വിദേശികള്‍ക്ക് യു.എ.ഇ പൗരത്വം നല്‍കാമെന്നു തെറ്റിദ്ധരിപ്പിച്ച് 7 ലക്ഷത്തോളം രൂപ തട്ടിയ ഇമിഗ്രേഷന്‍ സേവന കേന്ദ്രം അധികൃതര്‍ പൂട്ടിച്ചു. പൗരത്വം അനുവദിക്കാന്‍ അധികൃതര്‍ ചുമതലപ്പെടുത്തിയ സ്ഥാപനമെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്.
ദുബായ് ഇക്കോണമി വിഭാഗത്തിലെ കൊമേഴ്ഷ്യല്‍ കംപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തിന്റേതാണു നടപടി. വ്യാജ വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.
10 കോടി ദിര്‍ഹത്തില്‍ കൂടുതല്‍ ആസ്തിയുള്ളവര്‍ക്കേ പൗരത്വം ലഭിക്കൂ എന്ന് അറിയിച്ച സ്ഥാപനം, സേവനങ്ങള്‍ക്കെന്ന പേരിലാണു ലക്ഷങ്ങള്‍ കൈപ്പറ്റിയത്. ആസ്തിയുള്‍പ്പെടെയുള്ള വിവരങ്ങളും പൗരത്വ യോഗ്യതയും വിലയിരുത്തി അധികൃതരെ അറിയിക്കാമെന്നായിരുന്നു ഇവര്‍ അറിയിച്ചിരുന്നത്.
ജനുവരിയിലാണ് പൗരത്വ നിയമത്തില്‍ യു.എ.ഇ മാറ്റം വരുത്തിയത്. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യു.എ.ഇ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഈ ഉത്തരവിന്റെ മറവിലായിരുന്നു തട്ടിപ്പ്.
പുതിയ പൗരത്വ നിയമത്തിലൂടെ രാജ്യത്തിന്റെ സാമൂഹിക സ്ഥിരത ഉറപ്പാക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. മൊത്തത്തിലുള്ള ദേശീയ വികസനത്തിന് ഊന്നല്‍ നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായാണ് യു.എ.ഇ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. യു.എ.ഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍-നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
പൗരത്വം ലഭിക്കുന്നതിന് പ്രത്യേക നിബന്ധനകളും ബാധകമാണ്. നേരത്തെയുള്ള പൗരത്വം നിലനിര്‍ത്തികൊണ്ട് തന്നെ യു.എ.ഇ പൗരത്വം സ്വീകരിക്കാമെന്നതാണ് നിയമത്തിലെ സുപ്രധാന വ്യവസ്ഥ. നേരത്തെ ഇരട്ട പൗരത്വം യു.എ.ഇ അംഗീകരിച്ചിരുന്നില്ല.
സ്വന്തമായി യു.എ.ഇ.യില്‍ വസ്തുവകകള്‍ നിക്ഷേപകര്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. മെഡിക്കല്‍ ഡോക്ടര്‍മാരും വിദഗ്ധരായ പ്രൊഫഷണലുകളും യു.എ.ഇക്ക് ആവശ്യമായ പ്രത്യേക മേഖലകളില്‍ പ്രാവീണ്യമുള്ളവരായിരിക്കണം.
ഇതിനുപുറമേ ഇവര്‍ തങ്ങളുടെ മേഖലയില്‍ ശാസ്ത്രീയ മൂല്യമുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സംഭാവന നല്‍കിയവരുമാകണം. ഗവേഷണ മേഖലയില്‍ പ്രവൃത്തിപരിചയമുള്ള ശാസ്ത്രജ്ഞര്‍ക്ക് മാത്രമേ പൗരത്വം അനുവദിക്കുകയുള്ളൂ.