ശബ്ദം കൊണ്ട് മലയാളികള്‍ക്ക് വളരെ പരിചിതനായ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റാണ് ഷിബു കല്ലാര്‍. തമിഴ് നടന്‍ വിജയ്ക്ക് ശബ്ദം നല്‍കിയത് വഴിയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ജില്ല, ബിഗില്‍, മാസ്റ്റര്‍, ലിയോ ഉള്‍പ്പെടെയുള്ള സിനിമകളില്‍ മലയാളത്തില്‍ വിജയ്ക്ക് ഡബ്ബ് ചെയ്തത് ഷിബു കല്ലാറാണ്.
ഇപ്പോള്‍ സൂര്യയുടെ സൂരാരൈ പോട്രു എന്ന സിനിമ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യാന്‍ നടന്‍ നരേനെ തീരുമാനിച്ചതിന് പിന്നിലെ കാരണം പറയുകയാണ് അദ്ദേഹം. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷിബു കല്ലാര്‍.
‘സൂരാരൈ പോട്രു എന്ന ഒരു സിനിമ ചെയ്യുമ്പോള്‍ സൂര്യ സാര്‍ ആദ്യം തന്നെ എന്നോട് ഒരു സജക്ഷന്‍ പറഞ്ഞു. സിനിമ ഡബ്ബ് ചെയ്യുന്നതിന്റെ മുമ്പ് അത് പറഞ്ഞു എന്നുള്ളതാണ് സാറിന്റെ ക്വാളിറ്റി. ഒരു പടം ഫുള്‍ ഡബ്ബ് ചെയ്തതിന്റെ ശേഷം വേറെ വോയിസ് വെക്കാന്‍ പറഞ്ഞാല്‍ നമ്മുടെ സമയം, പണം, ഡബ്ബ് ചെയ്ത ആളുടെ ബുദ്ധിമുട്ട് ഇവയൊക്കെ നമ്മള്‍ ചിന്തിക്കേണ്ടി വരും.
പക്ഷേ അതൊന്നും ഇല്ലാതെ സൂര്യ സാര്‍ ആദ്യം തന്നെ ആവശ്യപെട്ടത് തന്റെ ശബ്ദം ഒരു സെലിബ്രിറ്റിയെ വെച്ച് ചെയ്യാമോ എന്നായിരുന്നു. ഞാന്‍ അപ്പോള്‍ അതിന് ഒക്കെ പറഞ്ഞു. അപ്പോഴും ആലോചിച്ചത്, മലയാളത്തില്‍ നിന്ന് അദ്ദേഹത്തിന് ശബ്ദം കൊടുക്കാന്‍ ആരാകും അത്രയും ധൈര്യത്തില്‍ വരിക എന്നായിരുന്നു.
രണ്ടും കല്പിച്ചായിരുന്നു സൂര്യ സാറിന് വാക്ക് കൊടുത്തത്. ഞാന്‍ നേരെ നരേന്‍ സാറിനെ കണ്ട് സംസാരിച്ചതും അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു. ‘എനിക്ക് ഡബ്ബിങ് അറിയില്ല ഷിബു. കാരണം എന്റെ ആദ്യ പടത്തില്‍ ശരത് എന്ന ആളാണ് ഡബ്ബ് ചെയ്തത്,’ എന്നായിരുന്നു ആദ്യം നരേന്‍ പറഞ്ഞത്.
പുള്ളിക്ക് തമിഴ്‌നാടുമായി നല്ല കണക്ഷന്‍ ഉണ്ടായിരുന്നു. പിന്നെ സൂര്യ സാറിന്റെ അനിയനായ കാര്‍ത്തിയുടെ കൂട്ടുക്കാരന്‍ കൂടെയാണ്. എന്തോ ഭാഗ്യത്തിന് പുള്ളി സൂര്യ സാറിന് ശബ്ദം നല്‍കാമെന്ന് പറഞ്ഞു. പുള്ളി അസ്സലായി തന്നെ ചെയ്തു. നരേന്‍ ആണ് ചെയ്യുന്നത് എന്ന് പറഞ്ഞതും സൂര്യ സാര്‍ ഹാപ്പിയായി. അത് കഴിഞ്ഞ് ജയ് ഭീമിലും അദ്ദേഹം ഡബ്ബ് ചെയ്തിരുന്നു,’ ഷിബു കല്ലാര്‍ പറഞ്ഞു.
Content Highlight: Dubbing Artist Shibu Kallar Talks About Surya