വര്‍ഷങ്ങളായി ഡബ്ബിങ് രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ആര്‍ട്ടിസ്റ്റാണ് ദേവി. 500ലധികം ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച ദേവി ഒരു ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. 25ഓളം ചിത്രങ്ങളിലും ദേവി അഭിനയിച്ചിട്ടുണ്ട്. നടി മീനക്ക് പല സിനിമകളിലും ശബ്ദം നല്‍കിയത് ദേവിയാണ്. ദൃശ്യം 2വിലെ ഡബ്ബിങ്ങിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡും ദേവി സ്വന്തമാക്കി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയില്‍ മീനക്ക് ശബ്ദം നല്‍കിയപ്പോഴുള്ള അഭിനയം പങ്കുവെക്കുകയാണ് ദേവി.
ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്റെ കഥാപാത്രം ഗര്‍ഭിണിയാണെന്ന് മോഹന്‍ലാല്‍ മീനയോട് പറയുന്ന സീനില്‍ അദ്ദേഹം ഒരു പ്രത്യേക എക്‌സ്പ്രഷന്‍ ഇടുന്നുണ്ടെന്നും അത് കണ്ട് തനിക്ക് ചിരിയടക്കാനായില്ലെന്നും ദേവി പറഞ്ഞു. ഹെഡ്‌ഫോണ്‍ ഊരി വെച്ച് ഒരുപാട് നേരം ചിരിച്ച ശേഷമാണ് ബാക്കി സീന്‍ ഡബ് ചെയ്തതെന്ന് ദേവി കൂട്ടിച്ചേര്‍ത്തു. ആ സിനിമയില്‍ മീനയുടെ പല ഡയലോഗും ഡബ്ബിങ്ങിന്റെ സമയത്ത് ഇംപ്രൊവൈസ് ചെയ്തതാണെന്നും അതെല്ലാം വലിയ ഇംപാക്ട് ഉണ്ടാക്കിയെന്നും ദേവി പറഞ്ഞു.
മീന ഗര്‍ഭിണിയാണെന്ന് മോഹന്‍ലാല്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തോട് പറയുന്ന സീനില്‍ കാപ്പി എന്ന് പറയുന്ന ഡയലോഗ് ഷൂട്ടില്‍ ഇല്ലായിരുന്നെന്നും ഡബ് ചെയ്യുന്ന സമയത്ത് ചേര്‍ത്തതാണെന്നും ദേവി കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍മാര്‍ക്കറ്റിലെ സീനില്‍ ‘വാടാ മൂത്ത മോനേ’ എന്ന ഡയലോഗും ആ സ്‌പോട്ടില്‍ ഇംപ്രൊവൈസ് ചെയ്തതാണെന്നും പലരും ആ ഡയലോഗ് എടുത്തുപറയാറുണ്ടെന്നും ദേവി പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവി ഇക്കാര്യം പറഞ്ഞത്.
‘മറക്കാന്‍ പറ്റാത്ത ഒരുപാട് അനുഭവങ്ങള്‍ ഡബ്ബിങ്ങിന്റെ സമയത്ത് ഉണ്ടായിട്ടുണ്ട്. അതില്‍ ഈയടുത്ത് ഡബ്ബ് ചെയ്ത ബ്രോ ഡാഡിയിലും ഇതുപോലെ ഒരു അനുഭവമുണ്ടായിട്ടുണ്ട്. അതില്‍ കല്യാണിയുടെ ക്യാരക്ടര്‍ പ്രെഗ്നന്റാണെന്ന് ലാലേട്ടന്‍ മീനയോട് പറയുന്ന ഒരു സീനുണ്ട്. ആ സമയത്ത് പുള്ളി ഒരു പ്രത്യേക എക്‌സ്പ്രഷന്‍ ഇട്ടിട്ടുണ്ട്. ഞാനത് കണ്ട് ചിരിച്ച് ഒരു വഴിയായി. ഹെഡ്‌ഫോണൊക്കെ ഊരിവെച്ചിട്ടാണ് ചിരിച്ചത്. പുള്ളിക്ക് മാത്രമേ അതൊക്കെ ചെയ്യാന്‍ പറ്റൂ.
അതുപോലെ ആ സിനിമയില്‍ മീനയുടെ പല ഡയലോഗും ഡബ്ബിങ്ങിന്റെ സമയത്ത് ഇംപ്രൊവൈസ് ചെയ്തതാണ്. മീന പ്രെഗ്നന്റാണെന്ന് ലാലേട്ടന്റെ ക്യാരക്ടര്‍ പൃഥ്വിയോട് പറയുന്ന സീനില്‍ മീന കാപ്പി കൊണ്ടുവരുന്നുണ്ട്. ആ സമയത്ത് ‘കാപ്പി’ എന്ന് പ്രത്യേക രീതിയില്‍ മീന പറയുന്നത് ഡബ്ബിങ്ങിന്റെ സമയത്ത് ചേര്‍ത്തതാണ്. അതുപോലെ സൂപ്പര്‍മാര്‍ക്കറ്റിലെ സീനില്‍ ‘വാടാ മൂത്ത മോനേ’ എന്ന് പറയുന്നതൊക്കെ ആ സമയത്ത് ആഡ് ചെയ്തതാണ്. അതൊക്കെ വലിയ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്,’ ദേവി പറയുന്നു.
Content Highlight: Dubbing Artist Devi shares the dubbing experience of Bro Daddy movie