റിയാദ്: ചെറുനാരങ്ങയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 120 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി ദുബായ് പൊലീസ്. 11,60,500 ക്യാപ്റ്റഗണ്‍ ഗുളികകളാണ് നാരങ്ങകളില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്.
ഇവയ്ക്ക് 5.8 കോടി ദിര്‍ഹം (120 കോടിയിലധികം ഇന്ത്യന്‍ രൂപ) വില വരുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നാല് അറബ് പൗരന്‍മാരെ പിടികൂടിയിട്ടുണ്ട്.
പൊലീസും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് കണ്ടെത്താനായതെന്ന് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.
’66’ പേരിട്ടിരുന്ന ഓപ്പറേഷനിലൂടെയാണ് കള്ളക്കടത്ത് സംഘത്തെ വലയിലാക്കിയത്. വിദേശത്ത് നിന്നെത്തിയ ശീതീകരിച്ച ഒരു കണ്ടെയ്‌നറിലായിരുന്നു മയക്കുമരുന്ന് എത്തിയത്.
നാരങ്ങ നിറച്ചിരുന്ന പെട്ടികളില്‍ ഇടയ്ക്ക് നാരങ്ങയുടെ അതേ വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമുള്ള ‘പ്ലാസ്റ്റിക് നാരങ്ങകളും’ സജ്ജീകരിച്ചു. ഇവയുടെ ഉള്ളിലായിരുന്നു മയക്കുമരുന്ന് നിറച്ചിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. മയക്കുമരുന്ന് സംഘത്തിന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് പൊലീസ് പ്രതികളെ നേരിട്ടെത്തി പിടികൂടിയത്. ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ച മയക്കുമരുന്നാണിതെന്നാണ് പ്രാഥമിക നിഗമനം.