| Saturday, 17th November 2018, 12:26 pm

വ്യാജ സര്‍ട്ടിഫിക്കറ്റ്: എ.ബി.വി.പി നേതാവിനെ ദല്‍ഹി യൂണിവേഴ്‌സിറ്റി പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് അഡ്മിഷന്‍ നേടിയതെന്ന കണ്ടെത്തലിന് പിന്നാലെ എ.ബി.വി.പി നേതാവും ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനുമായ അങ്കിവ് ബൈസോയയുടെ ബുദ്ധിസ്റ്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അഡ്മിഷന്‍ റദ്ദാക്കി.

അങ്കിവ് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരുവള്ളൂര്‍ സര്‍വകലാശാല ഡി.യു അധികൃതരെ അറിയിച്ചതിന് പിന്നാലെയാണ് നടപടി. തിരുവള്ളൂര്‍ സര്‍വകലാശാലയില്‍ നിന്നും ലഭിച്ച അറിയിപ്പ് ബുദ്ധിസ്റ്റ് സ്റ്റഡീസ് തലവന്‍ കെ.ടി.എസ് സാറാവു രജിസ്ട്രാറുടെ ഓഫീസിനെ അറിയിച്ചിരുന്നു.

സെപ്റ്റംബറില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായി തെരഞ്ഞെടുക്കപ്പെട്ട അങ്കിവിന് വ്യാഴാഴ്ച എ.ബി.വി.പി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാനം രാജി വെക്കണ്ടി വന്നിരുന്നു.

അങ്കിവ് ബൈസോയ രാജിവെച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഡി.യു.എസ്.യു സെക്രട്ടറിയും എന്‍.എസ്.യു.ഐ നേതാവുമായ ആകാശ് ചൗധരി വെള്ളിയാഴ്ച വി.സിക്ക് മെമ്മോറണ്ടം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more