| Sunday, 18th November 2018, 12:32 pm

വൈരമുത്തു, നടന്‍ രാധാരവി എന്നിവര്‍ക്കെതിരെ മി ടൂ; ചിന്മയിയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായി ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. സൗത്ത് ഇന്ത്യന്‍ സിനി ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയനില്‍ നിനാണ് ചിന്മയിയെ പുറത്താക്കിയത്.

രണ്ടു വര്‍ഷമായി സംഘടനയിലെ അംഗത്വഫീസ് അടച്ചില്ല എന്ന കാരണം കാണിച്ചാണ് ചിന്മയിയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ ചിന്മയിക്ക് ഇനി തമിഴ് സിനിമകളില്‍ ഡബ്ബ് ചെയ്യാനാവില്ല. എന്നാല്‍, യാതൊരു മുന്‍കൂര്‍ നോട്ടീസും നല്‍കാതെയാണ് പുറത്താക്കിയതെന്ന് ചിന്മയി പറയുന്നു.


പുറത്താക്കുന്ന വിവരം സംഘടന തന്നെ അറിയിച്ചില്ലെന്ന് ചിന്മയി പറയുന്നു. രണ്ടു വര്‍ഷമായി വരിസംഖ്യ അടച്ചില്ലെന്ന് പറയുന്ന സംഘടന ഈ കാലമത്രയും തന്നില്‍ നിന്ന് ഡബ്ബിങ് വരുമാനത്തിന്റെ പത്ത് ശതമാനം ഈടാക്കുന്നുണ്ടെന്നും ചിന്മയി പറഞ്ഞു.

വൈരമുത്തു, നടന്‍ രാധാരവി എന്നിവര്‍ക്കെതിരേ മി ടൂ ആരോപണം ഉന്നയിച്ചശേഷം തന്റെ ഡബ്ബിങ് കരിയര്‍ അവസാനിക്കുമെന്ന ഭയമുണ്ടെന്ന് പറഞ്ഞുകൊണ്ട് ചിന്മയില്‍ ഒക്ടോബര്‍ ഒന്‍പതിന് ട്വീറ്റ് ചെയ്തിരുന്നു. 96 തന്റെ അവസാന ചിത്രമാണെന്നാണ് തോന്നുന്നതെന്നും ചിന്മയി പറഞ്ഞിരുന്നു. രാധാരവി ഡബ്ബിങ് യൂണിയന്റെ മേധാവിയായതാണ് ഭയത്തിന്റെ കാരണമെന്നും ചിന്മയി ട്വീറ്റില്‍ പറഞ്ഞിരുന്നു.

അതേസമയം, ചിന്മയി രണ്ട് വര്‍ഷമായി സൗത്ത് ഇന്ത്യ, സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിറ്റ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയനിലെ അംഗമായിരുന്നില്ലെന്നാണ് രാധാ രവി പറയുന്നത്. അറിയപ്പെടുന്ന ഒരു കലാകാരി ആയതുകൊണ്ട് മാത്രമാണ് ഈ കാലത്ത് അവരെ ഡബ്ബ് ചെയ്യാന്‍ അനുവദിച്ചതെന്നും രാധാ രവി വ്യക്തമാക്കി.


ഒക്ടോബറിലാണ് ചിന്മയി വൈരമുത്തുവിനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചത്. വൈരമുത്തു രണ്ടു തവണ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചിന്മയി ആരോപിച്ചിരുന്നത്. ഒരിക്കല്‍ പാട്ടിന്റെ വരികള്‍ വിശദീകരിച്ചു തരുന്നതിനിടെ വൈരമുത്തു തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും എന്തു ചെയ്യണമെന്ന് അറിയാതെ വൈരമുത്തുവിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ചിന്മയി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more