| Thursday, 7th October 2021, 9:40 am

മുന്‍ ഭാര്യയുടെ ഫോണ്‍ ദുബായ് ഭരണാധികാരി പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി; ബ്രിട്ടീഷ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: മുന്‍ ഭാര്യയുടെ ഫോണ്‍ ദുബായ് ഭരണാധികാരി അധികാരം ദുരുപയോഗം ചെയ്ത് ചോര്‍ത്തിയിരുന്നതായി ബ്രിട്ടീഷ് കോടതി. മുന്‍ ഭാര്യയുടേയും അവരുടെ അഭിഭാഷകരുടേയും ഫോണ്‍ ചോര്‍ത്താന്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം ഉത്തരവിട്ടിരുന്നതായാണ് ബ്രിട്ടനിലെ കോടതി കണ്ടെത്തിയത്.

തന്‍റെ മുന്‍ ഭാര്യ പ്രിന്‍സസ് ഹയ ബിന്ദ് അല്‍-ഹുസൈന്‍റെ ഫോണാണ്  ഇസ്രാഈലി കമ്പനിയായ എന്‍.എസ്.ഒ വികസിപ്പിച്ച ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ച് ഷെയ്ഖ് മുഹമ്മദ് ചോര്‍ത്തിയത്.

കഴിഞ്ഞ മെയ് അഞ്ചിന് നടത്തിയ വിധി പ്രസ്താവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം.

ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുടെ അര്‍ധ സഹോദരി കൂടിയായ പ്രിന്‍സസ് ഹയ ബിന്ദ് അല്‍-ഹുസൈന്റേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും ഫോണുകളാണ് ഷെയ്ഖ് മുഹമ്മദ് ചോര്‍ത്തിയത്. ഇരുവരുടേയും കുട്ടികളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച കേസ് ബ്രിട്ടനിലെ കോടതിയില്‍ നടന്നു കൊണ്ടിരിക്കേയാണ് ഫോണ്‍ ചോര്‍ത്തിയത്.

ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ ഹയ രാജകുമാരി താമസിച്ചിരുന്ന കൊട്ടാരത്തോട് ചേര്‍ന്നായി ഷെയ്ഖ് മുഹമ്മദിന്റെ അനുയായികള്‍ വീട് വാങ്ങാന്‍ ശ്രമിച്ചിരുന്നതായും കോടതി കണ്ടെത്തി. ഇത് ഹയ രാജകുമാരിക്ക് താന്‍ വേട്ടായാടപ്പെടുന്നതായും സുരക്ഷിതയല്ലെന്നും തോന്നാന്‍ കാരണമായെന്നും കോടതി പറഞ്ഞു.

മറ്റൊരു ഭാര്യയിലുള്ള തന്റെ രണ്ട് പെണ്‍മക്കളെ ഷെയ്ഖ് മുഹമ്മദ് തട്ടിക്കൊണ്ടു പോയെന്നും ഉപദ്രവിച്ചെന്നും കോടതി കണ്ടെത്തി ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ മുന്‍ ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയിരുന്നതായും കണ്ടെത്തിയത്.

”വിശ്വാസത്തെ ദുരുപയോഗം ചെയ്തു എന്നാണ് ഈ കണ്ടെത്തലുകള്‍ പറയുന്നത്. ഒരു പരിധിവരെ ഇത് അധികാരത്തിന്റെ ദുര്‍വിനിയോഗം കൂടിയാണ്,” ജഡ്ജി ആന്‍ഡ്രൂ മക്ഫാര്‍ലേയ്ന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചോര്‍ത്തലിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നതായും കോടതി പറഞ്ഞു. ദ ഗാര്‍ഡിയന്‍ പത്രമായിരുന്നു അന്ന് വിവരം പുറത്ത് വിട്ടത്. കോടതി വിധിയെ തള്ളിക്കളഞ്ഞ ദുബായ് രാജാവ് വിധി അവ്യക്തമാണെന്നായിരുന്നു പ്രതികരിച്ചത്.

തന്റെ രണ്ട് കുട്ടികളേയും കൊണ്ട് 72കാരനായ ഷെയ്ഖ് മുഹമ്മദിന്റെ അടുത്ത് നിന്നും ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് പോന്നതായിരുന്നു 47കാരിയായ ഹയ ബിന്ദ് അല്‍-ഹുസൈന്‍. 2019 ഏപ്രിലിലായിരുന്നു ഹയ ബ്രിട്ടനിലെത്തിയത്.

തന്റെ ജീവന ഭീഷണിയുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതിന് ശേഷം മക്കളുടെ കസ്റ്റഡി അവകാശത്തിന് വേണ്ടി നിയമ പോരാട്ടത്തിലാണ് ഇരുവരും.

ഹയയുടെ അഭിഭാഷക ഫ്‌യോണ ഷാക്ക്ള്‍ടണും ഫോണ്‍ ചോര്‍ത്തലിന് ഇരയായിട്ടുണ്ട്. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റേയും ഡയാനയുടേയും വിവാഹമോചനക്കേസില്‍ ചാള്‍സിന്റേയും അഭിഭാഷകയായിരുന്നു ഷാക്ക്ള്‍ടണ്‍.

ഹാക്കിംഗ് വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ദുബായുമായുള്ള കരാര്‍ എന്‍.എസ്.ഒ റദ്ദാക്കിയിരുന്നു. എന്നാല്‍ ബ്രിട്ടനും ദുബായ്ക്കും ഇടയിലുള്ള കരാറുകളേയും ബന്ധങ്ങളേയും ഈ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത ബാധിച്ചിരുന്നില്ല. ഗള്‍ഫില്‍ ബ്രിട്ടനുമായി ഏറ്റവും അടുപ്പമുള്ള രാജ്യം കൂടിയാണ് യു.എ.ഇ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Dubai Ruler hacked ex-wife using Pegasus spyware

Latest Stories

We use cookies to give you the best possible experience. Learn more