കൊച്ചി: യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനയായ ദുബൈ കെ.എം.സി.സി ഹൈക്കോടതിയില്‍. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ അനുമതി നല്‍കണമെന്നും തിരികെയെത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യാനും ചികിത്സ നല്‍കാനും നടപടിവേണമെന്നുമാണ് ഹരജിയിലെ ആവശ്യം.
മറ്റ് വിദേശരാജ്യങ്ങള്‍ കുടുങ്ങിക്കിടക്കുന്ന അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുന്നത് ഇന്ത്യ മാതൃകയാക്കണം. വിദേശകാര്യമന്ത്രിക്കും ഇന്ത്യന്‍ സ്ഥാനപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ലെന്നും ഹരജിയില്‍ ദുബായ് കെ.എം.സി.സി ആരോപിക്കുന്നു.
ജോലിയും ഭക്ഷണവുമില്ലാതെ ലേബര്‍ ക്യാമ്പുകളിലടക്കം കുടുങ്ങിക്കിടക്കുന്നവരെ അടിയന്തരമായി നാട്ടില്‍ എത്തിക്കാന്‍ കോടതി ഇടപെടണമെന്നുമാണ് ഹരജിയിലെ ആവശ്യം. സ്വന്തം പൗരന്മാരെ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതയ്ക്കും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായും ഹര്‍ജിയില്‍ കെ.എം.സി.സി വാദിക്കുന്നു.
കുവൈത്തും യു.എ.ഇയും ഇന്ത്യയിലേക്ക് വിമാനസര്‍വീസ് നടത്താന്‍ തയ്യാറായിട്ടും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇന്ത്യന്‍ സമൂഹത്തിനിടയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്.
കുവൈത്തില്‍ ഇന്ത്യക്കാരായ രോഗികളുടെ എണ്ണം മൂന്നൂറ് കടന്നു. ബഹറിനില്‍ മലയാളികളേറെ ജോലിചെയ്യുന്ന അല്‍ ഹിദ്ദ് മേഖലയിലെ 41 തൊഴിലാളികളിലാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്.