ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി-യും ഇന്ത്യ എ-യും തമ്മിലുള്ള മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബി താരം ധ്രുവ് ജുറെലിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. ആദ്യം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി തിളങ്ങിയ മുഷീര്‍ ഖാനെയാണ് ജുറെല്‍ ക്യാച്ചിലൂടെ പുറത്താക്കിയത്.
ദീപ് എറിഞ്ഞ മത്സരത്തിന്റെ അഞ്ചാം ഓവറിലെ അവസാന പന്തില്‍ മുഷീര്‍ ബാക്കിലൂടെ ഫോര്‍ നേടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഒരു തകര്‍പ്പന്‍ ഡൈവിങ്ങിലൂടെ തന്റെ ഒറ്റ കൈ കൊണ്ട് താരം പന്ത് കൈപ്പിടിയിലാക്കുകയായിരുന്നു.
ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ജുറെല്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്. തന്റെ അരങ്ങേറ്റ പരമ്പരയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്താനും ജുറെലിനു കഴിഞ്ഞു. മൂന്ന് ടെസ്റ്റില്‍ നിന്നും 190 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്. 63.33 എന്ന മികച്ച ശരാശരിയിലായിരുന്നു ജുറെല്‍ ബാറ്റ് വീശിയത്.
ഇന്ത്യ എയുടെ ബാറ്റിങ്ങില്‍ റിഷബ് പന്ത് 47 പന്തില്‍ 61 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുമാണ് താരം നേടിയത്. 36 പന്തില്‍ 46 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനും നിര്‍ണായകമായി. ഏഴ് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി 321 റണ്‍സിനാണ് പുറത്തായത്. ഇന്ത്യ ബിക്ക് വേണ്ടി സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് യുവതാരം മുഷീര്‍ ഖാന്‍ നടത്തിയത്. 373 പന്തില്‍ 181 റണ്‍സ് നേടിക്കൊണ്ടാണ് താരം തിളങ്ങിയത്. 16 ഫോറുകളും അഞ്ച് സിക്സുമാണ് താരം നേടിയത്. മുഷീറിന് പുറമെ നവ്ദീപ് സൈനി 56 റണ്‍സും യശസ്വി ജെയ്‌സ്വാള്‍ 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ഇന്ത്യ എയുടെ ബൗളിങ്ങില്‍ ആകാശ് ദീപ് നാല് വിക്കറ്റും ആവേശ് ഖാന്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 231 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യ എക്ക് വേണ്ടി കെ.എല്‍ രാഹുല്‍ 37 റണ്‍സും മായങ്ക് അഗാര്‍വാള്‍ 36 റണ്‍സും തനുഷ് കൊട്ടിയാന്‍ 32 റണ്‍സും റിയാന്‍ പരാഗ് 30 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
ഇന്ത്യ ബിക്കായി മുകേഷ് കുമാര്‍, നവ്ദീപ് സൈനി എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും സായ് കിഷോര്‍ രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Druv Jurel Great Catch in Duleep Trophy