ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എ.ബി.വി.പിയുടെ ശ്രമം. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ ആക്രമിച്ച എ.ബി.വി.പിക്കാര്‍ അവരുടെ നാമനിര്‍ദേശപത്രിക കീറിയെറിയുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്ന്. രണ്ടുതവണ ഇന്നു പത്രിക സമര്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരു സംഘടനാ പ്രവര്‍ത്തകരെയും എ.ബി.വി.പിക്കാര്‍ ആക്രമിക്കുകയായിരുന്നു. നോര്‍ത്ത് കാമ്പസിലെ ആര്‍ട്ട് ഫാക്കല്‍റ്റി ഗേറ്റിനു മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
എസ്.എഫ്.ഐ ദല്‍ഹി സംസ്ഥാന പ്രസിഡന്റ് വികാസ് ബന്ദൗരിയ, കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥിയും എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥിയുമായ പരമാനന്ദ് ശര്‍മ തുടങ്ങിയവര്‍ക്കാണു ക്രൂരമര്‍ദ്ദനമേറ്റത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണു പരമാനന്ദ് മത്സരിക്കാനിരുന്നത്.
ഉച്ചയ്ക്കു രണ്ടരയോടെയാണ് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. എന്നാല്‍ ഇവരെ ആക്രമിച്ച എ.ബി.വി.പിക്കാര്‍ പത്രിക കീറിക്കളഞ്ഞു.
2.55-നു വീണ്ടുമെത്തിയ പ്രവര്‍ത്തകര്‍ക്കും ആക്രമണം നേരിട്ടു. അപ്പോഴും പത്രിക കീറിക്കളയുകയാണു ചെയ്തത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.
ക്രൂരമായ ആക്രമണങ്ങളിലൂടെയും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളിലൂടെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എ.ബി.വി.പിയുടെ നീക്കം അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും അതില്‍ പറയുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞയാഴ്ച പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ആയുധങ്ങളുമായി കാറിലെത്തിയ എ.ബി.വി.പിക്കാര്‍ എസ്.എഫ്.ഐ നേതാക്കളെ മര്‍ദ്ദിച്ചിരുന്നു. ദല്‍ഹി വൈസ് പ്രസിഡന്റ് സുമിത് കട്ടാരിയ, ഹിമാന്‍ഷു, നോയല്‍ എന്നിവര്‍ക്കു വിജയ് നഗറില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ഇടതു വിദ്യാര്‍ഥി സംഘടനകള്‍ തലസ്ഥാനത്തു നടത്തിയ ‘ദല്‍ഹി ചലോ മാര്‍ച്ചി’ന്റെ പ്രചാരണത്തിനിടയിലും എ.ബി.വി.പി അക്രമം അഴിച്ചുവിട്ടിരുന്നു.