| Monday, 29th March 2021, 10:00 am

അറബ് വസന്തത്തില്‍ ആഫ്രിക്കയില്‍ നിന്ന് നേട്ടം കൊയ്തത് ദുബായ്; വെല്ലുവിളി പ്രതിരോധിക്കാന്‍ പുതിയ നീക്കങ്ങളുമായി സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: അറബ് വസന്തത്തിന് ശേഷം ആഫ്രിക്കന്‍ കമ്പനികളുടെ ഇഷ്ടതാവളമായി ദുബായ് മാറി. ദുബായില്‍ ഇപ്പോള്‍ 21,000 ആഫ്രിക്കന്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 2017 നു ശേഷം ദുബായില്‍ പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ കമ്പനികളുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു.

അറബ് വസന്തം വലിയ ശക്തിയാര്‍ജിച്ചതിന് പിന്നാലെയാണ് ദുബായിലേക്ക് ആഫ്രിക്കന്‍ കമ്പനികള്‍ കൂടുതലായി എത്തിയത്.

”2011നു ശേഷം ആഫ്രിക്കയില്‍ നിന്നും നിരവധി കമ്പനികള്‍ ദുബായിലേക്ക് എത്തിയിട്ടുണ്ട്. അറബ് വസന്തം ആഫ്രിക്കന്‍ കമ്പനികളെ ദുബായിലെത്തിക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്,” ഗള്‍ഫ് സ്റ്റേറ്റ് അനാലിറ്റിക്‌സിന്റെ മുതിര്‍ന്ന ഉപദേശകന്‍ തിയോഡര്‍ കരാസിക് പറഞ്ഞു.

ആഫ്രിക്കയില്‍ നിന്നും ദുബായിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണ് ഉണ്ടായത്. 1984ല്‍ 6954 സഞ്ചാരികള്‍ മാത്രമാണ് ആഫ്രിക്കയില്‍ നിന്നും ദുബായിലേക്ക് എത്തിയത്. എന്നാല്‍ 2019ല്‍ 810,000 പേരാണ് ആഫ്രിക്കയില്‍ ദുബായിലേക്ക് എത്തിയത്.
ആഫ്രിക്കയുമായുള്ള ദുബായിയുടെ വ്യാപാരത്തിലും 3 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

അതേസമയം വിദേശ കമ്പനികളെ തങ്ങളിലേക്കടുപ്പിക്കാന്‍ സൗദി അറേബ്യയും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. പ്രാഥമിക ഘട്ടത്തിലുള്ള പ്രോഗ്രാം എച്ച് ക്യു എന്ന പദ്ധതിയിലൂടെ അന്താരാഷ്ട്ര ബിസിനസ് സംരഭകരോട് അവരുടെ ആസ്ഥാനം സൗദിയിലാക്കാനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദേശിക്കുന്നത്. ഇത് പ്രധാനമായും ദുബായിയെ വെല്ലുവിളിക്കുന്നതാണ് എന്ന് നിരീക്ഷണങ്ങള്‍ ഉയര്‍ന്നിരുന്നു.

യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോട് ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി സമ്മര്‍ദ്ദം ശക്തമാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

2024 ജനുവരി മുതല്‍ സൗദി സര്‍ക്കാരും സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനങ്ങളും സൗദി അറേബ്യയല്ലാത്ത മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടുന്നത് അവസാനിപ്പിക്കുമെന്നാണ് സൗദി അറിയിച്ചത്.

ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ മാത്രം ആശ്രയിച്ച് സൗദി അറേബ്യയുടെ സമ്പത്ത് വ്യവസ്ഥ നിലനിര്‍ത്താതെ വാണിജ്യമേഖലയിലേക്കും കടക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
സൗദിയുടെ അടുത്ത സഖ്യകക്ഷിയായ യു.എ.ഇയിലെ ദുബായ് നഗരം വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മിഡില്‍ ഈസ്റ്റിലെ ബിസിനസ് ഹബ്ബായി വളര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dubai, the business capital of Africa

We use cookies to give you the best possible experience. Learn more