[]നടി ശ്വേതാ മേനോന്റെ പ്രസവ രംഗത്തിലൂടെ വിവാദമായി മാറിയ ##കളിമണ്ണ് എന്ന ചിത്രത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. []
പ്രസവം കാണിക്കാനുള്ള ഒരു ചിത്രമല്ല കളിമണ്ണെന്നും മറിച്ച് മാതൃത്വത്തിന്റെ മഹത്വത്തേയും ആഴത്തേയും വ്യക്തമായി വരച്ചു കാട്ടുന്ന ചിത്രമാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
വിവാദമുണ്ടാക്കുന്നവര്‍ സിനിമ കണ്ട് കഴിഞ്ഞാല്‍ ലജ്ജിക്കേണ്ടിവരും. അഞ്ചോളം സ്ത്രീകള്‍ അടങ്ങിയ സെന്‍സര്‍ ബോര്‍ഡാണ് കള്ളിമണ്ണിന് പ്രദര്‍ശനാനുമതി നല്‍കിയത്.
സ്ത്രീയെ മോശമായി ചിത്രീകരിക്കുന്നു എന്നു പറയാനുള്ള അവകാശം മറ്റൊരു സ്ത്രീക്കാണ്. അത്തരത്തില്‍ സിനിമ കണ്ട സ്ത്രീകള്‍ ആ ചിത്രത്തെ അംഗീകരിച്ചെങ്കില്‍ പിന്നെ ഇവിടെ ആര്‍ക്കാണ് പ്രശ്‌നമുള്ളത്.
സ്ത്രീകളെ വെറും സെക്‌സ് ഉപകരണങ്ങളാക്കി ഇവിടെ പല ചിത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്. അതിനോടൊന്നും ആര്‍ക്കും ഒരു വിരോധവുമില്ല. പിന്നെ കളിമണ്ണിനോട് മാത്രം എന്തിനാണ് ഈ നിലപാടെടുക്കുന്നതെന്നും ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു.
കളിമണ്ണിലെ പ്രധാന കഥാപാത്രമായ സുഹാസിനിക്ക് ശബ്ദം നല്‍കിയത് ഞാനാണ്. ചിത്രം മുഴുവന്‍ ഞാന്‍ കണ്ടു. അതില്‍ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന ഒരൊറ്റ രംഗം പോലും ഇല്ല.
ഒരിക്കല്‍ പോലും സ്ത്രീകളെ മോശമായി അവതരിപ്പിക്കാത്ത സംവിധായകനാണ് ബ്ലെസി. ആളുകള്‍ക്കിടയില്‍ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് സിനിമയെ കുറിച്ച് സംവിധായകനുമായി സംസാരിക്കുകയായിരുന്നു വേണ്ടത്.
പ്രസവം കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇന്ന് ഇന്റര്‍നെറ്റില്‍ എത്ര വീഡിയോകള്‍ വരെ വേണമെങ്കിലും ഉണ്ടാകും. എന്നാല്‍ കളിമണ്ണ് പ്രസവം കാണിക്കാനുള്ള ചിത്രമല്ല.
ചിത്രം പുറത്തിറങ്ങിയതിനു ശേഷം അതില്‍ കുഴപ്പങ്ങളുണ്ടെന്നു കണ്ടെത്തിയാല്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് പ്രദര്‍ശനാനുമതി തടയാമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.