ദുബായ്: കഴിഞ്ഞ ചെറിയ പെരുന്നാളിന് ദുബായിലുണ്ടായ മലയാളികളടക്കം 17 പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചു. ഒമാനി പൗരനായ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം (ഏകദേശം 37 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബ്ലഡ് മണി നല്‍കണമെന്നും ശിക്ഷ അനുഭവിച്ച ശേഷം ഡ്രൈവറെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി വിധിയിലുണ്ട്.
അപകടം നടന്ന് ഒരു മാസം പിന്നിടുന്നതിനിടെയാണ് കേസില്‍ കോടതിയുടെ വിധി വരുന്നത്.
റോഡില്‍ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ച അടയാള ബോര്‍ഡാണ് അപകട കാരണമെന്ന് ഡ്രൈവറുടെ അഭിഭാഷകന്‍ അല്‍ തമീമി കോടതിയോട് പറഞ്ഞിരുന്നു.
അടയാള ബോര്‍ഡുകള്‍ വെക്കുന്നതിനുള്ള ജി.സി.സി നിയമങ്ങള്‍ അധികൃതര്‍ തെറ്റിച്ചതായി ഡ്രൈവറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. റോഡിലെ വേഗപരിധി 60 കിലോമീറ്ററാണെങ്കില്‍ ബോര്‍ഡ് 60 മീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കണമെന്നാണ് ജി.സി.സി ചട്ടമെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അപകടം നടന്ന സ്ഥലത്ത് ഈ ദൂരം 12 മീറ്റര്‍ മാത്രമായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു.
നിയമം തെറ്റിച്ച് കൊണ്ട് ബോര്‍ഡ് വെച്ചതില്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ കൊണ്ട് സംഭവം അന്വേഷിക്കണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
ബസ് 94 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേസമയം ഉയര നിയന്ത്രണം സംബന്ധിച്ച് 342 മീറ്റര്‍ അകലെ തന്നെ ആദ്യ ബോര്‍ഡ് സ്ഥാപിച്ചിരുന്നുവെന്നും ഇതിന് പുറമെ തൂണിനടുത്ത് മറ്റൊരു ബോര്‍ഡ് കൂടി ഉണ്ടായിരുന്നുവെന്നും ദുബായ് ആര്‍.ടി.എ കോടതിയെ അറിയിച്ചു.
ജൂലൈ 25ന് മുമ്പ് അപ്പീല്‍ പോകാനുള്ള സമയം കോടതി അനുവദിച്ചിട്ടുണ്ട്.
ഒമാനില്‍ നിന്ന് വരികയായിരുന്ന ബസ് ജൂണ്‍ ആറിനാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. 30യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ മരിച്ച 17 പേരില്‍ എട്ടു മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. 15 പേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്.