| Tuesday, 27th February 2018, 5:19 pm

നടപടികള്‍ പൂര്‍ത്തിയായി; ശ്രീദേവിയുടെ മൃതദേഹം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ട് വരാനായി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. എംബാം നടപടികള്‍ പൂര്‍ത്തിയായി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ ലഭിച്ച ശേഷമാണ് മൃതദേഹം വിമാനത്താവളത്തിലേക്ക് കൊണ്ട് പോകുന്നത്.

മുകേഷ് അംബാനിയുടെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലായിരിക്കും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ട് വരിക. വൈകീട്ട് ഒന്‍പതു മണിയോടെ മൃതദേഹം മുംബൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ സംസ്‌കാര ചടങ്ങുകള്‍ക്കായി മുംബൈയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം എത്തിയതിനു ശേഷം മാത്രമേ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുകയുവെന്ന് കപൂര്‍ കുടുംബം പ്രതികരിച്ചു.

മൂന്നു ദിവസമായി നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനുള്ള തടസം നീങ്ങിയത്. ശനിയാഴ്ച രാത്രി ദുബൈയിലെ ഹോട്ടല്‍ മുറിയിലായിരുന്നു ശ്രീദേവിയുടെ മരണം.

അതേസമയം ശ്രീദേവിയുടെ മരണത്തില്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം അവസാനിപ്പിച്ചു. അബദ്ധത്തിലുള്ള മുങ്ങിമരണമാണ് സംഭവിച്ചതെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് അംഗീകരിച്ച പ്രോസിക്യൂഷന്‍ ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കുകയുണ്ടായി.

We use cookies to give you the best possible experience. Learn more