായി ഉള്ളയാളാണെന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ ലാലേട്ടനെന്ന മഹാനടനായിട്ടില്ല അന്ന് അദ്ദേഹം. എന്നാലും നമ്മളൊക്കെ ബഹുമാനിക്കുന്ന ആര്‍ട്ടിസ്റ്റും ഹീറോയും ആയിരുന്നു.

ഡയലോഗ് വേഗം പഠിക്ക് വേഗം പഠിക്ക് എന്ന് എന്നോട് തമാശയായി ലാലേട്ടന്‍ പറഞ്ഞുകൊണ്ടിരിക്കും. എനിക്കാണെങ്കില്‍ മലയാളം എഴുതാനും വായിക്കാനും അറിയില്ല. തമിഴും അതേ. ഇംഗ്ലീഷ് മീഡിയവും ഹിന്ദി സെക്കന്‍ഡ് ഭാഷയുമായാണ് ഞാന്‍ ഫാത്തിമ കോണ്‍വെന്റില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്.

അപ്പോള്‍ മംഗ്ലീഷില്‍ എഴിതിയെടുത്തിട്ട് വേണം എനിക്കീ ഡയലോഗ് പഠിക്കാന്‍. അത്രയ്ക്ക് ഓര്‍മ്മശക്തിയുള്ള ആളും അല്ല ഞാന്‍. അങ്ങനെ പ്രയാസപ്പെട്ട് ഡയലോഗ് പഠിച്ചാണ് ഡബ്ബ് ചെയ്തത്. അന്ന് ലൂപ് സിസ്റ്റമാണ്. പെട്ടെന്ന് ഒരു ബിറ്റ് പഞ്ച് ചെയ്ത് എടുക്കാന്‍ പറ്റില്ല. ഞാന്‍ ഡയലോഗ് പഠിക്കുന്ന സമയത്ത് ലാലേട്ടന്‍ ചുമ്മാ ഇരിക്കുകയേയില്ല ഓരോ തമാശകാട്ടിക്കൊണ്ടിരിക്കും.

പലതരത്തിലും നല്ല ഒരനുഭവമാണ് കാറ്റത്തെ കിളിക്കൂട്. അതൊരു വലിയ ഭാഗ്യമായി കരുതുന്നു. ഇന്നൊന്നും അങ്ങനെ കോമ്പിനേഷന്‍ ഡബ്ബിങ് കിട്ടില്ല. ഇതേപോലെ മമ്മൂക്കയോടൊപ്പവും അടുത്തിരുന്ന് ഡബ്ബ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്’, ശ്രീജ പറയുന്നു.

പണ്ടൊക്കെ ഡബ്ബ് ചെയ്യാനുള്ള എല്ലാവരും രാവിലെ മുതല്‍ സ്റ്റുഡിയോയില്‍ ഹാജരുണ്ടാകും. അവനവന്റെ ഭാഗം വരുമ്പോള്‍ പോയി റെക്കോര്‍ഡ് ചെയ്യും. ബാക്കി സമയം വര്‍ത്തമാനം പറഞ്ഞിരിക്കും.

ലൂപ് സിസ്റ്റമാണ്. ഒരു രംഗമാണ് ഡബ്ബ് ചെയ്യേണ്ടതെങ്കില്‍ ആ സീന്‍ തന്നെ വീണ്ടും വീണ്ടും ലൂപിങ്ങായിട്ട് വന്നുകൊണ്ടിരിക്കും. അപ്പോള്‍ റിഹേഴ്‌സലെടുക്കാനും മോണിട്ടറിങ് ചെയ്യാനും രണ്ടോ മൂന്നോ മൈക്കില്‍ നിന്ന് ഡയലോഗ് പഠിച്ച് പക്കയായി എന്ന് പറയുമ്പോഴാണ് ടേക്കിന് പോവുക.

ഡയലോഗ് മനപാഠമായിക്കിയിക്കണം. എത്രയൊക്കെ ഉണ്ടെങ്കിലും പഠിച്ചിരിക്കണം ഇന്ന് വളരെ ഹൈഫൈ ആയി മാറി. ഒരു മൂളലാണെങ്കില്‍ പോലും അത് മാത്രമായിട്ട് പഞ്ച് ചെയ്ത് എടുക്കാം. സാങ്കേതികമായി അത്രയും വളര്‍ന്നു കഴിഞ്ഞു.

പിന്നെ ട്രാക്ക് സിസ്റ്റമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യത്തിന് പോയി ഡബ് ചെയ്യാം. എനിക്ക് ഒരു ദിവസംകൊണ്ട് എന്റെ വര്‍ക്ക് മാത്രമായിട്ട് തീര്‍ക്കാം. അന്ന് ഒരുപടം മുഴവനായി തീര്‍ക്ക് 10-20 ദിവസം വേണ്ടി വന്നിട്ടുണ്ട്. വേറൊരു അനുഭവമായിരുന്നു അത്, ശ്രീജ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Dubbing Artist Sreeja Ravi Share Her Experience with Mohanlal

We use cookies to give you the best possible experience. Learn more