| Monday, 8th February 2021, 3:41 pm

തുണിമുക്കാനാണ് കഞ്ഞിവെള്ളം കൊണ്ടു പോകുന്നതെന്നാണ് അവര്‍ കരുതിയിരുന്നത്, എന്നാല്‍ അത് കുടിച്ച് വയര്‍ നിറക്കുകയായിരുന്നു ഞങ്ങള്‍; കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ച് ഡബ്ബിങ് ആര്‍ടിസ്റ്റ് ശ്രീജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കുട്ടിക്കാലത്തെ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മലയാള മുന്‍നിര ഡബ്ബിങ് ആര്‍ടിസ്റ്റായ ശ്രീജ രവി. അച്ഛന്‍ കിടപ്പിലായതോടെ പട്ടിണിയുടെ വക്കിലായ തങ്ങള്‍ അടുത്ത വീട്ടില്‍ നിന്നും വാങ്ങിക്കൊണ്ടു വന്ന കഞ്ഞിവെള്ളം കുടിച്ച് ജീവിച്ചിരുന്ന കാലത്തെ കുറിച്ചാണ് ശ്രീജ മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ 1971ലാണ് അച്ഛന്‍ മരിക്കുന്നത്. കുറച്ചുകാലം കിടപ്പിലായിരുന്നു. അച്ഛന്റെ മരണശേഷമാണ് ഞങ്ങള്‍ നാലു മക്കളും അമ്മയും മദ്രാസിലേക്ക് വരുന്നത്. ബാക്കി നാലുപേരും ആ സമയമായപ്പോഴേക്കും സ്വന്തം നിലയില്‍ എത്തിയിരുന്നു.

അച്ഛന്‍ കിടപ്പിലായതോടെ തന്നെ ഞങ്ങളുടെ ജീവിതം വഴിമുട്ടിയപോലെ ആയി. വല്ലാത്തൊരു കഷ്ടപ്പാടിലേക്ക് ഞങ്ങള്‍ അകപ്പെട്ടു. മുണ്ടയാട് എന്ന സ്ഥലത്ത് താമസിക്കുമ്പോള്‍ അടുത്ത വീട്ടില്‍നിന്ന് കൊണ്ടുവരുന്ന കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിട്ടുണ്ട്. വീട്ടിലെ മൂത്ത കുട്ടികള്‍ക്ക് നാണക്കേടായതുകൊണ്ട് എന്നെയാണ് അടുത്ത വീട്ടിലേക്ക് അയക്കുക.

വീട്ടിലൊന്നും ഉണ്ടാക്കിയിട്ടുണ്ടാകില്ല. തുണിമുക്കാനാണ് കഞ്ഞിവെള്ളം കൊണ്ടു പോകുന്നത് എന്നാണ് ആ വീട്ടുകാര്‍ കരുതിയിരുന്നത്. ആ കഞ്ഞിവെള്ളം കുടിച്ച് വയര്‍ നിറക്കാനായിരുന്നു എന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഞാനന്ന് ചെറിയ കുട്ടിയാണ്. പെറ്റിക്കോട്ട് പോലത്തെ ഉടുപ്പിട്ട് ബക്കറ്റ് പോലത്തെ ഒരു അലൂമിനിയ പാത്രവുമായി വെള്ളം വാങ്ങിച്ചുകൊണ്ടു വരുന്നത് ഓര്‍മയുണ്ട്.

എന്റെ ഏട്ടന്മാര്‍ പറയുമായിരുന്നു. ഞങ്ങളുടെ പ്രയാസം മനസ്സിലാക്കിയാകണം ആ വീട്ടിലെ അമ്മ കഞ്ഞിവെള്ളത്തില്‍ ഇത്തിരി വറ്റാക്കെ ഇട്ടുതരുമായിരുന്നു എന്ന്. ഒരുപാട് കഷ്ടപ്പെട്ടു. എന്റെ അമ്മ കഷ്ടപ്പെടാന്‍ ഇനിയൊന്നുമില്ല ബാക്കി’, ശ്രീജ പറയുന്നു.

അച്ഛന്റെ മരണശേഷം മദ്രാസിലേക്ക് വണ്ടികയറിയ തങ്ങള്‍ വാടകവീട് തരപ്പെടുത്താനും മറ്റും ഏറെ പ്രയാസപ്പെട്ടെന്നും ഭര്‍ത്താവില്ലാത്ത ഒരു സ്ത്രീക്ക് വീടുകൊടുക്കാന്‍ ആരും ഇഷ്ടപ്പെട്ടില്ലെന്നും ശ്രീജ പറയുന്നു.

