ഒരു ഇടതു പക്ഷ സംഘടനാ ശരീരം അതിന്റെ വേരുകളിൽ ചീയൽ പടരുന്നത്, അതിന്റെ ശിഖരങ്ങളിൽ ചിതലുപിടിക്കുന്നത്, അതിന്റെ ഇലകളിൽ അഹങ്കാരത്തിന്റെ രോഗം ബാധിക്കുന്നത്, അതിന്റെ ദൃഢ ശരീരത്തിൽ ഇത്തിൾക്കണ്ണികൾ വേരാഴ്ത്തി പടർന്നു കയറുന്നത് അറിയാതെ പോവുകയാണെങ്കിൽ അധികം താമസിയാതെ അത് പൊളിഞ്ഞ് വീഴും. പൊളിഞ്ഞ് തീരും.
സ്വന്തം ശരീരത്തിലേക്ക്, സ്വന്തം സംഘടനയ്ക്കുള്ളിലേക്ക് സ്വയം വിമർശനപരമായി നോക്കാൻ കഴിയാത്ത ഒരു വൻ മരത്തിനും വേരുകളിൽ ശക്തിയുണ്ടായിരുന്ന ചരിത്രത്തിന്റെ മാത്രം ബലത്തിൽ നിലനിൽക്കാനാവില്ല. അതിന് വേരുബലം യഥാർത്ഥമായിരിക്കണം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒരു എസ്.എഫ്.ഐക്കാരൻ മറ്റൊരു എസ്.എഫ്.ഐക്കാരന്റെ , സഹപാഠിയുടെ നെഞ്ചിൽ അധികാരം കയ്യിലുള്ളതിന്റെ പേരിൽ കത്തി കുത്തിയിറക്കിയിട്ടുണ്ടെങ്കിൽ ആ സംഘടന അടിമുടി പുതുക്കിപ്പണിയേണ്ട സമയം കഴിഞ്ഞു.
എസ്.എഫ്.ഐ മാത്രമുള്ള ഒരു കോളേജ് ക്യാമ്പസിലെ ഭൂരിഭാഗം വിദ്യാർത്ഥികളും സ്വന്തം സംഘടനയുടെ നേതൃത്വത്തിന്റെ ഗുണ്ടായിസത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ചു കൊണ്ട് തെരുവിലിറങ്ങിയ സംഭവം കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യത്തേതാണ്. എസ്.എഫ്.ഐ യുടെ യൂണിറ്റ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച ആ എസ്.എഫ്.ഐ പെൺകുട്ടികളും എസ്.എഫ്.ഐ. ആൺകുട്ടികളും പറയുകയാണ്. ഈ ക്യാമ്പസിൽ സ്വാതന്ത്ര്യമില്ല, ജനാധിപത്യമില്ല, സോഷ്യലിസവുമില്ല എന്ന്. ഇവ മൂന്നും കൊടികളിലേ ഉള്ളൂ എന്ന്.
അക്രമത്തെത്തുടർന്ന് എസ്.എഫ്.ഐ, സംഘടനയുടെ യൂണിവേഴ്സിറ്റി കാമ്പസ് യൂണിറ്റ് പിരിച്ച് വിട്ടു. അക്രമികളായ വിദ്യാർത്ഥികളെ സംഘടനയിൽ നിന്ന് സസ്പെൻറ് ചെയ്തു. അക്രമം കാണിച്ചവരെ കോളേജിൽ നിന്നും സസ്പെൻറ് ചെയ്തു. ശരിയായ നടപടികളാണ്. എസ്.എഫ്.ഐ ദേശീയ പ്രസിഡൻറ് വി.പി. സാനു, കേരള ജനതയോട് മാപ്പ് ചോദിച്ചു. ലജ്ജിച്ച് തല താഴ്ത്തുന്നുവെന്ന് പറഞ്ഞു.
ഇസ് ലാമിസ്റ്റുകൾ നെഞ്ചിൽ കത്തികയറ്റി അതിക്രൂരമായി കൊന്നു കളഞ്ഞ മഹാരാജാസ് കോളേജ് വിദ്യാർത്ഥി “അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, അവൻ എഴുതി വെച്ച മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐ.ക്കാർ ” എന്നും അല്ലാത്തവർ ഒറ്റുകാർ മാത്രമാണ് എന്നും വി.പി.സാനു ഫേസ് ബുക്കിൽ എഴുതി.
കൂടെപ്പഠിച്ചവന്റെ നെഞ്ചിലേക്ക്, സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിലേക്ക് ഒരു വേദനയുമില്ലാതെ, ഒരു കുറ്റബോധവുമില്ലാതെ കത്തികയറ്റിയവരും അതിന് കൂട്ടുനിന്നവരും പ്രസ്ഥാനത്തിന്റെ ഒറ്റുകാരാണ് എന്ന് നിങ്ങൾ തിരിച്ചറിയുമെങ്കിൽ അത് വലിയ കാര്യമാണ്. യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തെ കുട്ടികളുടെ നിഷ്കളങ്കമായ അടിപിടിയായി വ്യാഖ്യാനിച്ച് ലഘൂകരിച്ച് ന്യായീകരിക്കാൻ ശ്രമിക്കുന്നവരേയും നിങ്ങൾ ഒറ്റുകാരായിത്തന്നെ തിരിച്ചറിയണം. ഇടതുപക്ഷത്തെ വിമർശിക്കുന്നവർ മുഴുവൻ എതിർ പക്ഷത്താണ് എന്ന ജനാധിപത്യ വിരുദ്ധ വ്യാഖ്യാനങ്ങളേയും നിങ്ങൾ ഒറ്റായി തിരിച്ചറിയണം.
