ക്രിക്കറ്റിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റര്‍ ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ പേരാണ് രാജസ്ഥാന് റോയല്‍സ് താരം പറഞ്ഞത്. ജതിന് സപ്രുവിന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ജുറെല്‍.
‘ലോകത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റര്‍ വിരാട് കോഹ്ലിയാണ്. അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കളിക്കളത്തില്‍ എന്റെ ബാറ്റിങ് പങ്കാളിയാവാന്‍ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു,’ ധ്രുവ് ജുറെല്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്കിയ താരമാണ് വിരാട്. ഇതിനോടകം തന്നെ വിരാട് 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റണ്‍സാണ് നേടിയത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി.
ഏകദിനത്തില്‍ 295 മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്.
അതേസമയം ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ജുറെല്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്. തന്റെ അരങ്ങേറ്റ പരമ്പരയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്താനും ജുറെലിനു കഴിഞ്ഞു.
മൂന്ന് ടെസ്റ്റില്‍ നിന്നും 190 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്. 63.33 എന്ന മികച്ച ശരാശയിലായിരുന്നു ജുറെല്‍ ബാറ്റ് വീശിയത്. ടി-20 ലോകകപ്പിന് ശേഷം നടന്ന സിംബാബ്വേക്കെതിരെയുള്ള ടി-20 പരമ്പരയിലായിരുന്നു താരം കുട്ടിക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമേ ജുറെലിന് കളത്തില്‍ ഇറങ്ങാന്‍ സാധിച്ചുള്ളൂ.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഇത് കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കാണ്.
Content Highlight: Druv Jurel Talks About Virat Kohli