ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബൈലാറ്ററല്‍ സീരീസുകള്‍ക്ക് വേദിയാവാന്‍ ഒരുക്കമാണെന്ന് ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ (ഡി.സി.സി). ഡി.സി.സി ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ ഫലാഖ്‌നാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഫലാഖ്‌നാസ് ഇത് പറയുന്നത്.
തങ്ങള്‍ പി.എസ്.എല്ലിനും ഐ.പി.എല്ലിനും ഐ.സി.സി ടി-20 ലോകകപ്പിനും വേദിയൊരുക്കിയതാണെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സീരീസും ഇവിടെ വെച്ച് നടത്താമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ഫലാഖ് വ്യക്തമാക്കി.
‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ ഇവിടെ വെച്ച് നടത്തുന്നതാണ് നല്ലത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയും പാകിസ്ഥാനും ഷാര്‍ജയില്‍ വെച്ച് ഏറ്റുമുട്ടുമ്പോള്‍ ഒരു യുദ്ധത്തിന്റെ പ്രതീതിയായിരുന്നു ഉണ്ടാക്കിയിരുന്നത്.
എന്നാല്‍ അതൊരു നല്ല യുദ്ധമായിരുന്നു. തോല്‍ക്കാന്‍ മനസില്ലാത്ത കായിക താരങ്ങള്‍ തമ്മിലുള്ള യുദ്ധം. അത് എക്കാലത്തേയും മികച്ചതുമായിരുന്നു,’ ഫലാഖ്‌നാസ് പറയുന്നു.
ഒരിക്കല്‍ ബോളിവുഡ് താരമായ രാജ്കുമാര്‍ ഇവിടെ വന്നപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ ഷാര്‍ജയില്‍ വെച്ച് നടത്തുന്നതിനെ കുറിച്ചും ക്രിക്കറ്റ് എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടതായും ഫലാഖ്‌നാസ് കൂട്ടിച്ചേര്‍ത്തു.
ഇതിനായി ഇന്ത്യന്‍ ടീമിനേയും ബി.സി.സി.ഐയും വര്‍ഷത്തില്‍ ഒരിക്കലോ രണ്ട് തവണയോ ഷാര്‍ജയിലെത്തി പാകിസ്ഥാനുമായി കളിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിച്ച് ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള സീരീസുകളോ പരമ്പരയോ കളിക്കാറില്ല. ഐ.സി.സി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ മാത്രമാണ് ഇരുടീമുകളും മുഖാമുഖം ഏറ്റുമുട്ടുന്നത്.