ഇന്ത്യ വിഭജനത്തിന് കാരണം നെഹ്‌റു; വിഭജനഭീതി ദിനം ആചരിക്കാൻ ആഹ്വാനവുമായി കേന്ദ്രം
NATIONALNEWS
ഇന്ത്യ വിഭജനത്തിന് കാരണം നെഹ്‌റു; വിഭജനഭീതി ദിനം ആചരിക്കാൻ ആഹ്വാനവുമായി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2024, 8:27 am

ന്യൂദൽഹി: കേന്ദ്രം സംഘടിപ്പിക്കുന്ന വിഭജനഭീതി അനുസ്മരണ ദിനത്തിൽ പങ്കെടുക്കാൻ യൂണിവേഴ്സിറ്റി അധ്യാപകരെ നിർബന്ധിച്ച് ദൽഹി യൂണിവേഴ്സിറ്റി. അതോടൊപ്പം കേന്ദ്രീയ വിദ്യാലയങ്ങളും യൂണിവേഴ്സിറ്റികളിലും ഇന്ത്യ വിഭജന ദിനം ആചരിക്കാൻ ആഹ്വാനവും കേന്ദ്രവിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് 1947ലെ ഇന്ത്യ വിഭജനത്തിന് കാരണക്കാരാണെന്നും ഓഗസ്റ്റ് 14 ന് ഇന്ത്യ വിഭജന ദിനമായി ആചരിക്കണമെന്നുമാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 14 ന് നടക്കുന്ന വിഭജന അനുസ്മരണ ദിനത്തിൽ പങ്കെടുക്കാൻ സാംസ്കാരിക മന്ത്രാലയം ദൽഹി സർവകലാശാലയെ ക്ഷണിച്ചിരുന്നു.തുടർന്ന് പരിപാടിയിലേക്ക് 20 അധ്യാപകരെ വീതം അയക്കാൻ സർവകലാശാല തങ്ങളുടെ കീഴിലുള്ള കോളേജുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏതാനും ഡിപ്പാർട്ട്മെന്റ് അധ്യാപകരുടെ പങ്കാളിത്തം നിർബന്ധമാക്കിയിട്ടുമുണ്ട്. എന്നാൽ ഈ നീക്കത്തെ ചോദ്യം ചോദ്യം ചെയ്ത് അധ്യാപകർ രംഗത്തെത്തി.

വിഭജനത്തിൻ്റെ ഭീകരതകൾ ഓർമ്മിപ്പിക്കുക , അത്തരം ഭയാനകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാർത്ഥികളിലും ജനങ്ങളിലും അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യങ്ങൾ എന്നാണ് കേന്ദ്രത്തിന്റെ ഭാഷ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിൽ അധ്യക്ഷനാകും.

 

അതോടൊപ്പം 1256 കേന്ദ്രീയ വിദ്യാലയങ്ങളിലും ബുധനാഴ്ച വിഭജനഭീതി അനുസ്മരണദിനമായി ആചരിക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

നാടക പ്രദർശനം നടത്തിയും മറ്റ് പരിപാടികൾ നടത്തിയും വിഭജനത്തിന്റെ വേദന കുട്ടികളിൽ എത്തിക്കണം എന്നാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. അതിനായി ‘വിഭജനം; ദുരന്തം’ എന്ന പേരിലുള്ള നാടക തിരക്കഥയുടെ പകർപ്പ് കേന്ദ്രീയ വിദ്യാലയത്തിന്റെ തലപ്പത്ത് നിന്ന് വിദ്യാലയങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിനെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഈ നാടകത്തിൽ ഉള്ളതായി റിപ്പോർട്ട് ഉണ്ട്.

കോൺഗ്രസ് നേതാവ് നെഹ്‌റുവിന്റെയും മുസ്‌ലിം ലീഗ് നേതാവായ മുഹമ്മദലി ജിന്നയുടെയും അധികാരത്തിലേറാനുള്ള തർക്കമാണ് വിഭജനത്തിലേക്ക് നയിച്ചതെന്നാണ് നാടകത്തിൽ പരാമർശിക്കുന്നത്.

രാജ്യവിഭജനത്തെക്കുറിച്ചുള്ള സംഘപരിവാർ ആശയങ്ങൾ നാടകങ്ങളിലൂടെയും പ്രത്യേക ദിനാചരണങ്ങളിലൂടെയും വിദ്യാർത്ഥികളിൽ എത്തിക്കാനുള്ള ശ്രമം രാജ്യവ്യാപകമായി നടക്കുന്നു എന്ന വിമർശനം ഇതോടെ അതി രൂക്ഷമായിരിക്കുകയാണ്.

ഇന്ത്യയും ബംഗ്ലദേശും പാക്കിസ്ഥാനും വീണ്ടും ഏകീകരിക്കണം എന്ന സന്ദേശവും നാടകത്തിൽ ഉണ്ട്. കൂടാതെ നാടകം പൊതു പരിപാടികളിലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കാനും കേന്ദ്രത്തിന്റെ ആഹ്വാനമുണ്ട്.

വിഭജനത്തിലേക്ക് നയിച്ച ശക്തികളെ മറക്കത്തിനിക്കാനാണ് ഇത്തരം ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. കഴിഞ്ഞ വർഷം 300 കേന്ദ്രീയ വിദ്യാലയങ്ങളിലെങ്കിലും വിഭജന ദിനാചരണം നടത്തിയിരുന്നു.

 

വിഭജന ദിനം ആചരിക്കാൻ ആഹ്വനം നൽകിയ കേന്ദീയ വിദ്യാലയ സംഘാതൻ സ്വാതന്ത്ര്യ ദിനാഘോഷത്തിനായി പ്രത്യേക പരിപാടികൾ ഒന്നും തന്നെ നിർദേശിച്ചിട്ടില്ല. ലളിതമായ രീതിയിൽ പതാക ഉയർത്തി മധുരം നൽകിയാൽ മതിയെന്നാണ് നിർദേശം.

 

Content Highlight: DU colleges ask teachers to attend Centre’s event on Partition