ശബ്ദം കൊണ്ട് വളരെ പരിചിതനായ മലയാളത്തിലെ ഒരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റാണ് ഷിബു കല്ലാര്‍. തമിഴ് നടന്‍ വിജയ്ക്ക് ശബ്ദം നല്‍കിയത് വഴിയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ജില്ല, ബിഗില്‍, മാസ്റ്റര്‍, ലിയോ ഉള്‍പ്പെടെയുള്ള സിനിമകളില്‍ മലയാളത്തില്‍ വിജയ്ക്ക് ഡബ്ബ് ചെയ്തത് ഷിബു കല്ലാറാണ്.
ഇതിന് പുറമെ നിരവധി പേര്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. ഒപ്പം കൊച്ചു ടി.വിയിലെ കാര്‍ട്ടൂണായ ജാക്കി ചാനും ഷിബു കല്ലാര്‍ ഡബ്ബ് ചെയ്തിരുന്നു. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഒരിക്കലും മറക്കാത്ത ഒരു അനുഭവം തുറന്ന് പറയുകയാണ് അദ്ദേഹം.
‘ഞാനാണ് ഡബ്ബ് ചെയ്തതെന്ന് ആര്‍ക്കെങ്കിലും അറിയുമോ എന്നറിയില്ല. ജാക്കി ചാന്‍ എന്ന് പറഞ്ഞ് കൊച്ചു ടി.വിയില്‍ ഒരു കാര്‍ട്ടൂണ്‍ ഉണ്ടായിരുന്നു. ഭയങ്കര ഫേയ്മസായിരുന്നു ആ കാര്‍ട്ടൂണ്‍. അങ്ങനെ ഒരിക്കല്‍ ആ ചാനല്‍ എന്നെ വിളിച്ചിട്ട് ഒരു ലൈവ് പ്രോഗ്രാം നടത്തി.
ഞാന്‍ ചെന്നൈയിലായിരുന്നു. കേരളത്തില്‍ നിന്നും പുറത്ത് നിന്നുമുള്ള മലയാളികളായ കുട്ടികള്‍ എന്നെ വിളിക്കുമ്പോള്‍, ഞാന്‍ ഓരോ കോളുകളും എടുക്കുന്നു. കുട്ടികള്‍ വിളിച്ചിട്ട് ജാക്കി അങ്കിളാണോ എന്ന് ചോദിക്കും. അപ്പോള്‍ ഞാന്‍ ‘അതേ മോളെ, മോള്‍ എവിടുന്നാ വിളിക്കുന്നത്’ എന്ന് തിരിച്ച് ചോദിക്കും. ജാക്കി അങ്കിള്‍ എവിടെയാണെന്ന് ചോദിക്കുമ്പോള്‍ ചൈനയിലാണെന്ന് ഞാന്‍ പറഞ്ഞു.
ജാക്കി അങ്കിള്‍ ഞങ്ങളുടെ വീട്ടില്‍ വരുമോ? എന്താണ് ജാക്കിയുടെ ഭക്ഷണം? അതൊക്കെയാണ് അവരുടെ ചോദ്യം. ടി.വിയില്‍ ആ സമയത്ത് ജാക്കി ചാനുമായി നിങ്ങള്‍ക്ക് സംസാരിക്കാം എന്ന് പറഞ്ഞ് കൊടുത്തത് കണ്ടാണ് അവരൊക്കെ വിളിക്കുന്നത്. രാവിലെ എട്ട് മണിക്ക് കയറിയാല്‍ രാത്രി എട്ട് മണിവരെയൊക്കെ തുടര്‍ച്ചയായി കോളുകള്‍ വരികയായിരുന്നു.
അതിനിടയില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത ഒരു സംഭവമുണ്ടായി. അതായത് ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ഒരു കാര്യം. ഇതിനിടയില്‍ ഒരു കോള്‍ വന്നു. വളരെ സീരിയസായിട്ട് ആരോ വിളിച്ച് ‘ഹലോ ജാക്കി ചാന്‍ അല്ലേ’ എന്ന് ചോദിച്ചു. അതേയെന്ന് പറഞ്ഞപ്പോള്‍ ‘എന്റെ കൊച്ചുമകള്‍ക്ക് ഒന്ന് സംസാരിക്കണം, ജാക്കി ചാന്‍ സംസാരിക്കുമോ?’ എന്ന ചോദ്യം വന്നു. തീര്‍ച്ചയായും സംസാരിക്കാം സാര്‍ എന്ന് പറഞ്ഞു.
വിളിച്ചത് കുട്ടിയല്ലാത്തത് കൊണ്ട് ആ സമയത്ത് സീരിയസായിട്ടാണ് ഞാന്‍ സംസാരിച്ചത്. പിന്നാലെ ആ കുട്ടി സംസാരിക്കാന്‍ തുടങ്ങി. കുറേ പരാതികള്‍ എന്നോട് പറഞ്ഞു. ഞാന്‍ ആ കുട്ടിയോട് കുറേനേരം സംസാരിച്ചു. അതിന് ശേഷം, ആ ആള്‍ കുട്ടിയുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി വീണ്ടും എന്നോട് സംസാരിച്ചു. ‘നിങ്ങളെ എന്റെ കൊച്ചുമകള്‍ക്ക് വലിയ ഇഷ്ടമാണ്. ഞാന്‍ ഉമ്മന്‍ചാണ്ടിയാണ്’ എന്ന് പറഞ്ഞു.
ഞാന്‍ ശരിക്കും ഞെട്ടി പോയി. നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു അത്. ഞാന്‍ പെട്ടെന്ന് എന്നെ ആരെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്യുന്നതാണോ എന്ന് പോലും ഓര്‍ത്തുപോയി. പക്ഷേ അത് ഉമ്മന്‍ചാണ്ടി സാറായിരുന്നു. പുതുപ്പള്ളിയില്‍ നിന്നാണ് വിളിക്കുന്നതെന്നൊക്കെ സാര്‍ പറഞ്ഞു. അതോടെ എന്റെ ടോണും ജാക്കി ചാന്റെ ശബ്ദവും മാറി. അതെനിക്ക് മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായിരുന്നു. ഇപ്പോഴും അത് ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണ് നിറയും,’ ഷിബു കല്ലാര്‍ പറഞ്ഞു.
Content Highlight: Dubbing Artist Shibu Kallar Talks About Oommen Chandy