| Sunday, 25th June 2023, 10:49 pm

വൈശാലിയില്‍ നരേന്ദ്രപ്രസാദാണ് എനിക്ക് പകരം ആ നടന് ഡബ്ബ് ചെയ്തിട്ടുള്ളത്: പ്രൊഫ. അലിയാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വൈശാലി സിനിമയില്‍ ബാബു ആന്റണിക്ക് ഡബ്ബ് ചെയ്തിട്ടുള്ളത് നരേന്ദ്രപ്രസാദാണെന്ന് നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രൊഫ. അലിയാര്‍. പല സിനിമകളിലും ബാബു ആന്റണിക്ക് ഡബ്ബ് ചെയ്തിട്ടുള്ള തനിക്ക് പകരം വൈശാലിയില്‍ ഭരതന്‍ നരേന്ദ്രപ്രസാദിനാണ് അവസരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഭരതന്റെ ആ തീരുമാനം മികച്ചതായിരുന്നു എന്നും സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ അലിയാര്‍ പറഞ്ഞു.

‘ഡബ്ബിങ്ങിന്റെ മേഖലയില്‍ വളരെ രസകരമായ അനുഭവങ്ങളും ബുദ്ധിമുട്ടേറിയ അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. കാസര്‍കോഡ് ഖാദര്‍ഭായ് എന്ന സിനിമയില്‍ ബാബു ആന്റണിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുള്ളത് ഞാനാണ്.

വെറെയും നിരവധി സിനിമകളില്‍ ബാബു ആന്റണിക്ക് വേണ്ടി ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. അതേ സമയം വൈശാലി എന്ന സിനിമയില്‍ ബാബു ആന്റണിക്ക് ഡബ്ബ് ചെയ്യാന്‍ അവസരം കിട്ടിയത് നരേന്ദ്രപ്രസാദിനാണ്.

അത് നല്ല അവസരമായിരുന്നെങ്കിലും പക്ഷെ ഭരതന്‍ എന്ത് കൊണ്ടോ ആ അവസരം നരേന്ദ്രപ്രസാദിന് നല്‍കി. ബാബു ആന്റണിക്ക് പല സിനിമകളിലും ഡബ്ബ് ചെയ്ത എനിക്ക് ലഭിച്ചില്ല. പക്ഷെ ആ തീരുമാനം മികച്ചതായിരുന്നു എന്ന് പിന്നീട് ഞങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ പറയുകയും ചെയ്തു. അങ്ങനെ കുറെ അനുഭവങ്ങള്‍ ഈ ഡബ്ബിങ്ങിന്റെ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.

96ലോ മറ്റോ ആണെന്ന് തോന്നുന്നു. കിംഗ് എന്ന മമ്മൂട്ടിയുടെ സിനിമയില്‍ ഞാനൊരു വേഷം ചെയ്തിരുന്നു. മണിയന്‍പിള്ള രാജുവിന്റെ അസാന്നിധ്യത്തിലാണ് എനിക്ക് ആ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വരാന്‍ പറ്റാത്തത് കൊണ്ട് പകരം എന്നെ വിളിക്കുകയായിരുന്നു. ആര്‍.ഡി.ഒ സുദേവന്‍ എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്തത്. മമ്മൂട്ടിയുടെ എന്‍ട്രി സീനില്‍ തന്നെ ഈ കഥാപാത്രമുണ്ട്. അതൊരു വലിയ വെടിവെപ്പില്‍ കലാശിക്കുന്ന സീനാണ്. മമ്മൂട്ടിയുമായി സംഭാഷങ്ങളൊക്കെയുള്ള ഒരു സീനായിരുന്നു അത്. മലപ്പുറത്ത് വര്‍ക്ക് ചെയ്യുമ്പോഴാണ് അത് ചെയ്തത്,’ അലിയാര്‍ പറഞ്ഞു.

content highlights: Dubbed Babu Antony in Vaishali by Narendra Prasad : Prof Aliyar

Latest Stories

We use cookies to give you the best possible experience. Learn more