അഖിലിന്റെ നെഞ്ചിൽ കത്തിയിറങ്ങിയ വേദന കാണുന്നവർ അഭിമന്യുവിന്റെ അമ്മയുടെ നാൻ പെറ്റ മകനേ എന്ന ചങ്ക് കീറുന്ന നിലവിളി ഓർത്തു പോയിട്ടുണ്ടെങ്കിൽ അതിലെ മാനവികതയെ നിങ്ങൾ തിരിച്ചറിയണം. എസ്.എഫ്.ഐ യുടെ അക്രമങ്ങളെ വിമർശിക്കുന്നവർ മുഴുവൻ സംഘപരിവാറിനേയും ഇസ്ലാമിസ്റ്റുകളേയും അനുകൂലിക്കുന്നവരാണ് എന്ന അന്ധമായ അതിവായനകളെയും നിങ്ങൾ തിരിച്ചറിയണം. നിങ്ങൾ എഴുതിയതു പോലെ ” കടിച്ചുകീറാൻ തക്കം പാർത്തിരിക്കുന്നവരുടെയിടയിലേക്ക് ഈ പ്രസ്ഥാനത്തെയും, ശുഭ്രപതാകയെയും, മുദ്രാവാക്യങ്ങളെയും, രക്തസാക്ഷിത്വങ്ങളെയും ഇട്ടുകൊടുത്ത ഒറ്റുകാർ ” നിങ്ങൾക്കിടയിൽത്തന്നെ പല രൂപത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് നിങ്ങൾ തിരിച്ചറിയണം.
ആക്രമിക്കപ്പെട്ടവരുടെ നീതിയ്ക്കൊപ്പം നിൽക്കാൻ മടിക്കുന്നവരാണ് ഒറ്റുകാർ. ഏത് കാലത്തിരുന്നാണ് ഒരു ഇടതുപക്ഷ സംഘടന ആത്മഹത്യാപരമായ ഇത്തരം അക്രമങ്ങളിലേക്ക് ബോധപൂർവ്വം വീണുപോകുന്നത് എന്ന വസ്തുത ഭയപ്പെടുത്തുന്നതാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ക്യാമ്പസുകളിൽ തളർന്നു പോയ വിടവുകളിലേക്ക് മത സംഘടനകൾ ആയുധങ്ങളുമായി കയറി വരുന്ന കാലം. ക്യാമ്പസുകളിലേക്ക് മാത്രമല്ല. രാഷ്ട്രീയ ദാർഢ്യങ്ങൾ ദുർബലമാവുന്ന എല്ലാ കൂട്ടായ്മകളിലേക്കും ദണ്ഡുകളും ആയുധങ്ങളുമായി കടന്നു കയറുന്നുണ്ട് ഫാസിസ്റ്റ് സംഘടനകൾ, മതസംഘടനകൾ.
ജനാധിപത്യം ബഹുസ്വരതയുടെ നിലനിൽപ്പാണ് എന്ന് സെമിനാറുകളിൽ പ്രബന്ധമവതരിപ്പിച്ചിട്ട് കാര്യമില്ല. സ്വന്തം സംഘടനയിലുള്ളവരുടെ വിയോജിപ്പിനെയെങ്കിലും സഹിഷ്ണുതയോടെ കാണാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം നേടണം. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയ്ക്കു മാത്രമല്ല വിദ്യാർത്ഥികളുടേതല്ലാത്ത മുതിർന്ന ഇടതു സംഘടനകളും ഈ വിദ്യാഭ്യാസം നേടണം.
എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവിന്റെ വാക്കുകളെ ഒന്നുകൂടി ക്വാട്ട് ചെയ്യുകയാണ്. ” തളർച്ചയല്ല. തിരുത്തലാണ് വേണ്ടത്. സ്വയം നവീകരിച്ച് മുന്നേറണം. കാലത്തോടും ചരിത്രത്തോടും പ്രായശ്ചിത്തം ചെയ്യണം. രക്തസാക്ഷിത്വങ്ങളോട് നീതി പുലർത്തണം. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവും ഇനിയുമുറക്കെ മുഴങ്ങണം. ”
ഒരു സംഘടനാ ശരീരത്തിലാകെ, അധികാരത്തിന്റേയും താൻപോരിമയുടേയും ധാർഷ്ട്യത്തിന്റേയും ഭാഷയാണ് ഉള്ളത് എങ്കിൽ ആ ഭാഷ തിരുത്തുകയാണ് വേണ്ടത്. പ്രത്യയശാസ്ത്രം എത്ര ജനാധിപത്യപരവും മാനവികവുമാണെങ്കിലും അത് പറയുന്നത് അധികാരത്തിന്റെ ഭാഷയിലാണെങ്കിൽ യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചതു പോലെ അത് അതിനുള്ളിൽ നിന്നു തന്നെ പൊട്ടിത്തെറിക്കും പൊളിഞ്ഞു പോവും.