|

മദ്യത്തിന് ടച്ചിംഗ്‌സായി 'ചുട്ട' വെള്ളിക്കെട്ടന്‍; രണ്ട് യുവാക്കള്‍ ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ച രണ്ടു യുവാക്കള്‍ ആശുപത്രിയില്‍. കോര്‍ബ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡെ എന്നിവര്‍ വെള്ളിക്കെട്ടന്‍ വിഭാഗത്തില്‍പ്പെടുന്ന പാമ്പിന്റെ തലഭാഗവും വാലുമാണ് കഴിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ ഇരുവരെയും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാല്‍ഭാഗവുമാണ് ഭക്ഷിച്ചത്. ഇതിനുശേഷമാണ് ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതില്‍ രാജുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗന്‍ പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. കുടുംബാംഗങ്ങളിലാരാള്‍ പാമ്പിനെ പിടികൂടി തീയിലേക്ക് എറിഞ്ഞു.

തുടര്‍ന്ന് പാതി കത്തിയ പാമ്പിനെ റോഡിലേക്ക് എറിയുകയും ചെയ്തു. അല്‍പസമയത്തിന് ശേഷം ഇതുവഴി വന്ന മദ്യലഹരിയിലായിരുന്ന ഗുഡ്ഡു ആനന്ദും രാജു ജാങ്ഡെയും പാമ്പിനെ ഭക്ഷിക്കുകയായിരുന്നു.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഛത്തീസ്ഗഡിലെ തന്നെ റായിഗഡില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീട്ടിനുള്ളില്‍ പാമ്പിനെ കണ്ട ഉടന്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് പാമ്പിനെ തല്ലികൊല്ലാന്‍ ശ്രമിച്ചു. മരിച്ചെന്നു കരുതി പാമ്പിനെ വീട്ടിലെ ഇളയ കുട്ടി എടുക്കുകയും പാമ്പ് കടിക്കുകയുമായിരുന്നു.

ഇതില്‍ പ്രകോപിതനായ യുവാവ് പാമ്പിന്റെ തല വെട്ടിമാറ്റുകയും അത് തിന്നുകയും ചെയ്തു. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Drunk Duo Eat Venomous Snake Indian Krait in Korba, Hospitalised