| Thursday, 12th September 2019, 8:11 am

അപമാനകരം; ഹാനി ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീമാ കൊറേഗാവ് കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ ഹാനി ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍കൂര്‍ അനുമതി നല്‍കാതെ റെയ്ഡ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഇത് അപമാനിക്കലാണെന്നും 600 പേര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.

‘എല്‍ഗാര്‍ പരിഷദ്-ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ഹാനി ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് അപലപനീയമാണ്. അനിയന്ത്രിതമായ റെയ്ഡുകളെ എതിര്‍ക്കാനും യു.എ.പി.എ പോലുള്ള അപകടകരമായ നിയമങ്ങളുടെ ദുരുപയോഗം തടയാനും എതിര്‍ക്കാനും നിയമ സ്ഥാപനങ്ങളില്‍ അധികാരമുണ്ട്.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു അധ്യാപകരുടെ സംഘടനയും ഇന്നലെ സംഭവത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഹാനിബാബുവിനെ അപമാനിക്കണമെന്ന താല്‍പ്പര്യത്തോടെയാണ് റെയ്ഡ് നടത്തിയതെന്ന് അധ്യാപകരും ആരോപിച്ചു.

സെപ്തംബര്‍ 10 നാണ് ഹാനി ബാബുവിന്റെ നോയ്ഡയിലെ വസതിയില്‍ റെയ്ഡ് നടത്തിയത്. ഭീമാ കൊറെഗാവ് കേസില്‍ ഭര്‍ത്താവ് ഹാനി ബാബുവിനു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പൂനെ പോലിസ് സെര്‍ച്ച് വാറണ്ടൊന്നുമില്ലാതെ വീട്ടില്‍ കയറി പരിശോധന നടത്തിയതെന്ന് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയും ഹാനി ബാബുവിന്റെ ഭാര്യയുമായ ജെനി റൊവീന പറഞ്ഞിരുന്നു.

2017 ഡിസംബര്‍ 31ന് പൂനെയ്ക്ക് സമീപം ഭീമ കൊറഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വരാവര റാവു തുടങ്ങിയവരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2018 ജനുവരി ദളിതര്‍ക്കെതിരെ മറാത്ത വിഭാഗക്കാരുടെ അക്രമവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇവരടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണമായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ത്തിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more