ദുബായ്: ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 30 ശതമാനം മദ്യനികുതി ഒഴിവാക്കി ദുബായ് ഭരണകൂടം. കൂടാതെ, വ്യക്തിഗത ആല്‍ക്കഹോള്‍ ലൈസന്‍സെടുക്കുന്നതിനുള്ള ചാര്‍ജും ഒഴിവാക്കി (മദ്യം വാങ്ങിക്കാനും ഉപയോഗിക്കാനുമുള്ള ലൈസന്‍സ്).
കുറച്ചുനാളുകളായി ദുബായ് മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയും. റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത് മദ്യം വില്‍ക്കാനും കൊവിഡ് സമയത്ത് ഹോം ഡെലിവറി ചെയ്യാനും ദുബായില്‍ അനുമതിയുണ്ടായിരുന്നു.
അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് ദുബായ് നഗരത്തെ വിദേശികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റാനുള്ള ഈ ശ്രമം.
കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നീക്കം പക്ഷേ സ്ഥിരമാകുമോ എന്ന കാര്യം വ്യക്തമല്ല. ഒരു വര്‍ഷത്തെ ട്രയല്‍ എന്ന നിലയിലാണ് ഈ നീക്കമെന്നാണ് ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടീവുകളെ ഉദ്ദരിച്ചുകൊണ്ട് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
ദുബായില്‍ മദ്യ വിതരണം നടത്തുന്ന മാരിടൈം ആന്റ് മെര്‍ക്കന്റൈല്‍ ഇന്റര്‍നാഷണല്‍ (Maritime and Mercantile International (MMI)), ആഫ്രിക്കന്‍ ആന്റ് ഈസ്റ്റേണ്‍ എന്നീ കമ്പനികള്‍ ടാക്‌സ് വെട്ടിക്കുറച്ചത് തങ്ങളുടെ ഫലത്തില്‍ വരുത്തുമെന്ന് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു.
‘100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ എമിറേറ്റിന്റെ സമീപനം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതാണ്,’ എം.എം.ഐ വക്താവ് ടൈറോണ്‍ റീഡ് എ.പിയോട് പറഞ്ഞു.
ഗള്‍ഫിന്റെ പാര്‍ട്ടി തലസ്ഥാനം എന്നറിയപ്പെടുന്ന ദുബായില്‍ സ്വദേശികളേക്കാള്‍ ഒമ്പതിരട്ടി പ്രവാസികളാണ്. വിമാന കമ്പനിയായ എമിറേറ്റ്‌സിന്റെ ആസ്ഥാനമായ യു.എ.ഇയിലെ മികച്ച യാത്രാ കേന്ദ്രമാണ് ദുബായ്. ദുബായുടെ സമ്പദ് വ്യവസ്ഥയിലെ പ്രധാന വരുമാനത്തിലൊന്നാണ് മദ്യ വില്‍പ്പന.
ദുബായ് സ്വദേശികള്‍ സാധാരണയായി ഉമ്മുല്‍-ഖുവൈനിയിലേക്കും മറ്റ് എമിറേറ്റുകളിലേക്കുമാണ് മദ്യം മൊത്തമായി വാങ്ങാന്‍ പോകുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലിബറല്‍ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനാല്‍ തന്നെ വിനോദ സഞ്ചാരികളെയും സമ്പന്നരായ പ്രവാസി തൊഴിലാളികളെയും ആകര്‍ഷിക്കാന്‍ ദുബായിക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാലിപ്പോള്‍ അയല്‍ രാജ്യങ്ങള്‍ അവരുടെ ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ് മേഖലകളില്‍ ദിനംപ്രതി വികസിപ്പിക്കുന്നതിനാല്‍ കടുത്ത മത്സരമാണ് ദുബായ് നേരിടുന്നത്.
ദുബായിലെ അമുസ്‌ലിങ്ങള്‍ക്ക് മദ്യം ഉപയോഗിക്കാന്‍ 21 വയസ് തികയണം. കൂടാതെ മദ്യം വാങ്ങിക്കാനും കൊണ്ടുപോകാനും ഉപയോഗിക്കാനും ദുബായ് പൊലീസ് നല്‍കുന്ന വ്യക്തിഗത ആല്‍ക്കഹോള്‍ ലൈസന്‍സും ആവശ്യമാണ്. ഈ കാര്‍ഡ് കൈവശമില്ലാത്തപക്ഷം പിഴയും അറസ്റ്റും നേരിടേണ്ടി വരും.
അതേസമയം, ദുബായിയുമായി അതിര്‍ത്തി പങ്കിടുന്ന എമിറേറ്റായ ഷാര്‍ജ, സമീപ രാജ്യങ്ങളായ ഇറാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവടെയെല്ലാം മധ്യനിരോധനം നിലവിലുണ്ട്. യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയിലും ആല്‍ക്കഹോള്‍ ലൈസന്‍സ് സംവിധാനം 2020ല്‍ തന്നെ അവസാനിപ്പിച്ചിരുന്നു.