| Monday, 8th June 2020, 5:34 pm

'ഖത്തറിനെ കീഴടക്കുക, ഇസ്രഈലിനെ മിത്രമാക്കുക'; വിവാദമായി ദുബായ് പൊലീസ് കമാന്‍ഡറുടെ പരാമര്‍ശങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ഖത്തറിനെക്കുറിച്ചും, ഇസ്രഈലിനെക്കുറിച്ചും നടത്തിയ ട്വീറ്റുകളെ ചൊല്ലി വിവാദത്തിലായി ദുബായ് പൊലീസ് ചീഫ് ജനറല്‍ ഖാനി ഖല്‍ഫാന്‍.
ഖത്തറിനെ കീഴടക്കാനും ഇസ്രഈലിനെ യു.എ.ഇയുടെ മിത്രമാക്കാനും ആണ് ഇദ്ദേഹം ആഹ്വാനം ചെയ്തത്.

‘ഖത്തറിനു മേലുള്ള അറബ് കീഴടക്കല്‍, ഒപ്പം ആ ചെറുപ്പക്കാരന്റെ അറസ്റ്റും…ഇത് പല പ്രശ്‌നങ്ങളും അവസാനിപ്പിക്കും,ഖത്തര്‍ അതര്‍ഹിക്കുന്ന ആര്‍ക്കെങ്കിലും കൈമാറുക. ഇസ്രഈലുമായുള്ള അനുരഞ്ജനത്തിലേക്ക് കടക്കുക. എല്ലാം അവസാനിക്കും..,’ ഖാനി ഖല്‍ഫാന്‍ ട്വീറ്റ് ചെയ്തു.

ഇതോടുനബന്ധിച്ചുള്ള കുറച്ചു ട്വീറ്റുകളും പൊലീസ് മേധാവി നടത്തിയിട്ടുണ്ട്. ട്വീറ്റുകള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഖത്തര്‍ സുരക്ഷയ്ക്കുള്ള വെല്ലുവിളിയാണിതെന്നും പൊലീസ് ചീഫിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടും കൊണ്ട് ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഈ ആഴ്ച ആദ്യവും ഇസ്രഈലിനെ അനുകൂലിച്ചു കൊണ്ട് ഇദ്ദേഹം രംഗത്തു വന്നിരുന്നു.

‘ഇസ്രഈലിനെ അംഗീകരിക്കാത്തതില്‍ അര്‍ത്ഥമില്ല, അറിവ് കൊണ്ടും, സമൃദ്ധി കൊണ്ടും വികസിത ലോകത്തിലെ രാജ്യങ്ങളുമായി ബന്ധങ്ങള്‍ കൊണ്ടും നിര്‍മിക്കപ്പെട്ട രാജ്യമാണ് ഇസ്രഈല്‍. അന്തരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഇസ്രഈലിനെ അംഗീകരിക്കാതിരിക്കാന്‍ നിങ്ങള്‍ ആരാണ്? ദുബായ് പൊലീസ് ചീഫ് ട്വീറ്റില്‍ ചോദിച്ചു.

ഒപ്പം ഇസ്രഈലി ശത്രു എന്നതിന് പകരം ഇസ്രഈല്‍ മിത്രം എന്നു വിളിക്കാനും ഇദ്ദേഹം ആവശ്യപ്പെടുന്നു.

നിലവില്‍ ഈജിപ്തിനും ജോര്‍ദ്ദാനുമൊഴികെ മറ്റു അറബ് രാജ്യങ്ങള്‍ക്ക് ഇസ്രഈലുമായി നയതന്ത്ര ബന്ധമില്ല. എന്നാല്‍ സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി ശത്രുതയിലുള്ള ഇറാന്‍ ഇസ്രഈലിന്റെയും പൊതു ശത്രുവായതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് ഇസ്രഈലുമായി രഹസ്യമായി ചില ബന്ധങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more