ഇസ്രഈൽ നടത്തിയത് വംശഹത്യയെന്ന് തുറന്ന് പറയാൻ എനിക്ക് ഭയമില്ല: പോപ്പ് ഗായിക ദുവ ലിപ
World News
ഇസ്രഈൽ നടത്തിയത് വംശഹത്യയെന്ന് തുറന്ന് പറയാൻ എനിക്ക് ഭയമില്ല: പോപ്പ് ഗായിക ദുവ ലിപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2024, 11:22 am

ലണ്ടൺ: ഇസ്രഈൽ ഗസയിൽ നടത്തിയ വംശഹത്യയെ വിമർശിച്ചത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വരുന്ന സൈബർ ആക്രമണങ്ങളെ നേരിടാൻ തയാറാണെന്ന് പോപ്പ് ഗായിക ദുവ ലിപ. റേഡിയോ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ദുവയുടെ പരാമർശം.

അടുത്തിടെ ഗസയിലെ സൈനിക നടപടികളെ ‘ഇസ്രാഈൽ വംശഹത്യ’ എന്ന് പറഞ്ഞ് ദുവ വിമർശിച്ചിരുന്നു. സാമൂഹ്യമാധ്യമത്തിലൂടെയാണ് ദുവ തന്റെ നിലപാടറിയിച്ചത്. ഇതേ തുടർന്ന് നിരവധി വിമർശനങ്ങൾ 28കാരിയായ ദുവക്ക് നേരിടേണ്ടി വന്നിരുന്നു.

എന്നാൽ സൈബർ ആക്രമണങ്ങളെ താൻ ഭയപ്പെടുന്നില്ലെന്നും, തന്റെ പ്രസ്താവനയിൽ തന്നെ ഉറച്ചുനിൽക്കുന്നെന്നും ദുവ റേഡിയോ ടൈംസിനോട് പറഞ്ഞു. ഗ്രാമി അവാർഡ് ജേതാവ് കൂടിയായ ദുവ കഴിഞ്ഞ മാസം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഓൾ ഐസ് ഓൺ റഫ എന്ന ഹാഷ്ടാഗിനൊപ്പം ഒരു പോസ്റ്റ് ഇട്ടിരുന്നു.

ഗസ നഗരത്തിൽ ഇസ്രഈൽ ബോംബിട്ടത്തിന് പിന്നാലെ വന്ന ഈ പോസ്റ്റ് വളരെ വേഗത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. പോസ്റ്റിനോടൊപ്പം ദുവ എഴുതിയ കുറിപ്പായിരുന്നു കൂടുതൽ ശ്രദ്ധ നേടിയത്.

‘കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകൊള്ളുന്നത് ഒരിക്കലും ന്യായീകരിയ്ക്കാൻ സാധിക്കില്ല. ഈ ലോകം മുഴുവൻ തന്നെയും ഇസ്രഈലിന്റെ വംശഹത്യക്കെതിരെ അണിനിരക്കുന്നുണ്ട്. ദയവായി നിങ്ങൾ ഗസയിലെ കുഞ്ഞുങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കൂ,’ ദുവ കുറിച്ചു.

താൻ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തീർച്ചയായും രണ്ട് തവണ ആലോചിക്കാറുണ്ടെന്നും പറയേണ്ടത് അനിവാര്യമാണെന്ന് തോന്നുന്ന വിഷയങ്ങളെക്കുറിച്ച് തീർച്ചയായും സംസാരിക്കുമെന്ന് ദുവ ആവർത്തിച്ചു.

‘പ്രതിഷേധക്കാർ എന്റെ പിന്നാലെ വരുമെന്ന് എനിക്കറിയാം. പക്ഷെ ഞാനത് കാര്യമാക്കുന്നില്ല. രാഷ്ട്രീയത്തെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ രണ്ട് തവണ തീർച്ചയായും ചിന്തിക്കും. വിഷയത്തിന്റെ വ്യാപ്തി നോക്കി തന്നെയാണ് ഞാൻ സംസാരിക്കാറുള്ളത്. ഈ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് തോന്നുന്ന പക്ഷം ഞാൻ അതിനെക്കുറിച്ച് സംസാരിക്കുക തന്നെ ചെയ്‌യും,’ ദുവ പറഞ്ഞു.

അടുത്തിടെ ഇസ്രഈൽ അനുകൂലികൾ പുറത്തിറക്കിയ റാപ് ഗാനത്തിൽ ദുവയെ വിമർശിച്ചിരുന്നു. ഫലസ്തീനെ അനുകൂലിക്കുന്നവരെ വിമർശിക്കാനും ഫലസ്തീനിലെ കൂട്ടക്കുരുതിയെ അനുകൂലിക്കാനും ആഹ്വാനം ചെയ്യുന്ന റാപ് ഗാനമായിരുന്നു അത്.

 

 

 

 

 

Content Highlight: Dua Lipa reacts about her cyber attack on her post which supports Palatine