ന്യൂദല്‍ഹി: ചൂട് കുറയ്ക്കുന്നതിനായി ക്ലാസ് മുറിക്കുള്ളില്‍ ചാണകം തേച്ച് ദല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള ലക്ഷ്മിഭായ് കോളേജിലെ പ്രിന്‍സിപ്പല്‍.
വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ പരമ്പരാഗതമായി ചെയ്തിരുന്ന രീതിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അധ്യാപികയുടെ നീക്കം. പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സലയാണ് ക്ലാസ് മുറിയില്‍ ചാണകം തേച്ചത്.
കോളേജ് കെട്ടിടത്തിലെ ബ്ലോക്ക് സി-യിലുള്ള ക്ലാസ് മുറിയിലാണ് പ്രിന്‍സിപ്പല്‍ ചാണകം തേച്ചത്. പ്രിന്‍സിപ്പല്‍ ചുവരില്‍ ചാണകം തേക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോളേജ് അധ്യാപകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുടനീളം പ്രചരിക്കുകയായിരുന്നു. മറ്റു അധ്യാപകരുടെ സഹായത്തോടെ പ്രിന്‍സിപ്പല്‍ വടി ഉപയോഗിച്ച് ചുവരില്‍ ചാണകം തേക്കുന്നതായി ഈ ദൃശ്യങ്ങളില്‍ കാണാം.
ഇതോടെ പ്രിന്‍സിപ്പലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉണ്ടായി. രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ പരമ്പരാഗതമായി തറയിലും ചുവരിലും ചാണകം തേക്കാറുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ചാണകം ബാക്ടീരയകളെ ഇല്ലാതാക്കുമെന്നും ചില ആഫ്രിക്കന്‍ നാടുകളില്‍ സമാനമായ രീതികളുണ്ടെന്നും മറ്റ് ചിലര്‍ പ്രതികരിച്ചു.
കേന്ദ്ര ഗതാഗത മന്ത്രി പശുവിന്റെ ചാണകത്തില്‍ നിന്ന് നിര്‍മിച്ച പെയ്ന്റിന്റെ ഗുണമേന്മയും ഇതിനിടെ ചിലര്‍ ചൂണ്ടിക്കാട്ടി. അതേസമയം പ്രിന്‍സിപ്പലിന്റെ നടപടിയെയും അധ്യാപകരുടെ നീക്കത്തെ അനുകൂലിക്കുന്നവരെയും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ലക്ഷ്മിഭായ് കോളേജിലെ ബ്ലോക്ക് സി-യില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസുകളില്‍ ശരിയായ രീതിയില്‍ ഫാനുകളും വെന്റിലേഷനും കൂളിങ് സംവിധാനങ്ങളും ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പറയുന്നു.
എന്നാല്‍ ഫാക്കല്‍റ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലാസ് മുറിയില്‍ ചാണകം തേച്ചതെന്ന് പ്രിന്‍സിപ്പലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഒരു ഫാക്കല്‍റ്റി അംഗം നടത്തുന്ന ഗവേഷണത്തിന്റെ ഭാഗമായാണ് ചാണകം പൂശിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരാഴ്ചയ്ക്ക് ശേഷമേ റിസര്‍ച്ചിന്റെ റിസള്‍ട്ട് പറയാന്‍ സാധിക്കുകയുള്ളൂവെന്നും പ്രകൃതിദത്തമായ വസ്തുക്കളില്‍ തൊടുന്നതുകൊണ്ട് ഒരു പ്രശ്നവുമില്ലെന്നും പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
നിലവില്‍ വിദ്യാര്‍ത്ഥി സംഘടനായ എന്‍.എസ്.യു ഉള്‍പ്പെടെ പ്രിന്‍സിപ്പലിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. 1965ലാണ് ലക്ഷ്മിഭായ് കോളേജ് സ്ഥാപിതമായത്. പ്രധാനമായും കോളേജില്‍ അഞ്ച് ബ്ലോക്കുകളാണ് ഉള്ളത്. ഇതില്‍ ബ്ലോക്ക് സി-യിലാണ് വിവാദത്തിന് കാരണമായ സംഭവമുണ്ടായത്.
Content Highlight: DU principal smears cow dung on classroom walls, calls it ‘research’