വിവിധ സിനിമകളിലായി നടന്‍ വിജയ്ക്ക് മലയാളത്തില്‍ ശബ്ദം നല്‍കിയത് വഴി സുപരിചിതനായ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റാണ് ഷിബു കല്ലാര്‍. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യയുടെ സൂരാരൈ പോട്രു എന്ന സിനിമ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യാന്‍ നടന്‍ നരേനെ കൊണ്ടുവന്നപ്പോഴുള്ള തന്റെ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ഷിബു കല്ലാര്‍.
‘സൂരാരൈ പോട്രു എന്ന ഒരു സിനിമ ചെയ്യുമ്പോള്‍ സൂര്യ സാര്‍ ആദ്യം തന്നെ എന്നോട് ഒരു സജക്ഷന്‍ പറഞ്ഞു. തന്റെ ശബ്ദം ഒരു സെലിബ്രിറ്റിയെ വെച്ച് ചെയ്യാമോ എന്നായിരുന്നു അത്. ഞാന്‍ അപ്പോള്‍ അതിന് ഒക്കെ പറഞ്ഞു. അപ്പോഴും ആലോചിച്ചത്, മലയാളത്തില്‍ നിന്ന് അദ്ദേഹത്തിന് ശബ്ദം കൊടുക്കാന്‍ ആരാകും അത്രയും ധൈര്യത്തില്‍ വരിക എന്നായിരുന്നു.
രണ്ടും കല്പിച്ചായിരുന്നു സൂര്യ സാറിന് വാക്ക് കൊടുത്തത്. ഞാന്‍ നേരെ നടന്‍ നരേന്‍ സാറിനെ കണ്ട് സംസാരിച്ചതും അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു. ‘എനിക്ക് ഡബ്ബിങ് അറിയില്ല ഷിബു. കാരണം എന്റെ ആദ്യ പടത്തില്‍ ശരത് എന്ന ആളാണ് ഡബ്ബ് ചെയ്തത്,’ എന്നായിരുന്നു ആദ്യം നരേന്‍ സാര്‍ പറഞ്ഞത്.
പിന്നെ പുള്ളിക്ക് തമിഴ്നാടുമായി നല്ല കണക്ഷന്‍ ഉണ്ടായിരുന്നു. അതുമാത്രമല്ല സൂര്യ സാറിന്റെ അനിയനായ കാര്‍ത്തിയുടെ കൂട്ടുക്കാരന്‍ കൂടെയാണ് നരേന്‍. എന്തോ ഭാഗ്യത്തിന് പുള്ളി സൂര്യ സാറിന് ശബ്ദം നല്‍കാമെന്ന് പറഞ്ഞു.
നാല് ലൈന്‍സ് ചെയ്തിട്ട് സൂര്യ സാറിന് കൊടുക്കാമെന്ന് കരുതി. എന്നാല്‍ നരേന്‍ ആണ് ഡബ്ബ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ പുള്ളി ഹാപ്പിയായി, ധൈര്യമായി ചെയ്യാന്‍ പറഞ്ഞു. നരേന്‍ അസ്സലായി തന്നെ ചെയ്തു.
നരേന്‍ സാര്‍ ഡബ്ബ് ചെയ്ത് കഴിഞ്ഞതും പറഞ്ഞത്, ‘ചേട്ടാ ഞാന്‍ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അല്ല. ഞാന്‍ ഒരു ആക്റ്റര്‍ ആണ്. പിന്നെ നമ്മള്‍ തമ്മിലുള്ള ബന്ധം വെച്ചാണ് ചെയ്തത്’ എന്നായിരുന്നു. എന്നാല്‍ ആ സിനിമ കഴിഞ്ഞതും ജയ് ഭീം വന്നു. അതിലും ഞാന്‍ നരേന്‍ സാറിനെ വിളിച്ചു.
‘എന്നെ വിട് ചേട്ടാ, എനിക്ക് സമയമില്ല. എനിക്ക് പടങ്ങള്‍ ചെയ്യാനുണ്ട്’ എന്നാണ് ആദ്യം പറഞ്ഞത്. പുള്ളി വന്നാല്‍ ഓടിച്ച് വിട്ട് ചെയ്യില്ല. അതാണ് ആളുടെ ക്വാളിറ്റി. പിന്നെ നരേന്‍ സാര്‍ ആവശ്യപെട്ടത്, ഞാന്‍ തന്നെ ടേക്ക് എടുക്കണം എന്നായിരുന്നു. ജയ് ഭീം കഴിഞ്ഞതും പിന്നെയും സിനിമകള്‍ ചെയ്തു. അങ്ങനെ പുള്ളി മുന്നോ നാലോ പടങ്ങളില്‍ സൂര്യ സാറിന് വേണ്ടി ഡബ്ബ് ചെയ്തു തന്നു,’ ഷിബു കല്ലാര്‍ പറഞ്ഞു.
Content Highlight: dubbing artist shibu kallar talks about narain and surya