| Tuesday, 31st December 2024, 10:17 am

ദൽഹി യൂണിവേഴ്സിറ്റിയിൽ ഗീത അധിഷ്ഠിത കോഴ്സ് കൊണ്ടുവരാനുള്ള നീക്കം; പ്രതിഷേധവുമായി അക്കാദമിക് കൗൺസിൽ അംഗങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഹിന്ദു മതഗ്രന്ഥമായ ഭഗവദ് ഗീതയെ കേന്ദ്രീകരിച്ച് നാല് മൂല്യവർധിത കോഴ്‌സുകൾ കൊണ്ടുവരാനുള്ള ദൽഹി യൂണിവേഴ്സിറ്റിയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി സർവകലാശാലയുടെ അക്കാദമിക് കൗൺസിലിലെ അംഗങ്ങൾ.

ഗീത ഫോർ ഹോളിസ്റ്റിക് ലൈഫ്, ഗീത ഫോർ സസ്‌റ്റെയ്‌നബിൾ വേൾഡ്, ഗീത: നാവിഗേറ്റിങ് ലൈഫ് ചലഞ്ചുകൾ, ‘ലീഡർഷിപ്പ് എക്‌സലൻസ് ത്രൂ ഗീത, എന്നീ കോഴ്‌സുകൾ ആണ് ദൽഹി യൂണിവേഴ്സിറ്റി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇവ വേദോപദേശങ്ങളെക്കുറിച്ച് പര്യവേഷണം ചെയ്യാനുള്ളവയാണ്.

കോഴ്‌സുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളാനും അവർക്ക് ഗീതയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരം നൽകാനുമാണെന്ന് മൂല്യവർദ്ധന സമിതി അവകാശപ്പെട്ടു. എന്നാൽ ഒന്നിലധികം കോഴ്‌സുകൾ ഒരൊറ്റ മതഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള തീരുമാനം സർവ്വകലാശാലയുടെ ബഹുസ്വര മൂല്യങ്ങളെ തകർക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

സെക്യുലർ ആദർശങ്ങളിൽ സ്ഥാപിതമായ ഒരു സ്ഥാപനത്തിൽ മതഗ്രന്ഥത്തിന് മുൻഗണന നൽകാനുള്ള നിർദേശം മുന്നോട്ട് കൊണ്ടുവരുന്നതിനെ അക്കാദമിക് കൗൺസിൽ അംഗം ഡോ മോനാമി സിൻഹ വിമർശിച്ചു. ‘ ഭഗവദ് ഗീത പോലുള്ള മതഗ്രന്ഥങ്ങൾ വിമർശനാത്മക വിശകലനത്തിനോ പുരാണത്തിനോ വേണ്ടി പഠിക്കാം, എന്നാൽ അവ മതപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപകരണമായി വർത്തിക്കരുത്,’ അവർ പറഞ്ഞു.

‘ഈ വി.എ.സികളിൽ ഭൂരിഭാഗത്തിനും പ്രസക്തിയില്ല, മാത്രമല്ല തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ വലിയ പ്രാധാന്യം ഉള്ള കോഴ്സുകളല്ല ഇത്. അവർ കോർ ഓണേഴ്സ് കോഴ്സുകളുടെ പ്രാധാന്യം ഇല്ലാതാക്കുകയാണ് ഇതിലൂടെ അവയെ പൂർണ്ണമായും അപ്രസക്തമാക്കുകയാണിവിടെ,’ ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസറും യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗൺസിൽ (ഇ.സി) അംഗവുമായ സീമ ദാസ്, വി.എ.സികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020ൻ്റെ ഭാഗമായി അവതരിപ്പിച്ച നാല് വർഷത്തെ ബിരുദ പ്രോഗ്രാമിന് കീഴിൽ, വ്യത്യസ്ത വിഷയങ്ങൾ വാഗ്ദാനം ചെയ്യുന്ന കോഴ്‌സുകളാണ് വി.എ.സികൾ.

നിലവിൽ, ആയുർവേദവും പോഷകാഹാരവും , യോഗ , വേദ ഗണിതം , നൈതികതയും സംസ്‌കാരവും, ഫിറ്റ് ഇന്ത്യ , ഗാന്ധിയും വിദ്യാഭ്യാസവും , തദ്ദേശീയ കായിക വിനോദങ്ങൾ , സ്വച്ഛ് ഭാരത് , ഇന്ത്യയിലെ ഗോത്രങ്ങൾ , ശാസ്ത്രവും സമൂഹവും തുടങ്ങിയ കോഴ്‌സുകൾ ഉൾപ്പെടെ 33 വി.എ.സി കോഴ്സുകൾ ദൽഹി യൂണിവേഴ്സിറ്റിയിൽ ഉണ്ട്.

Content Highlight: DU’s Gita-based course proposal sparks outcry from academic council members

We use cookies to give you the best possible experience. Learn more