| Tuesday, 31st January 2017, 10:12 am

ബ്രാ, പാന്റി എന്നീ വാക്കുകള്‍ 'അറപ്പുളവാക്കുന്നത് ': നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികളെ നാടകമത്സരത്തില്‍ നിന്ന് അയോഗ്യരാക്കി വിധികര്‍ത്താക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാഹിത്യകലാ അക്കാദമിയുടെ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കമല നെഹ്‌റു കോളേജ് തിയേറ്റര്‍ സൊസൈറ്റി(ലക്ഷ്യ) അവതരിപ്പിച്ച നാടകത്തിന് അയോഗ്യത കല്‍പ്പിച്ച്  വിധികര്‍ത്താക്കള്‍.

സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ചു എന്നകാരണത്താലാണ് വിദ്യാര്‍ത്ഥികളെ മത്സരത്തില്‍ നിന്നും അയോഗ്യരാക്കിയത്. എന്നാല്‍ അയോഗ്യരാക്കിയതിന്റെ കാരണം വിധികര്‍ത്താക്കള്‍ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

“ഷാഹിറാ കേ നാം” എന്ന നാടകത്തില്‍ ബ്രാ, പാന്റി എന്നീ വാക്കുകള്‍ സംഭാഷണത്തില്‍ കടന്നുവന്നതാണ് വിധികര്‍ത്താക്കളെ ചൊടിപ്പിച്ചത്.

ഞെട്ടിപ്പിക്കുന്നതും അറപ്പുളവാക്കുന്നതുമായ വാക്കുകളാണ് തങ്ങള്‍ നാടകത്തില്‍ ഉപയോഗിച്ചതെന്നും അതാണ് അയോഗ്യതയ്ക്ക് കാരണമെന്നുമാണ് സംഘാടകരില്‍ ചിലര്‍ പറഞ്ഞതെന്ന് നാടകത്തിലെ അഭിനേതാക്കള്‍ പറയുന്നു.


ഒരു ഹോസ്റ്റല്‍ മുറിയില്‍ താമസിക്കുന്ന ആറ് പെണ്‍കുട്ടികളുടെ കഥയാണ് നാടകത്തില്‍ പറയുന്നത്. ഒരുമിച്ച് കഴിയുമ്പോള്‍ തന്നെ ഓരോരുത്തരുടേയും അടിവസ്ത്രം മറ്റുള്ളവരുമായി മാറിപ്പോകാതിരിക്കാന്‍ എന്തെങ്കിലും അടയാളം ഇടേണ്ടതുണ്ടെന്ന് ഇവര്‍ പറയുന്നു.  “അവള്‍ എന്റെ ബ്രാ ഊരി ബാല്‍ക്കണിയില്‍ തൂക്കിയിട്ടു. എന്നിട്ട് അതില്‍ ഒരു ചെറുകവിത എഴുതി” ഇതായിരുന്നു നാടകത്തിലെ ഒരു സംഭാഷണം. എന്നാല്‍  ബ്രാ പാന്റീ എന്നീ വാക്കുകള്‍ നാടകത്തില്‍ ഉപയോഗിച്ചത് വലിയ തെറ്റാണെന്ന നിലാപാടിലാണ് ഫെസ്റ്റിവലിലെ സംഘാടകരും വിധികര്‍ത്താക്കളും.

തങ്ങള്‍ നാടകത്തിലുപയോഗിച്ച ചില വാക്കുകള്‍ വിധികര്‍ത്താക്കള്‍ക്ക് ഇഷ്ടപ്പെട്ടുകാണില്ലെന്ന് ലക്ഷ്യയുടെ പ്രസിന്റ് രാധിക ധവാന്‍ പറയുന്നു. ഇത്തരമൊരു ഫെസ്റ്റിവലില്‍ നാടകം അവതരിപ്പിക്കുമ്പോള്‍ സംഭാഷണത്തില്‍ കുറച്ചുകൂടി ശ്രദ്ധപുലര്‍ത്തേണ്ടിയിരുന്നു എന്നാണ് പരിപാടിയുടെ അവതാരകന്‍ ഞങ്ങളോട് പറഞ്ഞത്.

പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജുകളില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് വലിയ കാര്യമായിരിക്കില്ല. എന്നാല്‍ എല്ലായിടത്തും അങ്ങനെയല്ലെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അടിവസ്ത്രം എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ എന്താണ് ഇത്ര വലിയ തെറ്റെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നും രാധിക ധവാന്‍ പറയുന്നു.

അതേസമയം ഇത്തരം ആരോപണങ്ങളെല്ലാം പരിപാടിയുടെ കോഡിനേറ്ററായ നേഹ ശര്‍മ നിഷേധിച്ചു. കമല നെഹ്‌റു കോളേജ് തിയേറ്റര്‍ സൊസൈറ്റിയെ തങ്ങള്‍ മത്സരത്തില്‍ നിന്നും അയോഗ്യരാക്കിയതല്ലെന്നും അസഭ്യവാക്കുകളും അശ്ലീലപരാമര്‍ശവും നാടകത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവരുടെ നാടകത്തിന് മാര്‍ക്ക് കുറഞ്ഞതുകൊണ്ടാണ് മത്സരത്തില്‍ നിന്നും പുറത്തായതെന്നുമാണ് ഇവര്‍ പറയുന്നത്. ബ്രാ പാന്റി എന്നീ രണ്ട് വാക്കുകള്‍ മാത്രമല്ല വേറെയും സഭ്യമല്ലാത്ത വാക്കുകള്‍ കമല നെഹ്‌റു കോളേജ് നാടത്തില്‍ ഉപയോഗിച്ചെന്നും ഇവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more