| Thursday, 25th October 2018, 1:01 pm

കാഞ്ച ഐലയ്യയുടെ 'ഹിന്ദുത്വ'യെ കുറിച്ചുള്ള പുസ്തകങ്ങള്‍ നിരോധിക്കണമെന്ന് ദല്‍ഹി യൂണിവേഴ്സിറ്റി; 'ദളിത്' പദം ഒഴിവാക്കാനും നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാഞ്ച ഐലയ്യയുടെ “ഹിന്ദുത്വ”യെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് നിരോധിക്കാനും അക്കാദമിക രംഗത്ത് നിന്ന് “ദളിത്” പദം ഒഴിവാക്കാനും നിര്‍ദേശം നല്‍കി ദല്‍ഹി സര്‍വകലാശാല സ്റ്റാന്‍ഡിങ് കമ്മിറ്റി. ഹിന്ദുമതത്തെ അവഹേളിക്കുന്നതാണെന്നാരോപിച്ചാണ് പുസ്തകങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം. സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ പുസ്തകങ്ങള്‍ നിരോധിക്കും.

എം.എ പൊളിറ്റിക്കല്‍ സയന്‍സ് സിലബസിന്റെ ഭാഗമായിരുന്ന Why I am not a Hindu, Buffalo Nationalsim, Post-Hindu India പുസ്തകങ്ങളാണിത്. കാഞ്ച ഐലയ്യയുടെ ഹിന്ദുത്വത്തെ കുറിച്ചുള്ള ധാരണകള്‍ മാത്രമാണ് പുസ്തകങ്ങളെന്നും വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികള്‍ക്കിത് വായിക്കാന്‍ നല്‍കുന്നത് ഉചിതമല്ലെന്നുമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

Dalit Bahujan Political Thougth എന്ന പേപ്പറിലെ “ദളിത്” എന്ന വാക്കാണ് കമ്മിറ്റി എതിര്‍ക്കുന്ന മറ്റൊരു കാര്യം. “ദളിത്” പദം വിവിധ സ്ഥലങ്ങളില്‍ നിരോധിച്ചിട്ടുണ്ടെന്നും പകരം “Scheduled Caste” എന്നുപയോഗിക്കണമെന്നുമാണ് നിര്‍ദേശം.

ദല്‍ഹി സര്‍വകലാശലയുടെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് കാഞ്ച ഐലയ്യ രംഗത്തെത്തിയിട്ടുണ്ട്. അക്കാദമിക രംഗത്ത് വ്യത്യസ്ത ആശയങ്ങള്‍ ഇല്ലാതാക്കാനുള്ള വലതുപക്ഷ ശക്തികളുടെ ശ്രമമാണിതെന്നും തന്റെ പുസ്തകങ്ങള്‍ ദശകങ്ങളായി ദല്‍ഹി സര്‍വകലാശാലയുടെ ഭാഗമാണെന്നും കാഞ്ച ഐലയ്യ പറഞ്ഞു. കാംബ്രിഡ്ജടക്കമുള്ള വിദേശ സര്‍വകലാശലകളിലും തന്റെ പുസ്തകങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും കാഞ്ച ഐലയ്യ പറഞ്ഞു.

We use cookies to give you the best possible experience. Learn more