നടന്‍ വിജയ്ക്ക് മലയാളത്തില്‍ ശബ്ദം നല്‍കുന്ന ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റാണ് ഷിബു കല്ലാര്‍. വിജയ്ക്ക് ശബ്ദം നല്‍കുമ്പോള്‍ തനിക്ക് ശരിക്കും നല്ല ബുദ്ധിമുട്ടായിരുന്നു എന്ന് തുറന്ന് പറയുകയാണ് അദ്ദേഹം.
വിജയ് വളരെ പതുക്കെ മാത്രമേ സംസാരിക്കുകയുള്ളൂവെന്നും ചുണ്ട് അധികം അനക്കില്ലെന്നും അപ്പോള്‍ തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നുമാണ് ഷിബു കല്ലാര്‍ പറയുന്നത്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ വിജയ് സാറിന് ഡബ്ബ് ചെയ്യുമ്പോള്‍ ശരിക്കും പറഞ്ഞാല്‍ നല്ല ബുദ്ധിമുട്ട് ആയിരുന്നു. അദ്ദേഹം വളരെ പതുക്കെ മാത്രമേ സംസാരിക്കുകയുള്ളൂ. ചുണ്ട് അധികം അനക്കില്ല. അപ്പോള്‍ എനിക്ക് ലിപ് പിടിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.
അദ്ദേഹത്തിന്റെ കുറേ സിനിമകള്‍ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. പഴയ പടങ്ങള്‍ ഒരുപാടുണ്ട്. എല്ലാത്തിന്റെയും പേര് എനിക്ക് ഓര്‍മയില്ല. വിജയ് സാര്‍ ലാലേട്ടന്റെ കൂടെ അഭിനയിച്ച ജില്ല, പിന്നെ ബിഗില്‍, മാസ്റ്റര്‍ പോലെയുള്ള സിനിമകളിലൊക്കെ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ലിയോ വരെയുള്ള സിനിമകള്‍ക്ക് ശബ്ദം കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.
വിജയ് സാറിന് ഡബ്ബ് ചെയ്യാനുള്ള സാഹചര്യത്തിലേക്ക് എങ്ങനെയെത്തിയെന്ന് ചോദിച്ചാല്‍, ഡബ്ബിങ്ങിലേക്ക് വളരെ വൈകിയെത്തിയ ഒരാളാണ് ഞാന്‍. എന്റെ ഭാര്യ ജോളി ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്. പുള്ളിക്കാരിയാണ് എന്നെ ഡബ്ബിങ്ങിലേക്ക് കൊണ്ടുവരുന്നത്.
ഞാന്‍ മ്യൂസിക്കുമായി നടക്കുന്ന ഒരാളായിരുന്നു. തിരുവനന്തപുരത്ത് ഞാന്‍ പത്തുപതിനഞ്ച് വര്‍ഷം സംഗീതവുമായി നടന്നിരുന്ന ആളാണ്. ചില ഹോട്ടലുകളില്‍ ഞാന്‍ പാട്ടുക്കാരനായി പോയിട്ടുണ്ട്.
ശബ്ദം നല്ലതായത് കൊണ്ട് ഒന്ന് ഡബ്ബ് ചെയ്ത് നോക്ക് എന്ന് പറഞ്ഞാണ് ഞാന്‍ ഡബ്ബിങ്ങില്‍ എത്തുന്നത്. പക്ഷേ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. മാഡം കൊറിയര്‍ എന്ന് പറയുന്നതായിരുന്നു എന്റെ ആദ്യ ഡയലോഗ്,’ ഷിബു കല്ലാര്‍ പറഞ്ഞു.
Content Highlight: Dubbing Artist Shibu Kallar About Vijay