‘ അമ്മ ചെറുപ്പമായിരുന്നു. കാണാനും സുന്ദരി. സിനിമയിലാണെന്ന് പറഞ്ഞാല്‍ ഒട്ടും വീട് കിട്ടില്ല. അത് അറിയിക്കാതെയാണ് വീടെടുത്തിരുന്നത്. അഞ്ചോ ആറോ മാസം കഴിയുമ്പോഴേക്കും എന്തെങ്കിലും കാരണം പറഞ്ഞ് വീട്ടുടമ ഞങ്ങളെ ഒഴിവാക്കും. എന്റെ ഓര്‍മയില്‍ തന്നെ എട്ടൊമ്പത് വീടുകള്‍ ഞങ്ങള്‍ മാറിയിട്ടുണ്ട്. പഠിക്കാനും ബുദ്ധിമുട്ടി. സ്‌കൂളില്‍ ഫ്രീ എജുക്കേഷന്‍ കിട്ടിയെങ്കിലും പുസ്തകത്തിനും യൂണിഫോമിനും വലിയ പ്രയാസമായിരുന്നു. ഇടാനുള്ള ഡ്രസ്സിന്റെ കാര്യത്തിലും ഇതായിരുന്നു അവസ്ഥ.

അമ്മ ട്യൂഷനെടുക്കാന്‍ പോകുമായിരുന്നു. ആ വീടുകളില്‍ നിന്ന് വൈകുന്നേരം ചായക്ക് ബിസ്‌ക്കറ്റോ എന്തെങ്കിലും കൊടുക്കും. അതൊക്കെ പൊതിഞ്ഞുകൊണ്ടാണ് അമ്മ വരുക. പുതിയ പുസ്തകങ്ങളോ യൂണിഫോമോ വാങ്ങിത്തരാന്‍ അമ്മയ്ക്ക് കഴിവുണ്ടായിരുന്നില്ല. പുതിയ ഡ്രസ്സിട്ട് സ്‌കൂളില്‍ പോകാനുള്ള ഭാഗ്യം ഒരിക്കലും ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല.

പരിചയത്തിലുള്ള പഴയ ചില സംവിധായകരുടെ വീടുകളില്‍ പോയി മക്കളുടെ പഴയ യൂണിഫോം തരണമെന്ന് അമ്മ പറയും. അത് വെട്ടി പാകപ്പെടുത്തി എനിക്ക് തരും. ആ പഴയ യൂണിഫോം പുതിയതുപോലെ റെഡിയാക്കിയാണ് സ്‌കൂള്‍ തുറക്കുന്ന ദിവസം ഞാന്‍ പോയിരുന്നത്. സ്‌കൂള്‍ റിസള്‍ട്ട് വന്നാല്‍ പാസ്സായ പ്രമോഷന്‍ കാര്‍ഡുമായി ഞാനും ചേട്ടനും സൈക്കിളില്‍ പുറപ്പെടും. അടൂര്‍ഭാസി സര്‍, ബഹദൂര്‍ക്ക, ജയഭാരതി ചേച്ചി, നസീര്‍ സര്‍, ഉമ്മുക്ക, ശോഭ തുടങ്ങി പല ആര്‍ട്ടിസ്റ്റുകളുടേയും അടുക്കലും പ്രോഗ്രസ് കാര്‍ഡുമായി പോകും. അവരൊക്കെ പത്ത് രൂപ തരും. ആ സഹായം കൊണ്ടാണ് ഞങ്ങള്‍ പുസ്തകങ്ങള്‍ വാങ്ങിയിരുന്നത്.

ഇന്നാലോചിക്കുമ്പോള്‍ മാനസികമായി എന്റെ അമ്മ എത്രമാത്രം തകര്‍ന്നുപോയിട്ടുണ്ടാകും എന്നെനിക്ക് മനസിലാകുന്നു. അതുകൊണ്ട് തന്നെ എന്റെ വാതില്‍ക്കല്‍ വന്ന് ആരെങ്കിലും എന്റെ മുന്നില്‍ കൈ നീട്ടിയാല്‍ ഇല്ലെങ്കില്‍ പോലും എങ്ങനെയെങ്കിലും അത് എത്തിച്ചുകൊടുക്കാറുണ്ട്’, ശ്രീജ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dubbing Artist Sreeja Ravi Share Her Childhood Experience

We use cookies to give you the best possible experience. Learn more