ദുബായ് ഭരണാധികാരി അല്‍-മക്തൂം പ്രിന്‍സസ് ഹയക്ക് നല്‍കേണ്ടത് 734 മില്യണ്‍ ഡോളര്‍; ലണ്ടന്‍ ഹൈക്കോടതിയുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ജീവനാംശത്തുക
World News
ദുബായ് ഭരണാധികാരി അല്‍-മക്തൂം പ്രിന്‍സസ് ഹയക്ക് നല്‍കേണ്ടത് 734 മില്യണ്‍ ഡോളര്‍; ലണ്ടന്‍ ഹൈക്കോടതിയുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ജീവനാംശത്തുക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd December 2021, 8:33 am

ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം മുന്‍ ഭാര്യ ഹയ രാജകുമാരിക്കും മക്കള്‍ക്കും ജീവനാംശം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. വിവാഹമോചിതരായ ഇരുവരും മക്കളുടെ കസ്റ്റഡി അവകാശത്തിന് വേണ്ടി നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് സെറ്റില്‍മെന്റ് തുക പറഞ്ഞ് വിധി പുറപ്പെടുവിച്ചത്.

കുറഞ്ഞത് 554 മില്യണ്‍ പൗണ്ട് (734 മില്യണ്‍ ഡോളര്‍) നല്‍കണമെന്നാണ് ലണ്ടനിലെ കുടുംബ കോടതി ഉത്തരവിട്ടത്. ലണ്ടനിലെ കോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാഹമോചന ജീവനാംശ തുകയാണിത്.

പ്രിന്‍സസ് ഹയ ബിന്ദ് അല്‍ ഹുസൈന് മൂന്ന് മാസത്തിനുള്ളില്‍ 251.5 മില്യണ്‍ പൗണ്ട് നല്‍കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.

ഹയയുടെയും മക്കളുടെയും സുരക്ഷക്കും, വേര്‍പിരിയലിന്റെ സമയത്ത് അവര്‍ക്ക് നഷ്ടമായ വസ്ത്രം, ആഭരണങ്ങള്‍ എന്നിവയുടെ നഷ്ടപരിഹാരത്തുകയുമായാണ് ഈ തുക.

ഇരുവരുടെയും രണ്ട് കുട്ടികള്‍ക്ക് വേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനായും വര്‍ഷം തോറും 11 മില്യണ്‍ പൗണ്ട് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

പ്രിന്‍സസ് ഹയയും മുന്‍ ഭര്‍ത്താവ് അല്‍ മക്തൂമും തമ്മില്‍ മാസങ്ങളായി തുടരുന്ന നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം.

ഹയ രാജകുമാരിയുടെയും അവരുടെ അഭിഭാഷകരുടേയും ഫോണ്‍ ചോര്‍ത്താന്‍ അല്‍-മക്തൂം ഉത്തരവിട്ടിരുന്നതായി നേരത്തെ ബ്രിട്ടനിലെ കോടതി കണ്ടെത്തിയിരുന്നു.

ഇസ്രാഈലി കമ്പനിയായ എന്‍.എസ്.ഒ വികസിപ്പിച്ച ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ചായിരുന്നു ചോര്‍ത്തല്‍.

ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുടെ അര്‍ധ സഹോദരി കൂടിയായ പ്രിന്‍സസ് ഹയയുടെയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും ഫോണുകളായിരുന്നു അല്‍-മക്തൂം ചോര്‍ത്തിയത്.

ഇരുവരുടേയും കുട്ടികളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച കേസ് ബ്രിട്ടനിലെ കോടതിയില്‍ നടന്നു കൊണ്ടിരിക്കേയായിരുന്നു ചോര്‍ത്തല്‍.

ലണ്ടനില്‍ ഹയ രാജകുമാരി താമസിച്ചിരുന്ന കൊട്ടാരത്തോട് ചേര്‍ന്നായി ഷെയ്ഖ് മുഹമ്മദിന്റെ അനുയായികള്‍ വീട് വാങ്ങാന്‍ ശ്രമിച്ചിരുന്നതായും കോടതി കണ്ടെത്തിയിരുന്നു.

മറ്റൊരു ഭാര്യയിലുള്ള തന്റെ രണ്ട് പെണ്‍മക്കളെ ഷെയ്ഖ് മുഹമ്മദ് തട്ടിക്കൊണ്ടു പോയെന്നും ഉപദ്രവിച്ചെന്നും മുമ്പ് കോടതി കണ്ടെത്തിയിരുന്നു.

തന്റെ രണ്ട് കുട്ടികളേയും കൊണ്ട് 72കാരനായ ഷെയ്ഖ് മുഹമ്മദിന്റെ അടുത്ത് നിന്നും ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് പോന്നതായിരുന്നു 47കാരിയായ ഹയ. 2019 ഏപ്രിലിലായിരുന്നു ഹയ ബ്രിട്ടനിലെത്തിയത്.

തന്റെയും മക്കളുടെയും ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ അവര്‍ മക്കളുടെ കസ്റ്റഡി അവകാശത്തിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിലായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Dubai ruler ordered to pay princess $734m in royal divorce case