| Friday, 31st July 2020, 1:27 pm

ഒറ്റ പ്രസവത്തില്‍ നാലു കുട്ടികള്‍; ആശുപത്രി ചെലവ് താങ്ങാനാവാതെ കുടുങ്ങിയ നൈജീരിയന്‍ കുടുംബത്തിന് സഹായവുമായി ദുബായ് രാജകുമാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായിലെ ആശുപത്രിയിലെ ഭീമമായ ചികിത്സ ചെലവ് കാരണം പ്രതിസന്ധിയിലായ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും സഹായഹസ്തവുമായി ദുബായ് രാജകുമാരന്‍ ഷെയ്ഖ് ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും.

ഒറ്റ പ്രസവത്തില്‍ നാലു കുട്ടികള്‍ ജനിച്ച നൈജീരിയന്‍ സ്ത്രീ സുലിയത് അബ്ദുള്‍ കരീമിനും കുടുംബത്തിനും ആണ് സഹായം. ഇവരുടെ മുഴുവന്‍ ആശുപത്രി ചെലവും രാജകുമാരന്‍ നല്‍കുമെന്നറിയിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പ്രസവത്തിനായി നാട്ടിലേക്കു പോകാനിരുന്ന ഈ കുടുംബം കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ദുബായില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇതിനിടയില്‍ രണ്ടു മാസം നേരത്തെ പ്രസവം നടക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കുഞ്ഞുങ്ങളെ എമര്‍ജന്‍സി വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാലു കുട്ടികളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നത് ഇവരുടെ ചികിത്സാ ചെലവ് കൂട്ടിയിരുന്നു. 400,000 ദര്‍ഹമാണ് ഇവര്‍ക്ക് ആശുപത്രിയില്‍ നിന്നും ബില്‍ വന്നത്. ഇത് നല്‍കാനാവാതെ വിഷമിക്കുകയായുരുന്നു ദമ്പതികള്‍. ഇതിനിടെ ദുബായിലെ മറ്റ് സന്നദ്ധ സംഘടനകളും മറ്റും ഇവര്‍ക്കായി 42,000 ദര്‍ഹം സമാഹരിച്ചിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ലത്തിഫ ആശുപത്രിയില്‍ ആണ് രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും സുലിയത് ജന്‍മം നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more