ചാലക്കുടി: മദ്യലഹരിയില്‍ ആഡംബര കാര്‍ തിരക്കുള്ള റോഡിലൂടെ പായിച്ച് അപകടമുണ്ടാക്കിയ ആള്‍ അറസ്റ്റില്‍. ചാലക്കുടി എസ്.എച്ച് കോളേജിന് സമീപം താമസിക്കുന്ന കല്ലേലി ജോസ് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം.
മെയിന്‍ റോഡില്‍ ആനമല ജങ്ഷന്‍ മുതല്‍ നോര്‍ത്ത് ജങ്ഷനില്‍ ഐനിക്കല്‍ തിയേറ്ററിനടുത്ത് വരെയായിരുന്നു ജോസ് കാര്‍ വേഗത്തില്‍ ഓടിച്ചത്. കാറില്‍ ജോസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പൊലീസ് പറയുന്നു. ഇയാള്‍ ഇരുപതോളം അപകടമുണ്ടാക്കിയതായി പൊലീസ് പറഞ്ഞു.
ചാലക്കുടി കലിക്കല്‍ ചുണ്ടങ്ങപറമ്പില്‍ സതീശന്‍, പല്ലിശ്ശേരി ലോനയുടെ മകന്‍ ലിജോ, ഭാര്യ അനു, മകന്‍ അലന്‍, മുളന്തുരുത്തി വനിയാത്തുപറമ്പില്‍ സുബ്രഹ്മണ്യന്റെ മകന്‍ സേതു, കെ.എസ്.ആര്‍.ടി.സി. റോഡില്‍ പരുത്തിപറമ്പില്‍ മുരുകേശന്‍, കൂടപ്പുഴ പൂങ്കൊടിപ്പാടം കോരങ്ങത്ത് വിശ്വംഭരന്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേട്ടത്. വിശ്വംഭരനെ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനു, സതീശന്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്.
ആദ്യം ബൈക്ക് യാത്രികരായ ലിജോ, ഭാര്യ അനു, മകന്‍ അലന്‍ എന്നിവരെ ഇടിച്ചുതെറിപ്പിച്ചു. തുടര്‍ന്ന് സതീശന്റെ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ മൂന്നുതവണ മലക്കം മറിഞ്ഞാണ് റോഡില്‍ വീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപ്പോളോ ടയേഴ്സില്‍ ഓഫീസറായ സേതു ബൈക്കില്‍ വരുമ്പോഴാണ് ഇടിച്ചുതെറിപ്പിച്ചത്. കാല്‍നട യാത്രക്കാരനായിരുന്നു അപകത്തില്‍പ്പെട്ട മുരുകേശന്‍. ടൗണില്‍നിന്ന് വീട്ടിലേക്ക് നടന്നുവരികയായിരുന്നു. ഐനിക്കല്‍ തിയേറ്ററിനടുത്തു വെച്ചാണ് ഇയാളെ ഇടിച്ചു തെറിപ്പിച്ചത്.
നാട്ടുകാര്‍ തടഞ്ഞതോടെയാണ് ജോസ് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയത്. ഇയാളുടെ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. പൊലീസെത്തി ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ടൗണിന് പുറത്തുള്ള ഒരു ക്ലബ്ബില്‍ ഇരുന്ന് മദ്യപിച്ചശേഷം ജോസ് കാറോടിച്ച് ടൗണിലേക്ക് വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 12 വാഹന ഉടമകള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇരുപതോളം വണ്ടികള്‍ക്ക് കേടുപാടുണ്ടായതായി പൊലീസ് പറഞ്ഞു.
ഫോട്ടോ കടപ്പാട്: മനോരമ ന്യൂസ്