| Thursday, 19th July 2012, 11:07 am

ദുബായ് വെടിവെപ്പ്: കപ്പലില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് പോലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ദുബായ് തീരത്ത് യു.എസ് കപ്പലില്‍ നിന്ന് വെടിയേറ്റ് ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കപ്പലില്‍ നിന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ദുബായ് പോലീസ്. []

പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജന. ദാഹി ഖാല്‍ഫാന്‍ തമീം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരിക്കേറ്റവര്‍ പറഞ്ഞിരിക്കുന്ന മൊഴി സത്യസന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കപ്പലിന് നേര്‍ക്ക് ബോട്ട് അടുപ്പിച്ചതാണ് വെടിവെയ്ക്കാന്‍ കാരണമെന്ന യു.എസ് വാദവും പരിക്കേറ്റവര്‍ നിഷേധിച്ചിട്ടുണ്ട്.

കപ്പലിനടുത്ത് നിന്നും ബോട്ട് ഒഴിച്ചുമാറ്റാനാണ് തങ്ങള്‍ ശ്രമിച്ചതെന്നാണ് അവരുടെ മൊഴി. കപ്പലിനടുത്തേക്ക് ബോട്ട് അടുപ്പിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും യാതൊരു പ്രകോപനവും കൂടാതെ കപ്പലില്‍ നിന്നും വെടിയുതിര്‍ക്കുകായിരുന്നെന്നും പരിക്കേറ്റവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കപ്പലില്‍ നിന്നുണ്ടായ വെടിവെപ്പില്‍ തമിഴ്‌നാട് സ്വദേശിയായ ശേഖര്‍ ആണ്  കൊല്ലപ്പെട്ടത്. പല തവണ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചും ബോട്ട് കപ്പലിന് നേര്‍ക്ക് വന്നതാണ് വെടിവെയ്ക്കാന്‍ കാരണമെന്നായിരുന്നു യു.എസ് നല്‍കിയ വിശദീകരണം.

We use cookies to give you the best possible experience. Learn more