ന്യൂദല്‍ഹി: നിതി ആയോഗ് യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഇറങ്ങി പോയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പത്ത് വര്‍ഷം മുമ്പ് നിതി ആയോഗ് സ്ഥാപിതമായത് മുതല്‍ പ്രധാനമന്ത്രിയുടെ ഡ്രംബീറ്ററായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
‘പത്ത് വര്‍ഷം മുമ്പ് സ്ഥാപിതമായത് മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേര്‍ന്നാണ് നിതി ആയോഗ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ നോണ്‍ ബയോളജിക്കല്‍ പ്രധാനമന്ത്രിയുടെ ഡ്രംബീറ്ററായി നിതി ആയോഗ് പ്രവര്‍ത്തിക്കുന്നു. അതിന്റെ പ്രവര്‍ത്തനം വ്യക്തമായും പക്ഷപാതപരമായിരുന്നു,’ ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
യോഗത്തില്‍ ഉയര്‍ന്ന് വരുന്ന വിയോജിപ്പുകളെല്ലാം മൂടി വെക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും യോഗങ്ങളെല്ലാം വെറും പ്രഹസനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനുള്ള തെളിവാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്ക് ഇന്നത്തെ യോഗത്തില്‍ നേരിടേണ്ടി വന്നതെന്നും ജയറാം രമേശ് പറഞ്ഞു. മമതയ്ക്ക് നേരിടേണ്ടി വന്നത് അസ്വീകാര്യമായ നടപടിയാണ്. യോഗത്തില്‍ സംസാരിക്കാന്‍ ഏഴ് മിനിറ്റ് പോലും അവര്‍ക്ക് സമയം നല്‍കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ യോഗത്തില്‍ സംസാരിക്കാന്‍ വേണ്ടത്ര സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് മമത ബാനര്‍ജി യോഗം ബഹിഷ്‌കരിച്ചിരുന്നു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് താന്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തതെന്നും അതിനാല്‍ 30 മിനിറ്റ് സമയമെങ്കിലും തനിക്ക് അനുവദിക്കണമായിരുന്നെന്നും മമത പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ആളുകള്‍ക്ക് 20 മിനിറ്റ് സമയം നല്‍കിയെന്നും മമത കൂട്ടിച്ചേര്‍ത്തു. ബംഗാളിനെ അപമാനിക്കാന്‍ താന്‍ അവരെ അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള പ്രതിപക്ഷങ്ങള്‍ക്കൊപ്പം താന്‍ ശക്തമായി നിലകൊള്ളുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കേന്ദ്ര ബജറ്റില്‍ പ്രതിപക്ഷം ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് പരിഗണന ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിട്ടില്ല.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. 2024 ലെ കേന്ദ്ര ബജറ്റിൽ തങ്ങളുടെ സംസ്ഥാനങ്ങളോട് പക്ഷപാതം കാണിച്ചുവെന്നാരോപിച്ചാണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഇവർ പ്രഖ്യാപിച്ചത്.
Content Highlight: ‘Drum beater of non-biological PM’: Cong on NITI Aayog after Mamata’s walkout from think tank’s meeting