ദുബായ്: എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ദുബായ് എമിറേറ്റ് എയര്‍ലൈന്‍സ് നിര്‍ത്തിവെച്ചു. യാത്രാ നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ലിസ്റ്റിലേക്കാണ് പുതിയ എട്ട് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ വിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നാണ് എമിറാറ്റി അധികൃതര്‍ അറിയിച്ചത്. ഡിസംബര്‍ 28 മുതല്‍ നിരോധനം നിലവില്‍ വന്നു.
ദുബായ് അടക്കമുള്ള യു.എ.ഇ എമിറേറ്റുകളില്‍ കൊവിഡ് പടരുകയും വിവിധ ലോകരാജ്യങ്ങളില്‍ ഒമിക്രോണ്‍ പടരുകയും ചെയ്യുന്നതിനാലാണ് പുതിയ നിയന്ത്രണം.
അംഗോള, കെനിയ, ഗിനിയ, ടാന്‍സാനിയ, യുഗാണ്ട, ഘാന, എത്യോപ്യ, സാംബിയ, സിംബാബ്‌വെ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
”നിയന്ത്രണം ബാധകമായിട്ടുള്ള യാത്രക്കാര്‍ എമിറേറ്റിനെ ഉടന്‍ റീബുക്കിങ്ങിന് വേണ്ടി ബന്ധപ്പെടേണ്ടതില്ല. നിലവിലെ ടിക്കറ്റുകള്‍ സൂക്ഷിച്ചുവെക്കുക. സര്‍വീസുകള്‍ പുനരാരംഭിക്കുന്ന സമയം നിങ്ങളുടെ ട്രാവല്‍ ഏജന്റുമായോ ബുക്കിങ് ഓഫീസുമായോ ബന്ധപ്പെട്ട് ടിക്കറ്റുകള്‍ പുതുക്കുക,” ദുബായ് എയര്‍ലൈന്‍സ് അറിയിച്ചു.